സംസാരിക്കുന്നവരുടെ നിലവാരം താഴ്ന്നതാണെന്ന് മനസ്സിലാക്കുന്നത് ശബ്ദഭണ്ഡാരം ശുഷ്കമാണോ എന്ന് നോക്കിയാണ്. ശാസ്ത്രത്തിന്റെ ബഹുവിധമായ അംഗങ്ങളെ, അല്പമാത്രം പദങ്ങളുള്ള ഭാഷയ്ക്ക് ഉള്‍ക്കൊള്ളുവാന്‍ പ്രയാസമാണ്. ഉദാഹരണത്തിന് ഇംഗ്ലീഷ് ഭാഷയെടുക്കാം. ഇംഗ്ലീഷ് ഓരോ കണ്ടുപിടുത്തത്തേയും തുടര്‍ന്ന് ഓരോ പുതിയ പദങ്ങള്‍ സ്വീകരിച്ചു. “ഇവ മുമ്പേ നിലവിലുള്ള പദങ്ങളുടെ തദ്ഭവമോ, അന്യഭാഷയില്‍ നിന്നെടുത്തതോ, തീര്‍ത്തും പുതിയതോ ആയിരിക്കും. എങ്ങനെ ആയാലും അത് പുതിയത് തന്നെ.
സംസ്കൃതഭാഷയുടെ ശബ്ദഭണ്ഡാരമാവട്ടെ വളരെ വിസ്തൃതമാണ്. ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലധികം പദങ്ങള്‍ മോണിയര്‍ വില്യംസിന്റെ ശബ്ദകോശത്തിലുണ്ട്. ഒരുലക്ഷം പദങ്ങളോളം ഈ ശബ്ദകോശം ഉണ്ടായിക്കഴിഞ്ഞ് കണ്ടെത്തിയിട്ടുണ്ട്. കൈയെവുത്തുഗ്രന്ഥങ്ങളില് നിന്നും ഇന്നും സംസ്കൃതത്തിലെ പുതിയ പദങ്ങള്‍ കണ്ടെത്തുന്നു. പത്തുലക്ഷത്തിലധികം പദങ്ങള്‍ സംസ്കൃതത്തില്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. ഇതില്‍നിന്നും ഒന്ന് മനസ്സിലാക്കാം. പഴയകാലത്ത് ഭാരതീയ സംസ്കൃതിയില്‍ എല്ലാ ശാസ്ത്രങ്ങളും ഉണ്ടായിരുന്നു. അയസ്കാന്തമണി (കാന്തം), സൂര്യകാന്തമണി, അംബു ഭക്ഷണമണി, കംസമണി (അംബു ഭക്ഷണമണിയുടെ കൃത്രിമം), ചന്ദ്രകാന്തമണി (രാത്രിയില്‍ ചന്ദ്രരശ്മി കണ്ടാല്‍ ജയം ഉണ്ടാകുന്നത്.) തുടങ്ങിയ പദങ്ങള്‍ സംസ്കൃത്തില് കാണാം. ഇത്തരം പദങ്ങള്‍ ഭാഷയിലുണ്ടാകണമെങ്കില് ഇവ ഉണ്ടായിരുന്നിരിക്കണമല്ലോ. ഉണ്ടാവാത്തവയ്ക്ക് എങ്ങനെ പേരിടും? ഇതിനെക്കുറിച്ച് പണ്ഡിറ്റ് ഭാഗവദ്ദത്ത എഴുതുന്നത് ഇങ്ങനെ വായിക്കാം – “പദങ്ങള്‍ സൂക്ഷ്മമായ അര്ത്ഥഭേദവം വരുന്ന ഭാഷകള്‍ അവയുടെ ആധിക്യമനുസരിച്ച് ഉന്നതമായിരിക്കും. സംസ്കൃതത്തിലൊഴികെ മറ്റൊരു ഭാഷയിലും ഈ സൂക്ഷ്മഭേദം ഇല്ല. അതിനാല്‍ സംസ്കൃതഭാഷ അത്യുന്നതമാണ്. ഈ പദങ്ങളെ അവധാനപൂര്‍വ്വം അധ്യയനം ചെയ്ത് ഒരു നിര്‍ണ്ണയം ചെയ്താല്‍ അത് ഖണ്ഡിക്കാനാവാത്തതായിരിക്കും.
ഇങ്ങനെ വിസ്തൃതവും പദബഹുലവും ലോകവ്യാപകവും വെടിപ്പാക്കിയതും സത്യസന്ധവുമായ സംസ്കൃതഭാഷയുടെ ഹ്രാസം കൃതയുഗത്തിലാണ് തുടങ്ങിയത്. അധികമാളും വിദ്വാന്മാരും ചുരുക്കം ചിലര്‍ മടയന്മാരും മടിയന്മാരുമായിത്തീര്ന്ന കാലയളവാണിത്. ശുദ്ധമായ ഉച്ചാരണത്തിന് പ്രയത്നിക്കുന്നത് കുറഞ്ഞുകഴിഞ്ഞിരുന്നു. ഇതിന്റെ ഫലമായി പ്രാകൃതമുണ്ടായി. ഭാരതത്തിന് പുറത്തുനിന്നുള്ള ഭാഷകള്‍ ഈ പ്രാകൃതത്വവും വഹിച്ച് നിലവില്‍ വന്നു. ഇവയെ മ്ലേച്ഛഭാഷകളെന്ന് പറയുന്നു. സംസ്കൃതത്തിന്റെ അപാരമായ ശബ്ദസാഗരം തിരയടിച്ച് കയറി മറ്റ് ഭാഷകളിലും ചെന്നു. അവയില്‍ പലതും ഇന്ന് സംസ്കൃതത്തില്‍ വിരളമായ വൈദികപദങ്ങളാണെങ്കിലും, പഞ്ചാബി, ഹിന്ദി, ഗുജറാത്തി തുടങ്ങിയവയില്‍ അപഭ്രംശരൂപത്തില് കാണാം. പഞ്ചാബിയിലെ നാലു പദങ്ങള്‍ ഉദാഹരണത്തിനെഴുതാം. കബ്ലാ (വലുത്), ഗഡ്ഢാ (ഗാന്ധി – രഥം), ജണിയാം (സ്ത്രീകള്‍) പിലപിലാ (അയഞ്ഞ) ഇവയുടെ വൈദികപദങ്ങള്‍ യഥാക്രമം ഖര്‍വ്വം, ഗര്‍ത്തം. ജനി, പിലിപിലാ എന്നിവയാണ്. പഞ്ചാബി പദങ്ങള്‍ അപഭ്രംശമാണെന്ന് വേറെ തെളിവെന്തിന്?
പ്രാകൃതം ഭരതമുനിയുടെ കാലത്തിന് മുന്‍പേ തന്നെ പ്രകൃതമായിക്കഴിഞ്ഞിരുന്നു. പ്രാകൃതത്തിന്റെ പ്രചാരം തഥാഗതബുദ്ധന്റെയും മഹാവീരസ്വാമികളുടെയും കാലത്ത് വര്‍ധിച്ചു. തുടര്‍ന്ന് പ്രാകൃതം ധര്മ്മഭാഷയാകുകയും സാഹിത്യത്തില്‍ ക്രമേണ പ്രയുക്തമാവുകയും ചെയ്തു. ബുദ്ധകാലീന പ്രാകൃതത്തെപ്പറ്റി നമുക്ക് അറിയാന്‍ കഴിയുന്നത് പാലിയിലെ ഗാഥകള്‍, ജാതകകഥകള്‍, ത്രിപിടകം, ധര്‍മ്മപദം എന്നിവയില്‍ നിന്നാണ്. പിന്നീട്, അശോകന്റെ ധര്‍മ്മശാസനങ്ങള്‍, ഭാസനാടകങ്ങള്‍, അശ്വഘോഷന്‍, കാളിദാസന് ഇവരുടെ നാടങ്ങള്‍ എന്നിവകളിലും പ്രാകൃതമുണ്ട്. തുടര്‍ന്ന് ഗഥാസപ്തശതി, ഗൗഡവഹോ, കര്പുരമഞ്ജരി തുടങ്ങിയവയിലും പ്രാകൃതം കാണാം. എന്നാല്‍ ഇതിലെ വാങ്മയം ഒരിക്കലും സംസ്കൃത സാഹിത്യത്തിലേതുപോലെ അതിവിസ്തൃതമായില്ല. ഒരിക്കല്‍ക്കൂടി ഭഗവദ്ദത്തയുടെ വിവരണത്തിലേക്ക് നമുക്ക് പ്രവേശിക്കാം. “പ്രാകൃതത്തിലെ പദസഞ്ചയം തീരെ കുറവായി. അയുര്‍വേദം, ശില്പം എന്നീ ശാസ്ത്രങ്ങളിലെ അല്പം ജ്ഞാനം മാത്രമേ പ്രാകൃതത്തില്‍ വന്നുള്ളൂ. അനേകം ശാസ്ത്രീയകാര്യങ്ങള്‍ വിസ്മൃതിയായി. സംസ്കൃതത്തില്‍ നിന്ന് പ്രാകൃതത്തിലേക്ക് തര്‍ജ്ജമ നടന്നെങ്കിലും വളരെ കുറച്ചുമാത്രമായിരുന്നു അത്.” സംസ്കൃതം പ്രാകൃതത്തിന്റെ പ്രചാരത്തിനിടയിലും തലയുയര്‍ത്തി. പ്രാകൃതത്തില്‍ മാത്രമായിരുന്ന ജൈന-ബുദ്ധ വാങ്മയങ്ങള്‍ സംസ്കൃതത്തിലും എഴുതി. സംസ്കൃതം രാജ്യഭാഷയുമായി. സാഹ സാങ്ക ചന്ദ്ര ഗുപ്ത വിക്രമാദിത്യന് സ്വയം കുറേക്കാലം ഇത് തുടര്‍ന്നു. പിന്നെ എല്ലാം അസ്തമിച്ചു. പതിനൊന്നാം നൂറ്റാണ്ടില്‍ പിന്നീട് ഭോജരാജാവ് ഒരിക്കല്‍ക്കൂടി സംസ്കൃതസാമ്രാജ്യം പുനസ്ഥാപിച്ചു. ഇന്നത് വീണ്ടും നഷ്ടപ്രായമായി. അത് വീണ്ടെടുക്കാന്‍ അതിപ്രയത്നം അത്യാവശ്യമായിരിക്കുന്നു.
– ആചാര്യ എം.ആര്.രാജേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: