ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി പ്രകാശ്സിംഗ് ബാദല്‍ തുടരുമെന്ന് ശിരോമണി അകാലിദള്‍ പ്രഖ്യാപനം. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് വ്യാഴാഴ്ചയാണ് പ്രഖ്യാപനം വന്നത്. പ്രകാശ്സിംഗ് ബാദലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയാണെന്ന് ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിംഗ് ബാദലാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തീരുമാനം പ്രഖ്യാപിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങ് 14 ന് നടക്കും. അഞ്ചാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. ആരൊക്കെ മന്ത്രിമാരാകുമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. പ്രകാശ്സിംഗ് ബാദലിന്റെ നേതൃത്വത്തിലാണ് അകാലിദള്‍ സംസ്ഥാനത്ത് വിജയം കൈവരിച്ചതെന്നും അകാലിദള്‍ സംസ്ഥാന പ്രസി ഡന്റ് പറഞ്ഞു.
ഉപമുഖ്യമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് അത് സംബന്ധിച്ച് ആശയക്കുഴപ്പമൊന്നുമില്ലെന്ന് ഇപ്പോള്‍ സ്ഥാനം വഹിക്കുന്ന സുഖ്ബീര്‍ പറഞ്ഞു.
അകാലിദളിന്റെയും ബിജെപിയുടെയും കൂട്ടായ തീരുമാനമാണിത്. ഗവണ്‍മെന്റിന്റെ നയപരിപാടികള്‍ക്ക് അനുയോജ്യമായ തീരുമാനമെടുത്ത ജനങ്ങള്‍ക്ക് സുഖ്ബീര്‍ നന്ദി പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ അകാലിദള്‍-ബിജെപി സഖ്യം പരിശ്രമിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന ഖജനാവ് കാലിയാണെന്ന കോണ്‍ഗ്രസിന്റെയും പീപ്പിള്‍സ് പാര്‍ട്ടിയുടെയും വാദത്തെ സുഖ്ബീര്‍ തള്ളിക്കളഞ്ഞു. മുന്നെയും പ്രതിപക്ഷം ഇത്തരം വാദം ഉയര്‍ത്തിയിരുന്നു. എന്നാല്‍ വരുമാനം ഉയര്‍ത്താനുള്ള നടപടി ഗവണ്‍മെന്റ് എടുത്തിരുന്നു. അകാലി-ബിജെപി സഖ്യ ഗവണ്‍മെന്റ് പഞ്ചാബിനെ സമസ്ത മേഖലയിലും ഒന്നാംസ്ഥാനത്തെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അകാലിദളുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച മന്‍പ്രീത് സിംഗ് ബാദലിന് തെരഞ്ഞെടുപ്പില്‍ ജയിക്കാനായില്ല. നാലുതവണ അദ്ദേഹം എംഎല്‍എയായിരുന്നു. പണത്തിന്റെ സ്വാധീനത്തിലാണ് അകാലിദള്‍ അധികാരത്തില്‍ തിരിച്ചെത്തിയതെന്ന് മന്‍പ്രീത് ആരോപിച്ചിരുന്നു. നന്നായി പ്രവര്‍ത്തിച്ച് അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് കൂട്ടുകക്ഷി ഗവണ്‍മെന്റിനെ നിലനിര്‍ത്തുമെന്നും സുഖ്ബീര്‍ സിംഗ്ബാദല്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഭാവിപരിപാടി കോര്‍ കമ്മറ്റി യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: