മുംബൈ: ആദര്‍ശ് ഫ്്ലാറ്റ് കുംഭകോണക്കേസില്‍ റിട്ട. ആര്‍മി ബ്രിഗേഡിയറടക്കം നാലുപേരെ ഇന്നലെ സബിഐ അറസ്റ്റ് ചെയ്തു. കേസന്വേഷണത്തില്‍ സിബിഐയുടെ ഉദാസീനതയെ കഴിഞ്ഞയാഴ്ച ബോംബെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.
പ്രതിരോധ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ആര്‍.സി. താക്കൂര്‍, റിട്ട. ആര്‍മി ബ്രിഗേഡറിയന്‍ എം.എം. വാന്‍ഹൂ, മുന്‍ നഗരവികസന ഡെപ്യൂട്ടി സെക്രട്ടറി പി.വി. ദേശ്മുഖ്, കോണ്‍ഗ്രസ് മുന്‍ കൗണ്‍സില്‍ അംഗം കന്‍ഹയ്യലാല്‍ ഗിദ്വാനി എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കന്‍ഹയ്യലാല്‍ ഗിദ്വാനി മറ്റൊരു കേസില്‍ പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ജനുവരിയില്‍ സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറില്‍ 14 പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത നാല് പേരും എഫ്‌ഐആറില്‍ ഉള്‍പ്പെട്ടവരാണ്.
രണ്ട് ദിവസത്തിനകം ബോംബെ ഹൈക്കോടതിയില്‍ ആദര്‍ശ് ഫ്ലാറ്റ് കുംഭകോണക്കേസില്‍ അടുത്ത വാദം കേള്‍ക്കാനിരിക്കെയാണ് സിബിഐ അറസ്റ്റ്. ഇത് ഈ കേസിലെ അവസാന വാദം കേള്‍ക്കലായിരിക്കും. മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാനടക്കം പല പ്രമുഖരും കുറ്റാരോപിതരായ ഈ കേസില്‍ അന്വേഷണച്ചുമതലയുള്ള സിബിഐയുടെ ആദ്യ അറസ്റ്റാണിത്. കേസില്‍ സിബിഐയുടെ ഉദാസീനതയെ ജസ്റ്റിസുമാരായ പി.ബി. മജ്മുദാര്‍, ആര്‍.ഡി. ധനുക എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ വാദം കേള്‍ക്കല്‍ നടന്ന മാര്‍ച്ച് 12 ന് ചോദ്യംചെയ്തിരുന്നു.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സിബിഐക്ക് സാധിച്ചിട്ടില്ല. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് അറസ്റ്റ് ചെയ്യാനിരിക്കാനുള്ള കാരണമല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
കോടതി വിമര്‍ശനത്തെത്തുടര്‍ന്ന് സിബിഐ ജോയിന്റ് ഡയറക്ടര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞയാഴ്ച ഡയറക്ടര്‍ എ.പി. സിംഗുമായി ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ദ്രുതഗതിയിലുള്ള അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കേസില്‍ ആരോപണവിധേയരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ ജയ്‌രാജ് പഥക്, പ്രദീപ് വ്യാസ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും സിബിഐ തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: