ശതാബ്ദിയാഘോഷത്തിന്റെ അടുത്തെത്തി നില്ക്കുന്ന എന്‍എസ്എസിന്റെ സമുന്നത നേതാക്കളില്‍ അഗ്രഗണ്യനായിരുന്നു ഇന്നലെ അന്തരിച്ച പി.കെ.നാരായണപണിക്കര്‍. നാലു പതിറ്റാണ്ടിലധികം എന്‍എസ്എസിന്റെ നേതൃനിരയില്‍ സുപ്രധാന സ്ഥാനമാണ് അദ്ദേഹം വഹിച്ചിരുന്നത്. ദീര്‍ഘകാലം ട്രഷറര്‍ ആയും 28 വര്‍ഷം ജനറല്‍ സെക്രട്ടറിയായും ഒടുവില്‍ ചെയര്‍മാനായും നാരായണ പണിക്കര്‍ പ്രവര്‍ത്തിച്ചു. 31 വര്‍ഷം ജനറല്‍ സെക്രട്ടറിയായിരുന്ന മന്നത്തു പദ്മനാഭനു ശേഷം ഇത്രയും ദീര്‍ഘകാലം ഈ പദവിയില്‍ മറ്റൊരാള്‍ ഇരുന്നിട്ടില്ല. സാമൂഹ്യ സേവനവും സമുദായ ക്ഷേമവും മുഖ്യഅജണ്ടയായി കണ്ട നാരായണ പണിക്കര്‍ പല പ്രത്യേകതകളും ഉള്ള വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു. നിലപാടുകളിലെ കാര്‍ക്കശ്യവും ജീവിതത്തിന്റെ ലാളിത്യവും നാരായണപ്പണിക്കരുടെ പ്രത്യേകതകളായിരുന്നു. സമുദായത്തിനു ദോഷകരമായി വരുന്നതിനെയെല്ലാം അദ്ദേഹം എതിര്‍ത്തു. ഇക്കാര്യത്തില്‍ വ്യക്തികളോ സൗഹൃദങ്ങളോ അദ്ദേഹം നോക്കിയില്ല. രാഷ്ട്രീയ ബന്ധങ്ങളും ഇതിന് തടസ്സമായില്ല. സമുദായത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍നിന്ന് ഒരിക്കല്‍ പോലും വ്യതിചലിച്ചില്ല. പൊതുസമൂഹത്തിന്റെ താല്പര്യം മറക്കാതെയും എന്നാല്‍ സ്വന്തം സമുദായത്തിന്റെ താല്പര്യങ്ങള് സംരക്ഷിച്ചും അദ്ദേഹം മുന്നോട്ടുപോയി. അതുകൊണ്ടുതന്നെ എല്ലാ സമുദായങ്ങളിലുള്ളവരും അദ്ദേഹത്തെ ബഹുമാനിച്ചു.
ജീവിതത്തിലെ ലാളിത്യമാകട്ടെ, ചങ്ങനാശേരിയില്‍നിന്നു കോട്ടയത്തേക്കുള്ള എംസി റോഡരികിലെ അദ്ദേഹത്തിന്റെ ചെറിയ വീട്ടിലേക്കു കയറുമ്പോഴേ അറിയാമായിരുന്നു. കോടികളുടെ ആസ്തിയുള്ള പ്രസ്ഥാനത്തിന്റെ അമരക്കാരനായപ്പോഴും ധരിക്കുന്ന ഖാദിയില്‍ മാത്രമല്ല വീട്ടില്‍ ആകെയുമുള്ളത് ഗാന്ധിയന്‍ രീതികളായിരുന്നു. 1970ലായിരുന്നു നാരായണ പണിക്കരുടെ എന്‍എസ്എസിലേക്കുള്ള വരവ്. 74ല്‍ ട്രഷറര്‍ ആയി. 1984ല്‍ കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് നാരായണ പണിക്കര്‍ ഈ സ്ഥാനത്തെത്തിയത്. നാലുകെട്ടും കേസുകെട്ടും കുതിരക്കെട്ടുമായി നടന്ന് അധഃപതിച്ച ഒരു സമുദായത്തെ ആത്മാഭിമാനത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന് ധീരമായ നേതൃത്വമാണ് എന്‍എസ്എസിന് നാരായണ പണിക്കര്‍ നല്‍കിയത്. സമുദായത്തിനെന്ന പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നാരായണ പണിക്കര്‍ പ്രിയങ്കരനായിരുന്നു. തെരഞ്ഞെടുപ്പെത്തുമ്പോള്‍ രാഷ്ട്രീയ നേതാക്കളെല്ലാം പെരുന്നയിലേക്കും നാരായണ പണിക്കരുടെ വസതിയിലേക്കും തീര്‍ഥാടനം പോലെ എത്തുന്നത് പതിവായിരുന്നു. ആദര്‍ശത്തിലുറച്ചുനിന്ന് അവസരത്തിനൊത്ത് തീരുമാനങ്ങളെടുക്കുന്നതില്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. എന്‍എസ്എസിന്റെ സൃഷ്ടിയായ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ലക്ഷ്യത്തില്‍നിന്നും വ്യതിചലിച്ച് വ്യക്തിതാത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കിയപ്പോള് ആ സംഘടന തന്നെ പിരിച്ചുവിട്ട് പ്രത്യക്ഷ രാഷ്ട്രീയത്തോട് അകലം പ്രഖ്യാപിച്ച എന്‍എസ്എസിന്റെ സമദൂര സിദ്ധാന്തം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നെങ്കിലും സമുദായത്തിന് അതുകൊണ്ട് കോട്ടം തട്ടാതെ നോക്കാന്‍ നാരായണ പണിക്കരുടെ നയചാതുരി കൊണ്ട് സാധിച്ചു.
വ്യക്തിപരമായി പരിമിതമായ ആവശ്യങ്ങളെ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ആഹാരത്തിലും അങ്ങനെതന്നെ. തികഞ്ഞ സസ്യഭുക്കായിരുന്നു അദ്ദേഹം. കുറച്ചു ഭക്ഷണം മാത്രം. യോഗാസനങ്ങള്‍ ചെയ്യുമായിരുന്നു. പത്താം വയസ്സു മുതല്‍ ശീലിച്ചതാണു യോഗാസനം. കാറില്‍ നീണ്ട യാത്ര പോകുമ്പോള്‍ അതില്‍ പത്മാസനത്തിലിരുന്ന് ഉറങ്ങുമായിരുന്നു. നിത്യവും രാവിലെ എണ്ണ തേച്ചു കുളി ചെറുപ്പത്തിലേ ശീലിച്ചതാണ്. അത് മുടക്കം കൂടാതെ തുടര്‍ന്നു പോന്നു. ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി അംഗമായിരുന്ന നാരായണ പണിക്കര്‍ ഗുരുവായൂരപ്പനെ കണ്ടു വണങ്ങുക എന്നത് ശീലമാക്കിയിരുന്നു. ഗുരുവായൂര്‍ വഴി യാത്രയുണ്ടെങ്കില്‍ അവിടെ ഒരു ദിവസം തങ്ങുമായിരുന്നു. തൊഴുതിട്ടു പോകും. 48 വര്‍ഷം തുടര്‍ച്ചയായി വ്രതമെടുത്തു ശബരിമല നടന്നു കയറിയിട്ടുണ്ട്.
ശബരിമലയുടെ പവിത്രത കാത്തു സൂക്ഷിക്കാനും അതിന്റെ വികസനങ്ങള്‍ക്കു വേണ്ടിയും ഒരുപാട് പ്രയത്നിച്ചിട്ടുള്ള നാരായണ പണിക്കര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണം കുറ്റമറ്റതാക്കുന്നതിനു വേണ്ടി സ്വന്തക്കാരെയും ബന്ധുക്കളെ പോലും വിഷമിപ്പിക്കും വിധം നിലപാടെടുത്തിട്ടുള്ളതും ശ്രദ്ധേയമാണ്. ക്ഷേത്രത്തില്‍ പോകുമ്പോള്‍ ആല്‍ത്തറയിലിരിക്കണം. എപ്പോഴും ഓക്സിജനുണ്ടാവും ആല്‍മരക്കീഴില്‍. ആ അന്തരീക്ഷം ശക്തി പകരുമെന്നത് നാരായണ പണിക്കരുടെ സാരോപദേശങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
കൃഷിയും വായനയുമായിരുന്നു ഏറ്റവും ഇഷ്ടമുള്ള വിനോദം. കവിതകളും നോവലുകളും ലേഖനങ്ങളുമെല്ലാം ഒരുപാടു വായിച്ചു. പത്തു മൂവായിരം പേജുള്ള പുസ്തകങ്ങള്‍ അങ്ങനെ ഒരുപാടു വായിച്ചു. വീടിനോടു ചേര്‍ന്നുള്ള സെന്റ് തെരേസാസ് സ്കൂളിലായിരുന്നു ബാലപാഠം. പിന്നെ പെരുന്ന സ്കൂളിലായി. എസ് ബി കോളജില്‍ 1946 മുതല്‍ 50 വരെ. തുടര്‍ന്ന് എറണാകുളത്തു മഹാരാജാസ് ലോ കോളജില്‍ ചേര്‍ന്നു. അച്ഛന് നാരായണപ്പണിക്കര്‍ വക്കീലാകണമെന്നാണ് ആഗ്രഹിച്ചിരുന്നത്. അച്ഛന്റെ ആഗ്രഹം സഫലീകരിച്ച് പണിക്കര്‍ 1955ല്‍ സന്നതെടുത്തു. 39 കൊല്ലം വക്കീലായി ജോലി നോക്കി. ചങ്ങനാശേരിയില്‍ വക്കീലായി ജോലി നോക്കുമ്പോഴാണു വിമോചന സമരം. ഇതില്‍ സജീവമായി പങ്കെടുത്തു. മന്നത്തു പദ്മനാഭനെപ്പോലെ വക്കീല്‍ പണി ഉപേക്ഷിച്ചുകൊണ്ടു തന്നെയാണ് നാരായണ പണിക്കരും സമുദായ സേവനത്തിന് മുന്നിട്ടിറങ്ങിയത്. മന്നത്തിന്റെ പ്രധാനപ്പെട്ട ആഗ്രഹം ഹൈന്ദവ ഐക്യമായിരുന്നു. അവസാന കാലത്ത് നാരായണ പണിക്കരുടെ ശ്രമവും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയായി. ചില തത്പരകക്ഷികള്‍ ഈ ലക്ഷ്യം നിറവേറ്റുന്നതിന് തടസ്സമായെങ്കിലും വരുംതലമുറ മന്നത്തിന്റെയും നാരായണ പണിക്കരുടെയും ആഗ്രഹ പൂര്‍ത്തീകരണത്തിന് മുന്നിട്ടിറങ്ങുമെന്ന് ആശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: