മട്ടാഞ്ചേരി: മദാമ്മ ആശുപത്രിയെന്നറിയപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ മട്ടാഞ്ചേരി ഡബ്ല്യൂ ആന്റ്സി സിസേറിയന് വിവാദത്തില്‍. രണ്ടുദിവസത്തിനകം ആറ് സിസേറിയനുകളാണ് ഇവിടെ നടന്നതെന്നാണ് ആരോപണം. അനസ്തേഷ്യ ഡോക്ടറുടെയും ഗൈനക്കോളജിസ്റ്റിന്റെയൂം നിര്‍ബന്ധമാണ് കൂട്ട സിസേറിയന് പ്രസവത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടുന്നു. എന്‍ആര്‍എച്ച്എമ്മിന്റെ ഭാഗമായി വന്ന ഡോക്ടര്‍ സ്ഥിരം ഗൈനക്കോളജിസ്റ്റിനേക്കാള് സിസേറിയന് കാര്യത്തില്‍ ഏറെ താല്പര്യം പ്രകടിപ്പിക്കുന്നതായും സുഖപ്രസവത്തിനെത്തുന്ന ഗര്‍ഭിണികളെ അവസാനനിമിഷം ഒഴിവ്കഴിവുകള്‍ പറഞ്ഞ് പിന്തിരിപ്പിക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
സാധാരണ സുഖപ്രസവത്തിന് സര്‍ക്കാര്‍ ആശുപത്രിയില്‍ 500 രൂപയില്‍ താഴെയെ ചിലവ് വരുകയുള്ളൂവെന്നും സിസേറിയന് പ്രസവത്തിന് ഡോക്ടര്‍ക്ക് 2000 രൂപവരെയും അനസ്തേഷ്യ ഡോക്ടര്‍ക്ക് 500 രൂപവരെയും നഴ്സുമാര്‍ക്ക് ഒരാള്‍ക്ക് 100 രൂപവീതവും നല്‍കേണ്ടിവരുമെന്നും മറ്റ് ചെലവുകള്‍ കൂടി കണക്കാക്കിയാല്‍ 6000-8000 രൂപവരെയാകുമെന്ന് പ്രസവത്തിനെത്തുന്നവരുടെ ബന്ധുക്കള്‍ പറയുന്നു. സുഖപ്രസവം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് ഈ ചെലവ് വന്‍ സാമ്പത്തികഭാരമാണുണ്ടാക്കുന്നത്. കൂടാതെ പ്രസവിച്ച അമ്മക്ക് നീണ്ട വിശ്രമവും പരസഹായവും വേണമെന്നത് മൂലം ഇതുമായി ബന്ധപ്പെട്ട ബാധ്യതകളും ഭാരമാകും.
നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി മൂന്ന് ഡോക്ടര്‍മാരാണ് മട്ടാഞ്ചേരി ഡബ്ല്യൂ ആന്റ് സി ആശുപത്രിയില്‍ ചാര്‍ജ് എടുത്തിട്ടുള്ളത്. അനസ്തേഷ്യ ഡോക്ടറുടെ സൗകര്യമാണ് ഇവിടെ പ്രസവതീയതി തീരുമാനിക്കുന്നതിന് കണക്കാക്കുന്നതെന്നും, ഇത് കൂട്ട സിസേറിയന് കാരണമാകുന്നതായും പറയുന്നു. എന്നാല്‍ ഇന്‍ഡിക്കേഷന്‍ കേസായ ഗര്‍ഭിണികളെയാണ് സിസേറിയന് വിധേയമാക്കാറുള്ളൂവെന്ന് ആര്‍എംഒ പറഞ്ഞു. പ്രസവത്തീയതി കഴിഞ്ഞതും നേരത്തെ സിസേറിയന് നടത്തിയതുമായ ഗര്‍ഭിണികളെയാണ് ഓപ്പറേഷന് വിധേയമാക്കാറുള്ളൂവെന്നും കുട്ടി ഇറങ്ങിവരാത്ത കേസുകളിലും സിസേറിയന് നടത്താറുണ്ടെന്നും ആര്‍എംഒ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: