കൊച്ചി: ഇടത്തരക്കാരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപ്പെട്ടിരുന്ന ജനകീയനായ ജസ്റ്റിസായിരുന്നു ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോനെന്ന് മന്ത്രി കെ.ബാബു. ജസ്റ്റിസ് കെ.പി .രാധാകൃഷ്ണ മേനോന് പുരസ്ക്കാര ദാനചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാനുഷിക പ്രശ്നങ്ങള്‍ക്കു പരിഗണന നല്കിയ ജസ്റ്റിസ് രാധാകൃഷ്ണമേനോന് ഓംബുഡ്സ്മാന് ആയിരുന്ന സമയം നീതി നിഷേധിക്കപ്പെടുന്നവര്‍ക്കു വേണ്ടിയാണു പ്രവര്‍ത്തിച്ചത്. സാമൂഹിക പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപ്പെടുകയും പ്രതികരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റേതു ഉറച്ച നിലപാടുകളായിരുന്നു.
ദുര്‍ബലരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ക്കു സ്വാര്‍ത്ഥ താല്പ്പര്യമില്ലാതെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും കെ.ബാബു അനുസ്മരിച്ചു.
മുഖം നോക്കാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനു മടിയില്ലാതിരുന്ന വ്യക്തിത്വമായിരുന്നു ജസ്റ്റിസ് കെ.പി .രാധാകൃഷ്ണമേനോന്റേതെന്നു ഇതോടൊപ്പം നടന്ന മാനവികത സൗഹൃദസംഗമം ഉദ്ഘാടനം ചെയ്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അഭിപ്രായപ്പെട്ടു.
കേരള ഹിന്ദി ഖാദി പ്രചാരക് സമിതി ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വിവിധ പുരസ്ക്കാരങ്ങള്‍ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ വിതരണം ചെയ്തു. ആരോഗ്യസേവന പുരസ്ക്കാരം ഡോ.വി.പി.ഗംഗാധരനും ദേശീയോദ്ഗ്രഥനത്തിനുളള പുരസ്ക്കാരം ജസ്റ്റിസ് പി.കെ.ഷംസുദ്ദീനും പ്രവാസിയുവ പുരസ്ക്കാരം റവാബീ ഗ്രൂപ്പ് ചെയര്മാന് സി.കെ. മൂസക്കുട്ടിക്കും വനിത സമാജ് സേവ പുരസ്ക്കാരം മോഹിനി കമ്മത്തിനും സൈനബ മമ്മുവിനും സമ്മാനിച്ചു.
കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയില്‍ നടന്ന ചടങ്ങില്‍ കെ. .പി ധനപാലന് എംപി, ഹൈബി ഈഡന് എംഎല്‍എ, കേരള ഹിന്ദി ഖാദി പ്രചാരക് സമിതി പ്രസിഡന്റ് പി.കെ.പി.കര്‍ത്ത, ജനറല്‍ സെക്രട്ടറി കെ.എം നാസര്‍, എ.എ.ബാബുരാജ്, തിലകന് കാവനാല്‍, എച്ച്.ഇ.മുഹമ്മദ് ബാബു സേട്ട്, അമ്മാളുകുട്ടിയമ്മ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: