കാസര്‍കോട്: നഗരത്തെ കാവിക്കടലാക്കി ആയിരങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ ജില്ലാ റാലിയോടെ ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട്ട് തുടക്കമായി. കാസര്‍കോടിന്റെ തനത് കലാരൂപങ്ങളും വാദ്യമേളങ്ങളും റാലിക്ക് മാറ്റുകൂട്ടി.
ഇന്നലെ രാവിലെ താളിപ്പടപ്പ് മൈതാനിയില്‍ നിന്ന് ആരംഭിച്ച പ്രകടനം കറന്തക്കാട്, കെഎസ്ആര്‍ടിസി, ഹെഡ്പോസ്റ്റോഫീസ് വഴി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള സ്പീഡ്വേ ഗ്രൗണ്ടില്‍ സമാപിച്ചു. ബിഎംഎസിന്റെ കരുത്ത് വിളിച്ചറിയിച്ച റാലിയില്‍ ജില്ലയിലെ 11 മേഖലകളില്‍ നിന്നുള്ള തൊഴിലാളികള്‍ അണിനിരന്നു. തൃക്കരിപ്പൂര്‍ മേഖല റാലി നയിച്ചപ്പോള്‍ ആതിഥേയരായ കാസര്‍കോട് മേഖല ഏറ്റവും പിന്നില്‍ റാലിക്ക് ആവേശം പകര്‍ന്നു. പുലിക്കളി, യക്ഷഗാന വേഷങ്ങള്‍, ശിങ്കാരിമേളം, തുടങ്ങിയവ പ്രകടനത്തിന് മാറ്റുകൂട്ടി.
സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.പി.ഭാര്ഗ്ഗവന്, സംസ്ഥാന സെക്രട്ടറി പി.ശശിധരന്, ജില്ലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണന്, മറ്റ് ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി. പൊതു സമ്മേളനം അഖിലേന്ത്യാ സെക്രട്ടറി ദൊരൈരാജ് ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ കെ.ലക്ഷ്മാ റെഡ്ഡി ഉദ്ഘാടനം ചെയ്യും. ആര് എസ്എസ് പ്രാന്ത പ്രചാരക് പി.ആര് .ശശിധരന് പ്രഭാഷണം നടത്തും. രാവിലെ 10.30 ന് സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.എം.പി.ഭാര്ഗ്ഗവന് പതാക ഉയര്‍ത്തിയ ശേഷം 11 മണിക്ക് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന സഭ നടക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: