വൈദികസാഹിത്യം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഉപവേദം, ബ്രാഹ്മണം, വേദാംഗം, ഉപാംഗം, ഉപനിഷത്ത് എന്നിവയാണ്. ഇവയെ ഋഷിമാര്‍ നിര്‍മ്മിച്ചിട്ടുള്ള വൈദിക സാഹിത്യകൃതികളെന്ന് പറയാം. നാല് ഉപവേദങ്ങളാണുള്ളത്. ആയുര്‍വേദം, ധനുര്‍വേദം, ഗാന്ധര്‍വ്വവേദം തുടങ്ങിയവ. ശരീരരക്ഷ, ആരോഗ്യത്തിനുള്ള മാര്‍ഗ്ഗങ്ങള്‍, ഔഷധഗുണം, രോഗചികിത്സ എന്നിവയെല്ലാം ആയുര്‍വേദത്തിലാണ് പറഞ്ഞിട്ടുള്ളത്. ചരകസംഹിത, ശുശ്രുത സംഹിത തുടങ്ങിയ ആയൂര്‍വേദത്തിലെ അറിയപ്പെടുന്ന ഗ്രന്ഥങ്ങളാണ്. യജുര്‍വേദത്തിന്റെ ഉപവേദം ധനുര്‍വേദമാണ്. ഇതില്‍ അനേകം ആയുധവിദ്യകള്‍ പറഞ്ഞിരിക്കുന്നു. അമ്പും വില്ലും മാത്രമല്ല, തോക്ക്, പീരങ്കി എന്നിവയെക്കുറിച്ചും ഇതിലുണ്ട്. സാമവേദത്തിന്റെ ഉപവേദം ഗാന്ധര്‍വ്വവേദമാണ്. വിഷയം സംഗീതം. അഥര്‍വ്വവേദത്തിന്റെ ഉപവേദം അര്‍ത്ഥവേദമാണ്. ശില്‍പവിദ്യ ഇതില്‍ കാണാം. ഋഗ്വേദത്തിലെന്നപോലെ അഥര്‍വ്വവേദത്തിലും ധാരാളം ഔഷധങ്ങളെക്കുറിച്ച് പറഞ്ഞുകാണുന്നുണ്ട്. അതിനാല്‍ അഥര്‍വവേദത്തിന്റെ ഉപവേദമായും അയുര്‍വേദത്തെ കാണുന്നവരുണ്ട്.
വേദം അര്‍ത്ഥം സഹിതം പഠിക്കുവാന്‍ ശ്രമിക്കുന്നവരുണ്ട്. അതിന് സഹായിക്കുന്ന ഭാഷ്യങ്ങളുമുണ്ട്. മഹീദാസന്‍, ഐതരേയന്‍, യാജ്ഞവല്‍ക്യന്‍ തുടങ്ങിയ ഋഷിമാര്‍ നിര്‍മ്മിച്ചിട്ടുള്ള ബ്രാഹ്മണഗ്രന്ഥങ്ങളാണ് വേദങ്ങളുടെ ഏറ്റവും പഴക്കം ചെന്ന ഭാഷ്യങ്ങള്‍. ഋഗ്വേദത്തിന് ഐതരേയ ബ്രാഹ്മണം, യജുര്‍വേദത്തിന് ശതപഥബ്രാഹ്മണം, സാമവേദത്തിന് സാമം അഥവാ താണ്ഡ്യബ്രാഹ്മണം അഥര്‍വ്വവേദത്തിന് ഗോപഥ ബ്രാഹ്മണം മുതലായവ വളരെ അറിയപ്പെടുന്ന ഗ്രന്ഥങ്ങളാണ്. വേദശബ്ദങ്ങളുടെ അര്‍ത്ഥം, യജ്ഞം അഥവാ യാഗം നടത്തുമ്പോഴുള്ള മന്ത്രങ്ങളുടെ പ്രയോഗവിധി എന്നിവ ഇതില്‍ കാണാം. ആരണ്യകങ്ങള്‍ ബ്രാഹ്മണ ഗ്രന്ഥങ്ങളുടെ ഭാഗം തന്നെയാണ്. ആദ്ധ്യാത്മികമായ കാര്യങ്ങളാണ് ആരണ്യകങ്ങളില്‍ കാണുക.
ശിക്ഷ, കല്‍പം, വ്യാകരണം, നിരുക്തം, ഛന്ദസ്, ജ്യോതിഷം എന്നീ ആറെണ്ണമാണ് വേദാംഗങ്ങള്‍. ഇവ പഠിക്കുമ്പോള്‍ വേദപഠനം സുഖകരമാകും. വ്യാകരണഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് പാണിനിയുടെ അഷ്ടാധ്യായിയും, പതഞ്ജലിയുടെ മഹാഭാഷ്യവുമാണ്. പിംഗളാചാര്യന്‍ ഛന്ദശാസ്ത്രം എഴുതി; യാസ്കാചാര്യനാകട്ടെ നിരുക്തവും.
ഉപാംഗങ്ങള്‍ ദര്‍ശനങ്ങള്‍ അഥവാ ശാസ്ത്രങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. വേദാംഗങ്ങളെപ്പോലെ ഇതും ആറെണ്ണമുണ്ട്. ഷഡ്ദര്‍ശനങ്ങളെന്ന് പറയുന്നതും ഇവയെതന്നെയാണ്. ഗൗതമ മഹര്‍ഷിയുടെ ന്യായദര്‍ശനം, കണാദന്റെ വൈശേഷികം, കപിലന്റെ സാഖ്യം, വേദവ്യാസന്റെ ഉത്തരമീമാംസ അഥവാ വേദാന്തശാസ്ത്രം എന്നിവയാണവ. ആത്മാവ്, പരമാത്മാവ്, പ്രകൃതി, ലോകോല്‍പത്തി, മുക്തി എന്നിവയാണ് ഇവയില്‍ ചര്‍ച്ച ചെയ്യുന്നത്.
ഉപനിഷത്തുകളുടെ ലോകം വിശാലമാണ്. മഹര്‍ഷിമാര്‍ എഴുതിയുണ്ടാക്കിയവയാണ് അവ. ഇന്ന് 150 ല്‍പരം ഉപനിഷത്തുകള്‍ കാണുന്നു. എന്നാല്‍ പത്തെണ്ണത്തിന് മാത്രമേ ആധികാരികതയുള്ളൂവെന്ന് ചില ആചാര്യന്മാര്‍ പറയുന്നു. ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, ഐതരേയം, തൈത്തിരീയം, ഛന്ദോഗ്യം. ബ്രഹദാരണ്യകം തുടങ്ങിയവയാണിവ. ഇതിന് പുറമെ ശ്വേതാശ്വതരോപനിഷത്തിനും അംഗീകാരമുണ്ട്. വേദത്തിലെ അറിവിനെയും സ്വന്തം അനുഭവങ്ങളില്‍ നിന്നും ഋഷിമാര്‍ സ്വായത്തമാക്കിയ അനുഭൂതിപ്രധാനമായ ബ്രഹ്മവിദ്യയാണ് ഉപനിഷത്തില്‍ പ്രകാശിപ്പിച്ചിട്ടുള്ളത്. ശാന്തി, സമാധാനം, മുക്തി എന്നിവ ഇവയില്‍ നിന്നാണ് നമുക്ക് കിട്ടുന്നത്.
– ആചാര്യ എം.ആര്‍.രാജേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: