മനുഷ്യ ജീവിതത്തിന്റെ ചൈതന്യവിശേഷം പുരുഷാര്ത്ഥമാണെന്ന് പലരും പറയാറുണ്ട്. ഈ പുരുഷാര്‍ത്ഥത്തിലെ അലൗകികമായ തന്തുവെന്താണെന്ന് പലരും ഓര്‍ക്കാറുമില്ല. ഈശ്വരനെപ്പോലെ നിഷ്കാമകര്‍മ്മം അനുഷ്ഠിക്കാനുള്ള തൃഷ്ണയാണ് പുരുഷാര്ത്ഥംകൊണ്ട് നേടേണ്ടതെന്ന് വിദ്വാന്മാര് പറയുന്നു. ഈശ്വരന് നിഷ്കാമം സുന്ദര ജീവന് സാധനമായ ഈ ജഗത്തിനെ സൃഷ്ടിച്ചതുപോലെ മനുഷ്യനും ഈ ലോകത്തില്‍ സുഖവും ശീതളത്വവും വിതരണം ചെയ്യണം. ജീവ്തമാവ് സര്‍വ്വാത്മനാ സംരക്ഷിതനാണ്. ഈശ്വരവിഭൂതികളാകുന്ന സര്‍വ സമ്പത്തുകളുടെയും അവകാശം ജീവാത്മാവിനുള്ളതാണ്. പതിയുടെ അവകാശം പത്നിക്കായിരിക്കും പോലഎ. അതുകൊണ്ട് നമുക്ക് ഈ സര്‍വ പ്രചഞ്ചത്തേയും രചിച്ച മഹാനായ ഈശ്വരനെന്ന കവിയെക്കുറിച്ച് ആദ്യമേ ചിന്തിക്കാം. അഥര്‍വ്വവേദം 5.16 – ലേ 11 വരെയുള്ള മന്ത്രങ്ങളെ വൃക്ഷസൂക്തമെന്ന് വിളിക്കുന്നു. അത് മനുഷ്യസമൂഹത്തിന്റെ യഥാതഥമായ പരിഷ്കരണം വിളംബരം ചെയ്യുന്ന സൂക്തമാണ്. അതിലെ ആദ്യമന്ത്രം ഇങ്ങനെ :
‘ഓം യദ്യേക വൃഷോസി സൃജാരസ്യോസി’
വേദമന്ത്രം തുടങ്ങുമ്പോള്‍ ‘ഓം’ എന്ന് പ്രണവം ആദ്യം പറയണം. അല്ലയോ, മനുഷ്യാ! നീ ഈശ്വര വിലയത്തിലൂടെ ശക്തി സമ്പാദിച്ച് ലോകോപകാരാര്‍ത്ഥം കര്‍മ്മം ചെയ്യുക. അല്ലാത്തപക്ഷം നീ നിഷ്പ്രയോജനനായിത്തീരുമെന്ന് ഭാവാര്‍ത്ഥം. ഏതൊരു മനുഷ്യജീവിതത്തിന്റെയും, അത് യുവാവാകട്ടെ, വൃദ്ധനാകട്ടെ, സ്ത്രീയാവട്ടെ, പുരുഷനാകട്ടെ, പ്രത്യേകത അവന്റെ ഉള്ളിന്റെയുള്ളില്‍ സുസ്പന്ദിതമായിരിക്കുന്ന, ആത്മചൈതന്യം നിറഞ്ഞിരിക്കുന്നുവെന്നാണ്. ഈ ജ്യോതിക്കനുസൃതമായി പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ഈശ്വനെ അറിയാന്‍ ശ്രമിക്കുക. ഭഗവാനില്‍ വിലയം പ്രാപിക്കുവാന്‍ പ്രയത്നിക്കുക. ഇത് നൈസര്‍ഗികമായ മനുഷ്യന്റെ ചോദനയാണ്. അഥര്‍വ്വത്തില്‍ ‘ഏകം’ എന്ന് ഉപയോഗിച്ചത് ഈശ്വരന്റെ പര്യായമാണ് “അനീദവാതം സ്വധയാതദേകം” എന്ന നാസദീയ സൂക്തത്തിലും, അവന് ഏകനും വര്ണാതീതനുമാണെന്ന് ശേതാശ്വതരോപനിഷത്തില് (4/1) പറയുന്നു. ഏകമെന്ന വാക്കിനുശേഷം ‘വൃഷ’ ശബ്ദം കാണാം. വര്‍ഷകന്‍, ആനന്ദവര്ഷകന് (പൊഴിക്കുന്നവന്‍) എന്നര്‍ത്ഥം. ആനന്ദം വന്ന് ഭവിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തിന് ശക്തികൈവരും.
ഈശ്വരജ്ഞാനം നമ്മിലുദിക്കുമ്പോള് ആ അദ്വൈതി നമ്മില്‍ ആനന്ദം വര്‍ഷിക്കും. ഈശ്വരാനന്ദനം നമ്മില്‍ ഉതിരുമ്പോള്‍ നാം ശക്തിപൂര്ണ്ണരാകും. ഈശ്വരശക്തി നിറയുന്ന നാം ഇതരര്‍ക്കായി അത് ഉപയോഗിക്കണം. യോഗികള്‍ തങ്ങള്‍ ചൈതന്യം അന്യരുടെ സേവയ്ക്കായി നീക്കിവയ്ക്കുന്നു. ഈ യോഗികള്‍ സാമൂഹ്യസേവനത്തിനുള്ള ധര്‍മ്മ സംസ്ഥാനപനം നടത്തുന്നു. ശ്രീകൃഷ്ണന് യോഗേശ്വരനാണ്. അതുകൊണ്ട് അദ്ദേഹം ധര്മ്മത്തിന് ഹാനി സംഭവിക്കുമ്പോള്‍ അത് സംസ്ഥാപനം നടത്തുന്നു. നമ്മുടെ സമൂഹത്തിന് നഷ്ടമാകുന്ന ധാര്‍മ്മികത പുനാരവിഷ്കരിക്കാന് ഈശ്വരീയ ജ്ഞാനം നമ്മില്‍ തുടിക്കണമെന്ന് അഥര്‍വ്വം പറയുന്നു.
മന്ത്രത്തിലെ ‘ഏക വൃക്ഷ’യ്ക്ക് ഇംഗ്ലീഷുകാര്‍ ‘ഒരു കാള’ എന്ന് വ്യാഖ്യാനിച്ചു കണ്ടിട്ടുണ്ട്. പദാര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വ്യാഖ്യാതാക്കളാണ് ആംഗലേയത്തില്‍ പലരും. മേക്സ് മ്യൂലര്ക്ക് ‘അച്ചു’സന്ധിപോലും ശരിക്കറിയാമായിരുന്നില്ല. പദാര്‍ത്ഥം ഉള്‍ക്കാന്‍ കഴിയാത്ത ഒരു സമൂഹത്തിന് സംസ്കാരവും മനനശേഷിയും അന്യമായിരിക്കും. പാണിനിയുടെ അഷ്ടാദ്ധ്യായിയും പതഞ്ജലിയുടെ മഹാഭാഷ്യവും ഷഡ്ദര്‍ശനങ്ങളും ഒന്നും നോക്കാതെ തോന്നിയപോലെ അര്ത്ഥമെഴുതിവച്ച വിദേശീയരെ പിന്തുടരുന്ന അന്ധവിശ്വാസികളായ അക്കാദമീഷ്യര്‍ ഇവിടെയും ഉണ്ട്. അവര്‍ക്ക് ‘മേക്സ്മ്യൂലര്’ ഋഷിയാണ്. പ്രവാകനാണ്.
പാരമാര്‍ത്ഥിക ജനം ഗതാനുഗതികത്വം വിടില്ല. അഥര്‍വ്വത്തിലെ ആദ്യ മന്ത്രത്തിലെ ‘ഏക’ ശബ്ദത്തിന്റെ സ്ഥാനത്ത് തുടര്‍ന്ന് വരുന്ന മന്ത്രങ്ങളില്‍ ക്രമശഃ ദ്വി, ത്രി എന്നിങ്ങനെ വരുന്നു. ഏറെ മനനവും തപസും ആവശ്യമാണ് ഈ ശബ്ദങ്ങള്‍ ഗ്രഹിക്കുന്നതിന്. അര്‍ത്ഥം മനസ്സിലാക്കിയാല്‍ ഈ സന്ദേശം ലോകത്തെ മംഗളവും മനോജ്ഞവുമാക്കി തീര്‍ക്കും. ജീവിതം ഒരു അപൂര്‍വ രാഗമാകും. വൃത്തിയാകട്ടെ ലോകാദ്യാനത്തിലെ സുന്ദര പുഷ്പവും. ഈശ്വരനെ ഉള്ക്കൊള്ളുന്നതാരാണ്? ജീവാത്മാവ്. നമ്മുടെ മുന്പില് ഈശ്വരനും ജീവാത്മാക്കളുമുണ്ട്. ജീവാത്മാവിനെക്കുറിച്ചും ശരിയാംവണ്ണം ഗ്രഹിക്കണം. വൃഷസൂക്തത്തിലെ രണ്ടാം മന്ത്രം ഈ സത്യം വെളിവാക്കുന്നു.
‘യതിദ്വി വൃഷോ സിസ്യജാരസോ സി’
ഹേ മനുഷ്യാ! ഈശ്വരനെക്കുറിച്ചും സ്വാത്മാവിനെക്കുറിച്ചുമുള്ള യഥാര്‍ത്ഥ ജ്ഞാനത്തിലൂടെ ശക്തി സമ്പാദിച്ച് ഈ ജനതതിക്കുവേണ്ടി സമസ്തവും ഉപയുക്തമാക്കുക. അല്ലാത്തപക്ഷം നീ കേവലം ഉപയോഗശൂന്യമായി ഭവിക്കും. ഇവിടെ അടുക്കിയ വാക്കുകള്‍ ശ്രദ്ധിക്കുക. ഇവിടെ തന്നിരിക്കുന്ന ‘ദ്വിവൃഷഃ’ എന്ന ശബ്ദത്തിന്റെ അര്‍ത്ഥം എന്താണെന്ന് നോക്കാം. ദ്വാദ്യാവ് – പരമാത്മനാ ച ദ്വയോഃ ശാക്തിയോഃ ഉത്കര്‍ഷേണ ഉന്നത്ത്യാവാവൃക്ഷഃ – എന്ന് പാണിനി (2-1-4) അതായത് ഈശ്വരനെക്കുറിച്ചും ജീവാത്മാവിനെക്കുറിച്ചുമുള്ള യഥാര്‍ത്ഥ ജ്ഞാനത്തിലൂടെ ശക്തി സമ്പാദിക്കൂ. ആത്മാവിന്റെ ദ്വിമുഖ വികാസം കൊണ്ട് ശക്തിമാനാകുമെന്ന് ഉദ്ഘോഷിക്കുന്നതാണ് മന്ത്രം. ഇവിടെ ശക്തി സ്വരൂപിക്കുന്നതിന്റെ യഥാര്‍ത്ഥമായ വഴി നമുക്ക് കിട്ടുന്നു. സമ്പത്തുകൊണ്ടോ അധികാരംകൊണ്ടോ നമുക്ക് ലഭിക്കുന്ന ശക്തി കേവലം നശ്വരം മാത്രം. ഇതുകൊണ്ടത്രേ പ്രശസ്തനായ നെപ്പോളിയന് ഇങ്ങനെ പറഞ്ഞത് : “ഞാനും ജൂലിയസ് സീസറുമെല്ലാം ഈ ഭൂമിയില്‍ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചു. എന്നാലിന്ന് അവയൊക്കെ എവിടെ?” മണ്തരികള്ക്കിടയില്പോലും ആ സാമ്രാജ്യങ്ങളുടെ ഭൂതകാല അവശിഷ്ടങ്ങള്‍ ദൃശ്യമല്ല.
ഭാരതീയ ആത്മജ്ഞാനം ഭൗതികത്തെ നിഷേധിക്കുന്നതല്ല. ഭൗതികതയുടെ അനന്തവിപുലമായ പ്രമേയങ്ങള്‍ കണ്ടെത്തുന്നതിനും അവയ്ക്ക് പങ്കുണ്ട്. ഭാരതീയ തത്വദര്‍ശനം പ്രപഞ്ചത്തെ സൂക്ഷ്മദര്‍ശനത്തിന് തന്നെ വിധേയമാക്കുന്നു. ഈ പ്രപഞ്ചത്തിനെക്കുറിച്ചുള്ള നിഗൂഢമായ ജ്ഞാനമാണ് ആ ദര്‍ശനങ്ങളുടെ ലക്ഷ്യം തന്നെ. ഈ ദര്‍ശനം 25 പദാര്‍ത്ഥങ്ങളെക്കുറിച്ച് വിവരിക്കുന്നു. അവയിലെ പരമമായ തത്ത്വങ്ങളാണ് ഈശ്വരനും ജീവാത്മാവുമെന്ന് സാംഖ്യം സമ്മതിക്കുന്നു. ‘സാംഖ്യത്തില്‍ പറയുന്ന ആ രണ്ടു പ്രമുഖ തത്വങ്ങളെ അനുസ്മരിച്ചാണ് ‘ദ്വി’എന്ന് മന്ത്രത്തില്‍ പറയുന്നത്. ഇവിടെ ഒരു കാര്യം സൂചിപ്പിക്കട്ടെ, ചില അക്കാദമിക് പണ്ഡിതന്മാര് സാംഖ്യദര്‍ശനം നിരീശ്വരമാണെന്ന് വാദിക്കുന്നു. വാസ്തവത്തില്‍ സാഖ്യം ജഗത്തിന്റെ ഉപാദാനകാരണമാണ്. ഈശ്വരന് എന്ന വാദത്തെയാണ് നിഷേധിക്കുന്ന. ഈശ്വരാനാണ് അധിഷ്ഠാതാവെന്ന് സാഖ്യം വാദിക്കുകയും ചെയ്യുന്നു. അധിഷ്ഠാതാവിന് പ്രകൃതിയുമായി ബന്ധമുണ്ടാകുന്നതെന്തിനെന്ന സംശയമുണ്ടാകാം. കപില മഹര്‍ഷി ഇതിനുത്തരം പറയുന്നു. “സഹി സര്‍വ്വവിത് സര്വകര്ത്താ – അവനാണല്ലോ സര്വന്യാപകനും സര്‍വാന്തര്യാമിയും സമസ്ത വിശ്വാസത്തിന്റെ രചയിതാവും.” ഇങ്ങനെയുള്ള ഈശ്വരസിദ്ധി ഉറപ്പായി സിദ്ധിച്ചുവെന്നും കപിലന് സ്പഷ്ടമാക്കുന്നു.
– ആചാര്യ എം.ആര്.രാജേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: