സിനിമാ മേഖലയിലെ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിത്വമായിരുന്നു അന്തരിച്ച നടന് ജോസ്പ്രകാശ്. “ചെമ്പരത്തി”യിലെത്തുന്നതുവരെ ചെറിയ റോളുകളില്‍ അഭിനയിച്ചിരുന്ന എന്നോട് ഏറ്റവും അടുത്ത സ്നേഹബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ബേബിച്ചനെന്ന ജോസ്പ്രകാശ്. അദ്ദേഹവുമൊത്തുള്ള നിമിഷങ്ങള്‍ ഒരിക്കലും മറക്കാവുന്നതല്ല. പ്രേതങ്ങളുടെ താഴ്വര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലമ്പൂരില്‍ നടക്കുന്നതിനിടെ ഉണ്ടായ സംഭവം ഇപ്പോഴും ഓര്‍മയില്‍ തെളിഞ്ഞു നില്ക്കുന്നു. പ്രേതങ്ങളുടെ താഴ്വരയില് ഞാന്‍ യാചകനും ബേബിച്ചന് വില്ലനുമായാണ് അഭിനയിക്കുന്നത്. പ്രായം മറന്ന് അഭിനയിക്കുന്ന ആളായിരുന്നു ബേബിച്ചന്. അന്ന് ട്രോളി നീങ്ങുമ്പോള്‍ ഞാന്‍ ബേബിച്ചനെ ഇടിക്കുന്ന സീനുണ്ട്. അതിസാഹസികമായ രംഗമായിരുന്നു അത്. ഇടിയൊന്നു പാളിയാല്‍ ശരീരത്തിലേല്ക്കും. ഇതു സൂചിപ്പിച്ച എന്നോട് ധൈര്യമായിട്ട് ഇടിച്ചോ എന്ന് ബേബിച്ചന് പറഞ്ഞു. ഞാന്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. ട്രോളിയൊന്നു പാളിയതോടെ എന്റെ ഇടി ബേബിച്ചന്റെ മൂക്കിലായി. രക്തം കിനിഞ്ഞിറങ്ങി. രക്തമൊലിക്കുമ്പോഴും പരിഭ്രാന്തനായ എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ബേബിച്ചന്. പിന്നീട് ബേബിച്ചന് വീട്ടിലെത്തിയ ശേഷം കാണാന്‍ ചെല്ലുന്നു എന്നറിയിച്ച എന്നോട് തമാശയായി പറഞ്ഞത് “ഇവിടെ എന്റെ മകന് നിന്നെ കാത്തിരിപ്പുണ്ട്. വേഗം വന്നോളൂ എന്നാണ്.”
1986ല്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു നടത്തിയ വിദേശയാത്രയും ഒരിക്കലും മറക്കാന്‍ കഴിയില്ല. സുഖമില്ലാതായ ശേഷം ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. നേരില്‍ കാണാന്‍ പറ്റിയില്ലല്ലോ എന്ന വിഷമം ബാക്കിയുണ്ട്. കാലമെത്തുമ്പോള്‍ ഈ ലോകം വിട്ടു പോകണമെന്നത് യാഥാര്‍ഥ്യമാണ്. മരണം പ്രകൃതി നിയമമാണ്. അതൊഴിവാക്കാനാകില്ലല്ലോ.
നടന് രാഘവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: