തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് അനീഷ്രാജന്റെ കൊലപാതകത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ്രാജന്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണ് ഉടുമ്പന്‍ചോലയില്‍ നിന്നുള്ള പ്രതിപക്ഷാംഗം കെ.കെ.ജയചന്ദ്രന് നിയമസഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നത്.
അന്വേഷണം കാര്യക്ഷമമായി നടന്നുവരികയാണ്. കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരാള്‍ നിരീക്ഷണത്തിലാണ്. നെടുങ്കണ്ടം സിഐക്കാണ് അന്വേഷണച്ചുമതല. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കുറ്റക്കാര്‍ക്കെതിരെ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതിനെത്തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
തമിഴ്-മലയാളി പ്രശ്നം സങ്കീര്‍ണമായതിനെ തുടര്‍ന്ന് ഏറെ വ്യാജപ്രചാരണങ്ങളും കിംവദന്തികളും വ്യാപിച്ചപ്പോഴും ഇടുക്കിയില്‍ നിസാരമായ നാല് സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നടന്ന ആറ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ നാലിലും പ്രതിസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകരാണുള്ളത്. ഒന്നില്‍ ബിജെപി പ്രവര്‍ത്തകനും മറ്റൊന്നില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും പ്രതിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ മറവില്‍ ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ തമിഴ് തൊഴിലാളികള്‍ക്കെതിരെ അക്രമം നടത്തുകയാണെന്നും ഇതിന് ചില കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടെന്നും പ്രമേയമവതരിപ്പിച്ച കെ.കെ.ജയചന്ദ്രന് പറഞ്ഞു. പലതവണ തമിഴ്തൊഴിലാളികളെ ഇവിടെനിന്ന് വിരട്ടി ഓടിച്ചിട്ടുണ്ട്. പിന്നീട് തോട്ടം ഉടമകള്‍ ഇടപെട്ടാണ് ഇവരെ തിരിച്ചുകൊണ്ടുവന്നത്. ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ രണ്ടുസംസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിക്കാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗിലേയും കോണ്‍ഗ്രസിലേയും ഒരുകൂട്ടം നേതാക്കള്‍ അക്രമം ഉണ്ടാക്കി ക്രമസമാധാനം തകര്‍ക്കുകയാണെന്നും ഭരണത്തിന്റെ ഹുങ്കില്‍ ആസൂത്രിതമായി അസമാധാനം വളര്‍ത്തുന്ന പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഇതു തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഇറങ്ങിപ്പോക്കിനുമുമ്പ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: