തിരുവനന്തപുരം: യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപകമായ അക്രമങ്ങളുണ്ടായി. പോലീസ് യുവജന പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ചു മര്‍ദ്ദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായിയെന്നും അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കിയ വി.എസ് സുനില്‍കുമാര്‍ ആരോപിച്ചു. പിറവത്ത് ജയിച്ചതിന്റെ അഹങ്കാരമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുവജന സംഘടനകളെ വിശ്വാസത്തിലെടുത്തു ചര്‍ച്ച ചെയ്ത ശേഷമെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം പരിഗണിക്കൂവെന്നു പറഞ്ഞ മുഖ്യമന്ത്രിയാണ് ഇതിന് അനുമതി നല്‍കിയതെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ് പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയതെന്ന് വ്യക്തമാക്കി. വിരമിക്കല്‍ ഏകീകരണം മൂലം പെന്‍ഷന്‍ പ്രായം കൂടുകയാണ് ചെയ്തത്. ഇതിലെ അശാസ്ത്രീയത ഒഴിവാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
48 പൊലീസുകാര്‍ക്കും 134 വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പതിനേഴു ലക്ഷത്തോളം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. അക്രമ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കണം. അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് കൈയും കെട്ടി നോക്കിയിരിക്കണമെന്നല്ല യുഡിഎഫിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ചു തീരുമാനിക്കുന്നതിനു മുന്‍പു യുവജനസംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്നാണു പ്രതിപക്ഷം ഇറങ്ങിപ്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: