തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ പ്രസിദ്ധമായ മകംതൊഴല്‍ ഇന്ന് നടക്കും. രാവിലെ ഓണക്കുറ്റിചിറയില്‍ ആറാട്ടിനും പറയെടുപ്പിനും ശേഷം പൂരപ്പറമ്പില്‍ നിന്ന് ഏഴ് ഗജവീരന്മാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തി നിത്യചടങ്ങുകള്‍ക്കും ശ്രീഭൂതബലിക്കും ശേഷം ഒരുമണിക്ക് അലങ്കാരത്തിനായി ക്ഷേത്രനട അടയ്ക്കും. വിവിധ സ്വര്‍ണ്ണമാലകളും ആയുധമാല, പുഷ്പഹാരങ്ങള്‍ എന്നിവ ഉടയാടകള്‍ക്ക് മുകളില്‍ ചാര്‍ത്തി പ്രത്യേകം തങ്കഗോളകയോടെ മിഥുന ലഗ്നത്തില്‍ ഉച്ചക്ക് 2ന് ദര്‍ശനത്തിനായി അഷ്ടലക്ഷ്മീ മുദ്രാങ്കിതമായ വെള്ളി വാതില്‍തുറക്കുന്നതോടെ മകം തൊഴല്‍ ആരംഭിക്കും. വില്വമംഗലം സ്വാമിയാര്‍ക്ക് ദേവി സര്‍വ്വാഭരണഭൂഷിതയായി ദര്‍ശനം നല്‍കിയതിനെ അനുസ്മരിച്ചാണ് മകം തൊഴല്‍ നടക്കുന്നത്. ഈ സമയം ദര്‍ശനം നടത്തുന്നതുകൊണ്ട് സ്ത്രീകള്‍ക്ക് മംഗല്യസിദ്ധിയും നെടുംമംഗല്യത്തിനും പ്രാധാന്യമുള്ളതുകൊണ്ട് സ്ത്രീകളാണ് അധികമായി ദര്‍ശനത്തിന് എത്തുന്നത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി അനേകം ഭക്തജനങ്ങള്‍ നേരത്തെ തന്നെ ക്ഷേത്രത്തിലെത്തും. ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്തുന്നതിന് പ്രത്യേകം സൗകര്യങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ ചോറ്റാനിക്കര ഗവ. ഹൈസ്കൂളില്‍ സജ്ജമാക്കുന്ന ക്യൂവിലൂടെ പടിഞ്ഞാറെ നടയില്‍ എത്തി ഗോപുരത്തിലൂടെ വന്ന് വടക്കേ നടയിലൂടെ അകത്ത് പ്രവേശിച്ച് ശാസ്താവിനെയും ദേവിയെയും ദര്‍ശനം നടത്തി പടിഞ്ഞാറെ നടയിലൂടെ പുറത്തേക്ക് പോയി കീഴ്ക്കാവില്‍ ദര്‍ശനം നടത്തേണ്ടതാണ്. പുരുഷന്മാര്ക്കൊപ്പം വരുന്ന സ്ത്രീകള്‍ വടക്കേ പൂരപ്പറമ്പിലൂടെ ക്യൂവില്‍ അകത്തുവന്ന് കിഴക്കേനടയിലൂടെ ദര്‍ശനം നടത്താവുന്നതാണ്. ഭക്തജനങ്ങള്‍ക്കായി സംഭാരം, ചുക്കുവെള്ളം, ലഘുഭക്ഷണം, ആരോഗ്യസേവനം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസും വളണ്ടിയര്‍മാരും സന്നദ്ധസേവക പ്രവര്‍ത്തകരും ഓരോ ഭാഗത്തും ഉണ്ടാകും.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഐജി കെ. പത്മകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 900 പോലീസുദ്യോഗസ്ഥരെ മകം ദിവസം നിയോഗിക്കുവാന്‍ തീരുമാനിച്ചു. ഫയര്‍ ആന്റ് റസ്ക്യൂ 24 മണിക്കൂറും ആരോഗ്യസംബന്ധമായി ആംബുലന്‍സോടെ സൗകര്യം, ഇന്‍ഷുറന്‍സ് എന്നിവയും ഏര്‍പ്പെടുത്തും. മകം സംബന്ധിച്ച് ക്ഷേത്രത്തിലും സ്കൂളിലും പ്രധാന റോഡിലും പന്തലും ബാരിക്കേഡുകളും സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: