ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ മരിച്ചു. 16 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പൗരി ഗാര്‍വല്‍ ജില്ലയിലെ ചൗരാസ് മേഖലയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.
നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഇരുമ്പു കമ്പിയില്‍ ഉറപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് ഇളകിപ്പോയതാണ് അപകടകാരണമെന്ന് ഔദ്യോഗിക നിഗമനം. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സംഘംസ്ഥലത്തെത്തിയിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ സംഭവം അന്വേഷിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
പാലം തകര്‍ന്ന് ഇത്തരത്തില്‍ അപകടമുണ്ടാകുന്ന സംഭവം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ഇവിടെ ഉണ്ടാകാറുണ്ട്. ഗുണമേന്മ കുറഞ്ഞ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മാണമാണ് അപകടത്തിന് കാരണമെന്നാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ക്കും മുഖ്യമന്ത്രി സംഭവസ്ഥലത്തെത്തി ഉത്തരവിട്ടു. അതേസമയം, അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്ന് അറിയുവാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: