മൂവാറ്റുപുഴ: നാട്ടാന പരിപാലനം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ആന ബുക്ക് തയ്യാറാക്കുന്നു. ഇതിലല്‍ നാട്ടിലെ ആനകളുടെ എണ്ണം ആനകളുടെ പൊക്കം, കാലിന്റെ വണ്ണം, കൊമ്പിന്റെയും വാലിന്റെയും നീളം, ശരീരത്തിന്റെ വണ്ണമെത്ര, ആനയ്ക്ക് മദപ്പാടുണ്ടൊ, പാപ്പാന്മാര് ആരൊക്കെ തുടങ്ങിയ വിവരങ്ങളാണ് ആന ബുക്കിലുള്ളത്.
ഇതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി ജില്ലകളുടെ കണക്കെടുപ്പും വിവരശേഖരണവും മൂവാറ്റുപുഴയ്ക്കടുത്ത് വീട്ടൂരിലെ തടി ഡിപ്പൊയില്‍ നടന്നു. ജില്ലയില്‍ രണ്ട് പിടിയാന അടക്കം മുപ്പത്തിയേഴ് ആനകള്‍ ഉണ്ടെന്നാണ് കണക്ക്. ഇടുക്കിയില്‍ ആറ് പിടിയാനയടക്കം പതിനാറും.
ജില്ലയില്‍ നിന്ന് 25ഉം ഇടുക്കിയില്‍ നിന്ന് 13 ആനകളും പങ്കെടുത്തു. ഇനി എത്തുവാനുള്ള ആനകള്‍ക്കായി ജൂണ്‍, ജൂലൈ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് മലയാറ്റൂര്‍ ഡി എഫ് ഒ ബി എന്‍. നാഗരാജ് അറിയിച്ചു. ആനകളുടെ മൈക്രോ നമ്പര്‍ ശരിയാണൊ എന്ന പരിശോധനയും ശരീരത്തിന്റെ ഇരുഭാഗങ്ങളുടെയും മുന്‍ഭാഗത്തെയും ചിത്രങ്ങളും പാപ്പാന്മാരുടെയും ആന ഉടമകളുടെയും ചിത്രങ്ങള്‍ ബുക്കിലുണ്ട്. ആനയുടെ ശരിയായ പേര്, എവിടെ നിന്ന് കൊണ്ടു വരുന്നു എന്ന വിവരങ്ങള്‍ ലഭ്യമാണ്. വിവരങ്ങള്‍ അടങ്ങിയ ബുക്ക് ഉടമകളും വനം വകുപ്പും സൂക്ഷിക്കും. ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ബുക്ക് കൂടെ കൊണ്ടുപോകണം. മദപ്പാട് ഉള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.
പാപ്പാന്മാര് തോന്നിയതുപോലെ മാറുന്നതും, ആനകളുടെ പേര് മാറ്റവും തടയാന്‍ കഴിയും. കൂടാതെ ആനകളെ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങളുടെ രേഖകളും കര്‍ശനമായിട്ടുണ്ട്. വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കേണ്ട ഉപകരണങ്ങള്‍, ആനകളെ കയറ്റുമ്പോള്‍ പാലിക്കേണ്ട രേഖകള്‍ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. വീഴ്ച വരുത്തുന്ന വാഹനങ്ങള്‍ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുവാനും തീരുമാനമുണ്ട്.
ഡി എഫ് ഒയെ കൂടാതെ കോടനാട് റെയ്ഞ്ച് ഓഫീസര്‍ ശിവപ്രസാദ്, ഇടുക്കി വൈല്‍ഡ് ലൈഫ് വാര്ഡന് സാബി വര്‍ഗീസ്, വെറ്റിനറി ഓഫീസര്‍മാരായ ഡോ. സുനില്‍കുമാര്‍, ഡോ. ശ്രീജിത്ത് രാധാകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: