കൊച്ചി: കടവന്ത്ര വിനായക ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന സ്വാമി ഉദിത് ചൈതന്യയുടെ സുകൃതം ഭാഗവതയജ്ഞം പതിനായിരങ്ങള്‍ക്ക് സുകൃതം ഏകി പൂര്‍ണ്ണമായി. മാനസിക ഉദ്ഗ്രഥനത്തിലൂടെ ലോകനന്മ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക എന്നതാണ് സുകൃതം ഭാഗവത സമിതിയുടെ ലക്ഷ്യമെന്ന് സ്വാമി പറഞ്ഞു. ഓരോ വ്യക്തിക്കും അവരവരുടെ മനസ്സിനെ എങ്ങനെയാണ് ഉയര്‍ത്തേണ്ടതെന്ന് വഴികാണിച്ചു തരുന്ന ശാസ്ത്രമാണ് ശ്രീമദ് ഭാഗവതം.
സ്നേഹഭാവനയിലൂടെ സേവനം ചെയ്യാന്‍ സാധിച്ചാല്‍ ആയിരം മടങ്ങ് സുകൃതവും ആദരവും ബഹമാനവും കൊണ്ട് സ്വജീവിതത്തോട് നീതിപുലര്‍ത്താം. അതുവഴി തനിക്കും കുടുംബത്തിനും സമൂഹത്തിനും സുകൃതം പകരാം.
സ്നേഹിക്കുന്നവരുടെയും സല്‍പ്രവൃത്തികള്‍ ചെയ്യുന്നവരുടെയും കൂടെയുള്ള സംഗമത്തിലൂടെ നന്മകള്‍ക്ക് സ്വാഗതമോതാനും തിന്മ വെടിഞ്ഞ് മോക്ഷത്തിലേക്ക് ചരിക്കാനും നമുക്ക് സാധിക്കണം. പരീക്ഷിത് മുക്തി, ഭാഗവത സംഗ്രഹം എന്നിവയെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
രാവിലെ പതിവുപോലെ ആരംഭിച്ച വിഷ്ണുസഹസ്രനാമം, ഭാഗവതപാരായണം എന്നിവയ്ക്ക് ശേഷം യജ്ഞവേദിയില്‍ എത്തിച്ചേര്‍ന്ന ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ കാന്‍സര്‍ രോഗബാധിതരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള സഹായധനം നല്കി. സ്വാമിജി യജ്ഞസമിതിയുടെ ഉപഹാരം ജസ്റ്റിസിന് നല്കി. തുടര്‍ന്ന് യജ്ഞസമാപനത്തിന് മുന്നോടിയായി വൈദികരായ പയ്യന്നൂര്‍ കാഞ്ഞിരപ്പിള്ളി പുരുഷോത്തമന് നമ്പൂതിരി, പുതിയില്ലം ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവരെ ദക്ഷിണ നല്കി ആദരിച്ചു. സമാപനച്ചടങ്ങില്‍ ചെയര്മാന് ടി.എന്‍. നായര്‍, പ്രസിഡന്റ്, സരളാ വിജയന്, സെക്രട്ടറി ഡോ. സി.പി. താര, ചീഫ് കോര്‍ഡിനേറ്റര്‍ അഡ്വ. മങ്ങോട്ട് രാമകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. ഭക്തര്‍ക്ക് യജ്ഞപ്രസാദവിതരണം, പ്രസാദഊട്ടും തുടര്‍ന്ന് രാധികാ ഗോപാലകൃഷ്ണന്, ബിന്ദു മരാര് എന്നിവരുടെ നേതൃത്വത്തില്‍ സംഗീതാരാധനയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: