മഹാഭാരതയുദ്ധം വരുത്തി വച്ച ദുരന്തം വളരെ വലുതാണ്. ആര്യാവര്‍ത്തത്തിനു മാത്രമല്ല മുഴുവന്‍ ലോകത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം മഹാഭാരത യുദ്ധമാണ്. ദുര്യോധനാദികളുടെ സ്വാര്‍ഥതയ്ക്ക് നാം കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ്. മഹാഭാരതയുദ്ധത്തോടുകൂടി സകല ദേശങ്ങള്‍ക്കും ശിരോമണിയായിരുന്ന ആര്യാവര്ത്തത്തിന് നേരിട്ട തകര്‍ച്ചയില്‍നിന്ന് ഇന്നുവരേക്കും മോചനം ലഭിച്ചിട്ടില്ല. എന്തെന്നാല്‍ സഹോദരന് സഹോദരനെ കൊന്നു തുടങ്ങിയാല്‍ നാശമുണ്ടാകുമെന്നതിലെന്താണു സംശയം?
വിനാശകാലേ വിപരീതബുദ്ധി എന്നതൊരു കവിവാക്യമാണ്. നാശമുണ്ടാകുമ്പോള്‍ ബുദ്ധി വിപരീതമായിത്തീര്‍ന്ന് വിപരീതകാര്യങ്ങള് ചെയ്തു തുടങ്ങുന്നു. ആരെങ്കിലും നേര്‍വഴി ഉപദേശിച്ചാല്‍ തെറ്റിദ്ധരിക്കുകയും അപകടവഴി ഉപദേശിച്ചാല്‍ ശരിയാണെന്നു ധരിക്കുകയും ചെയ്യും. മഹാവിദ്വാന്മാര്‍, രാജാക്കന്മാര്, മഹാരാജാക്കന്മാര്, ഋഷി മഹര്‍ഷിമാര്‍ എന്നിവരെല്ലാം മഹാഭാരതയുദ്ധത്തില്‍ കൊല്ലപ്പെടുകയും മരിക്കുകയും ചെയ്തു. അപ്പോള്‍ വിദ്യയും വേദോക്തകര്മധര്മ പ്രചാരവും നഷ്ടപ്പെട്ടു. ഈര്‍ഷ്യ, ദ്വേഷം, ദുരഭിമാനം എന്നിവ പരസ്പരം പ്രകടിപ്പിക്കാന്‍ തുടങ്ങി. കയ്യൂക്കുള്ളവന് കാര്യക്കാരനായി. ആര്യാവര്‍ത്തം ചിന്നഭിന്നമായി ചെറുരാജ്യങ്ങളായി. ഈ അവസ്ഥയില്‍ ദ്വീപാന്തരങ്ങളിലെ ഭരണവ്യവസ്ഥ ആരു നടപ്പിലാക്കാന്‍ ? ബ്രാഹ്മണര്‍ വിദ്യാഹീനരായപ്പോള് ക്ഷത്രിയ വൈശ്യശൂദ്രന്മാരുടെ കഥയെന്താവാനാണ് ? അര്‍ഥസഹിതം വേദങ്ങള്‍ പഠിക്കുന്ന സമ്പ്രദായം ഇല്ലാതായി. നിത്യവൃത്തിക്കുവേണ്ടി മന്ത്രം ചൊല്ലല്‍ മാത്രം നിലനിര്‍ത്തി. അതുപോലും ക്ഷത്രിയരെയും മറ്റും പഠിപ്പിക്കാതായി. അവിദ്വാന്മാരായവര് ഗുരുക്കന്മാരായപ്പോള്‍ വ്യാജം, കാപട്യം, അധര്‍മം എന്നിവയും അവരില്‍ നിന്ന് പെരുകിവന്നു.
ബ്രാഹ്മണര്‍ സ്വന്തം നിത്യവൃത്തിക്ക് ഏര്‍പ്പാടുണ്ടാക്കണമെന്ന് ആലോചിച്ചുറച്ചു. സര്‍വസമ്മതമായി തീരുമാനിച്ച പ്രകാരം അവര്‍ “ഞങ്ങള്‍ നിങ്ങളുടെ സംപൂജ്യ ദേവന്മാരാണെന്ന്” ക്ഷത്രിയാദികളെ ഉപദേശിച്ചു പഠിപ്പിച്ചു. ഞങ്ങളെ പൂജിക്കാതെ സ്വര്‍ഗമോ മുക്തിയോ ലഭിക്കില്ലെന്നും അങ്ങനെ ചെയ്യാത്തവര്‍ ഘോരനരകത്തില്‍ പതിക്കുമെന്നും പഠിപ്പിച്ചു. പൂര്ണവിദ്വാന്മാരും ധാര്മികരുമായവര്ക്കു നല്‍കിയിരുന്ന ബ്രാഹ്മണന്, പൂജനീയന്‍ മുതലായ വേദ-ഋഷിപ്രോക്തമായ പേരുകള്‍ മൂഢരും വിഷയാസക്തരും ലമ്പടന്മാരും കപടരും അധര്മികളുമായവര് ഏറ്റെടുത്തു. ആ ആപ്തവിദ്വാന്മാരുടെ ലക്ഷണങ്ങള്‍ ഈ മൂഢാത്മാക്കള്‍ക്ക് എങ്ങനെയാണു ചേരുക? എന്നാല്‍, ക്ഷത്രിയാദികളായ യജമാനന്മാര് സംസ്കൃതവിദ്യയില് തീര്‍ത്തും അജ്ഞരായതു നിമിത്തം ഇക്കൂട്ടര്‍ പറഞ്ഞ പോഴത്തങ്ങളെല്ലാം ശരിയാണെന്നവര്‍ വിശ്വസിച്ചു. അങ്ങനെ ഈ നാമമാത്രബ്രാഹ്മണര് വാണു വിലസി. എല്ലാവരെയും വാഗ്ജാലത്താല് പാട്ടിലാക്കി. ബ്രഹ്മവാക്യം ജനാര്ദനഃ അതായത് ബ്രാഹ്മണമുഖത്തുനിന്നു വരുന്നവാക്യം സാക്ഷാല്‍ ഭഗവാന്റെ അരുളപ്പാടാണെന്നു വിചാരിക്കണം എന്നവര്‍ പറഞ്ഞുതുടങ്ങി.
ക്ഷത്രിയാദിവര്ണങ്ങള് ബന്ധിതരായ അന്ധര്‍ അഥവാ അകക്കണ്ണുപൊട്ടിയവരും ധനപൗഷ്കല്യമുള്ളവര് ആവുകയും ബ്രാഹ്മണ ശിഷ്യന്മാരാവുകയും ചെയ്തപ്പോള്‍ ബ്രാഹ്മണനാമധാരികള്ക്ക് വിഷയാനന്ദത്തിന്റെ പൂങ്കാവനം ലഭിച്ചു. ലോകത്തില്‍ എന്തെല്ലാം നല്ലതുണ്ടോ അതെല്ലാം ബ്രാഹ്മണര്ക്കുള്ളതാണെന്നും ഇവര്‍ പറഞ്ഞു പരത്തി. ഗുണകര്മസ്വഭാവങ്ങളില് അധിഷ്ഠിതമായിരുന്ന ബ്രാഹ്മണാദി വര്‍ണവ്യവസ്ഥ നശിപ്പിച്ച് ജനനാധിഷ്ഠിതമാക്കി. മരണപര്യന്തം വരെയുള്ള ദാനം ആരാധകരില്‍ നിന്നു വാങ്ങുവാനും തുടങ്ങി. തോന്നുംപടി തോന്നിയതു ചെയ്യുവാനും ഞങ്ങള്‍ ഭൂദേവന്മാരാണെന്നും ഞങ്ങളെ സേവിക്കാത്തവര്‍ക്ക് സ്വര്‍ഗലോകം ലഭിക്കയില്ലെന്നു പറയുവാനും കൂടി ഇവര്‍ ആരംഭിച്ചു. നിങ്ങള്‍ ഏതു ലോകത്തു പോകുമെന്ന് ഇവരോടു ചോദിക്കണം. ഘോരനരകം കിട്ടത്തക്ക പ്രവൃത്തിയാണ് നിങ്ങള്‍ ചെയ്യുന്നതെന്നും കൃമികീട പതംഗാദികളില് ചെന്നു ജനിക്കുമെന്നും പറഞ്ഞാല്‍ ഇവര്‍ ക്രുദ്ധരാകും. എന്നിട്ടു പറയും:- “ഞങ്ങള്‍ ശപിക്കും. നിങ്ങള്‍ നശിക്കും. ബ്രഹ്മദ്രോഹീ വിനശ്യതി എന്ന് പ്രമാണമുണ്ട്. ബ്രാഹ്മണദ്രോഹം ചെയ്യുന്നവര്‍ മുടിഞ്ഞുപോകും” കാര്യം ശരിയാണ്. പൂര്ണവേദങ്ങളും പരമാത്മാവിനെയും അറിയുന്ന ധര്മാത്മാവും സര്വലോകോപകാരിയുമായ ആളിനോട് ദ്വേഷം കാട്ടുന്നവന് നിശ്ചയമായും മുടിയും. പക്ഷേ ബ്രാഹ്മണനല്ലാത്തവനെ ബ്രാഹ്മണനെന്നു വിളിക്കുകയോ പൂജിക്കുകയോ ചെയ്യുന്നത് ഉചിതമല്ല.
– മഹര്‍ഷി ദയാനന്ദ സരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: