ന്യൂദല്‍ഹി: ആസാം റൈഫിള്‍സ് ഡയറക്ടര്‍ ജനറലിന്റെ നിയമനവുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രാലയവും കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി. പ്രായവിവാദവുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രാലയവുമായുള്ള കേസില്‍ സുപ്രീംകോടതിയില്‍ വി.കെ. സിംഗ് പരാജയപ്പെട്ടിരുന്നു. മിലിട്ടറി ഓപ്പറേഷന്‍സിന്റെ ഡയറക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ എ.കെ. ചൗധരിയെ ആസാം റൈഫിള്‍സിന്റെ ചീഫായി നിയമിക്കുന്നതിന് വി.കെ.സിംഗ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആസാം റൈഫിള്‍സിനെ നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. ആസാം റൈഫിള്‍സിന്റെ തലവനെ നിയമിക്കുന്നതിന് പുതിയ പാനല്‍ നല്കാന് പ്രതിരോധവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആഭ്യന്തരവകുപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല. നേരത്തെ ജനറല്‍ ചൗധരി, ജനറല്‍ ജെ.പി. നെഹ്റ തുടങ്ങിയവരുള്‍പ്പെടുന്ന ഒരു പാനല്‍ കരസേന നല്‍കിയിരുന്നു.
പ്രതിരോധ വകുപ്പിനെ മറികടന്ന് നേരിട്ട് ആഭ്യന്തരവകുപ്പിനെ സമീപിക്കുന്നത് അസാധാരണമാണെന്നും സാധാരണയായി മറ്റ് മന്ത്രാലയത്തിലേക്ക് അയക്കുന്നതിന് മുമ്പ് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വാങ്ങാറുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. 2010 ല്‍ ലഫ്.ജനറല്‍ രാമേശ്വര്‍ റോയിയെ നിയമിക്കുമ്പോള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുവാദം വാങ്ങിയിരുന്നു.
ആസാം റൈഫിള്‍സ് ഡയറക്ടര്‍ ജനറലിന്റെ ഒഴിവ് ഫെബ്രുവരി 22 ന് ശേഷം ഒഴിഞ്ഞുകിടക്കുകയാണ്. ലഫ്.ജനറല്‍ രാമേശ്വര്‍ റോയിയെത്തന്നെ തിരികെ കൊണ്ടുവരണമെന്ന് ആഭ്യന്തരമന്ത്രാലതത്തില് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
എന്നാല്‍ ലഫ്. ജനറല്‍ റോയിയെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തിന് പ്രതിരോധവകുപ്പ് അനുവാദം നല്‍കുമോ എന്ന കാര്യം സംശയമാണെന്നാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്.
റോയ്ക്കെതിരായ സാമ്പത്തിക ദുരുപയോഗം സംബന്ധിച്ച പരാതി അന്വേഷണത്തില്‍ തെളിയിക്കാനായില്ലെന്നും അതുകൊണ്ട് അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നുമാണ് കരസേന ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്. പ്രായവിവാദവുമായി ബന്ധപ്പെട്ട് ജനറല്‍ വി.കെ. സിംഗ് നടത്തിയ പ്രസ്താവന കരസേനയെയും പ്രതിരോധവകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു. പ്രതിരോധ മന്ത്രാലയം പക്ഷപാതപരമായി പെരുമാറുന്നുവെന്നും ലക്ഷ്യബോധം നഷ്ടമായി എന്നും വി.കെ.സിംഗ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: