തിരുവനന്തപുരം: ആര്.ശെല്‍വരാജിന്റെ രാജിയെ തുടര്‍ന്നു നടക്കാന്‍ പോകുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് കീറാമുട്ടിയാകുന്നു. പാര്‍ട്ടിക്കകത്ത് തര്‍ക്കം മുറുകി. ഉന്നതനേതാക്കള്‍ പോലും ചേരിതിരിഞ്ഞ് പോരിനിറങ്ങിക്കഴിഞ്ഞു. വി.എം.സുധീരന്, വയലാര്‍ രവി, കെ.മുരളീധരന് തുടങ്ങിയവരെല്ലാം വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇതിനകം പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തില്‍ അടിയന്തര കെപിസിസി യോഗം ചേരുകയാണ്. ഏപ്രില്‍ 3ന് ചേരുന്ന യോഗത്തില്‍ കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിക്കുന്നുണ്ട്. ഉച്ചതിരിഞ്ഞ് രാഷ്ട്രീയ കാര്യ സമിതിയും ചേരും.
രാജിവച്ചു വന്നയാളെ സ്ഥാനാര്‍ഥിയാക്കുന്നതിലുള്ള എതിര്‍പ്പാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. അതേസമയം ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായം ശക്തമാണ്. മുന്നണി ഘടകങ്ങളിലെ ചിലര്‍ക്ക് ഈ നിലപാടാണുള്ളത്. മന്ത്രി ശിവകുമാറിനും ഇതിനോടാണ് താത്പര്യം. സിപിഎമ്മില്‍ നിന്നും നിയമസഭയില്‍ നിന്നും രാജിവയ്ക്കുമ്പോള്‍ നല്കിയ ഉറപ്പ് പാലിക്കാനാണിത്. കാലുമാറി വരുന്നവര്‍ക്ക് അവസരം നല്കിയ ചരിത്രമുണ്ടെന്ന ന്യായം കോണ്‍ഗ്രസ് നേതൃത്വം നിരത്തുമ്പോള്‍ രണ്ടാം നിര നേതൃത്വം കലാപക്കൊടി ഉയര്‍ത്തുമെന്നുറപ്പായി. പാരമ്പര്യ കോണ്‍ഗ്രസുകാര്‍ മത്സരത്തിനുള്ളപ്പോള്‍ ഇത്തരം സ്ഥാനാര്‍ഥികള്‍ വേണോ എന്ന ചോദ്യമുയര്‍ന്നു വരുന്നു. അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്ഥിയാക്കാമെങ്കില് എന്തുകൊണ്ട് ശെല്വരാജിനായിക്കൂടാ എന്ന ചോദ്യവും ഉയരാന്‍ തുടങ്ങി.
ശെല്‍വരാജിനെ പരിഗണിക്കണമെന്ന ശക്തമായ വാദം നാടാര്‍ വിഭാഗത്തില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്. എന്നാല്‍ നേരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച തമ്പാനൂര്‍ രവി, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥി കുപ്പായമണിഞ്ഞ് രംഗത്തിറങ്ങിക്കഴിഞ്ഞു. കെ.മുരളീധരനാകട്ടെ കോണ്‍ഗ്രസുകാര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധം പിടിക്കുകയാണ്. തന്റെ ഗ്രൂപ്പ് ശക്തിപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് മുരളീധരന്റെ നീക്കം. സ്ഥാനാര്‍ഥിയെ കെപിസിസി തീരുമാനിക്കുമെന്ന് വയലാര്‍ രവി പറയുമ്പോള്‍ ധാര്‍മികവശങ്ങള്‍ കൂടി പരിഗണിച്ചേ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാവൂ എന്ന നിലപാടിലാണ് സുധീരന്. ശെല്‍വരാജിനെ ഒഴിവാക്കാനുള്ള മുരളീധരന്റെ തന്ത്രം തന്നെയാണ് സുധീരനും പ്രയോഗിക്കുന്നത്. എന്നാല്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നല്കുന്ന സൂചന ശെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നു തന്നെയാണ്.
കോണ്‍ഗ്രസ് തര്‍ക്കം മൂക്കുന്നതിനിടയില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പു പ്രവര്‍ത്തനം ശക്തിപ്പെടുത്തി. അണികളുടെ ചോര്‍ച്ച തടയാനും പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനും അവര്‍ നിര്‍ദേശം നല്കി. ബൂത്തു തലത്തിലുള്ള യോഗങ്ങളും തുടങ്ങി. എന്തു വിലകൊടുത്തും നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ കുത്തിമലര്‍ത്തിയ ശെല്‍വരാജിനെ തോല്പിക്കാനാണ് അവരുടെ ശ്രമം. ക്രൈസ്തവ സഭകളെ സ്വാധീനിക്കാനുള്ള നീക്കവും അവര്‍ നടത്തുന്നുണ്ട്. ഏതായാലും പിറവത്തെക്കാള്‍ വീറും വാശിയുമായിരിക്കും നെയ്യാറ്റിന്‍കരയില്‍ കാണേണ്ടി വരിക.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: