കൊച്ചി: മലയാളത്തില്‍ ഒരു നടന് സെലക്ടീവായാല്‍ വീട്ടിലിരിക്കേണ്ടിവരുമെന്ന് നടന് മുകേഷ്. നല്ല സിനിമ അഭിനയിക്കുന്നതോടൊപ്പം തന്നെ ഗ്യാപ്പ് വരാതിരിക്കുകയും വേണം. അഭിനയ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയില്‍ എറണാകുളം പ്രസ്സ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂപ്പര്‍സ്റ്റാര്‍ ഡോ. സരോജ്കുമാര്‍ എന്ന് ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാറുകളെ പരിഹസിക്കുന്നുണ്ടെന്ന വാദം ശരിയല്ല. വെറും ബാലിശമായ ആരോപണമാണ്. മമ്മൂട്ടിക്കോ മോഹന്‍ലാലിനോ ഇക്കാര്യത്തില്‍ യാതൊരു പ്രശ്നവുമില്ല. സൂപ്പര്‍ താരങ്ങളുടെ കൂടെനില്ക്കുന്നവരാണ് പ്രശ്നം. അവരുടെ പ്രീതി പിടിച്ചുപറ്റുവാന്‍ വേണ്ടി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.
കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംവിധായകര്‍ നിലനില്ക്കും. അല്ലാത്തവര്‍ പിന്തള്ളപ്പെടും. പുതിയ സംവിധായകരുടെയും തലമുറയുടെയും കടന്നുവരവ് സ്വാഗതാര്‍ഹമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നാടകരംഗത്ത് ഒട്ടേറെ പുരോഗതിയുണ്ടായിട്ടുണ്ട്. ടാലന്റ് ഉള്ളവര്‍ നാടകരംഗത്ത് നില്ക്കുവാന് മടിക്കുന്നു. നടിമാരെ കിട്ടാനും ബുദ്ധിമുട്ടാണ്. എന്നാല്‍ സീരിയലില്‍ ഒരു എപ്പിസോഡിന് ആയിരങ്ങള്‍ കിട്ടും. അതിലൂടെ ജീവിച്ച് പോകുവാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. നാടകത്തിനായി ഒട്ടേറെ ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും.
മോഹന്‍ലാലുമൊരുമിച്ച് ജ്വാലാമുഖി എന്ന നാടകം എടുക്കുമ്പോള്‍ ഒട്ടേറെ തയ്യാറെടുപ്പുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു. എന്നാല്‍ അതൊരു വന്‍ വിജയമായിരുന്നു.
ഒരു ഹാസ്യനടനെന്നറിയപ്പെടുന്നതില് സന്തോഷമുണ്ട്. എന്നാല്‍ ഹാസ്യം മാത്രമല്ല സീരിയസായ ഒട്ടേറെ റോളുകള്‍ക്ക് ശേഷമാണ് ഹാസ്യം ഉണ്ടാവുന്നത്. ടിവി ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ ബ്രാന്റ് ചെയ്യപ്പെടുകയാണ്. ഇത് ശരിയല്ല. ഒരു ചാനലില്‍ പരിപാടി അവതരിപ്പിച്ചതിന്റെ പേരില്‍ മറ്റ് ചാനലുകാര് തിരസ്കരിക്കുന്നതും ശരിയല്ലായെന്നും മുകേഷ് പറഞ്ഞു. ഡീല്‍ ഓര് നോ ഡീല്‍ 200 എപ്പിസോഡ് പിന്നിട്ടു. ലോകത്തെരിടത്തും സാമൂഹ്യപ്രതിബദ്ധയുള്ള ഒരു പരിപാടി ഇത്രയും എപ്പിസോഡ് പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല. മുകേഷ് ഫൗണ്ടേഷന്റെ പേരില്‍ ഇപ്പോള്‍ വ്യക്തിപരമായ സഹായങ്ങളാണ് ചെയ്യാറ്. ആരുടെയെങ്കിലും ധനം സ്വീകരിച്ച് സഹായം നല്കിയാല് പണത്തിന്റെ ഉറവിടം കാണിക്കല്‍ വലിയ പ്രശ്നമാണെന്നും മുകേഷ് പറഞ്ഞു.
കൃഷ്ണസ്വാമി റെഡ്ഡ്യാര്‍ നിര്‍മ്മിച്ച ബലൂണിലൂടെയാണ് തുടക്കം. ബോയിംഗ് ബോയിംഗിന് ശേഷമാണ് ഈ രംഗത്ത് ഗൗരവമായി ചിന്തിക്കുന്നത്. ബോയിംഗ് ബോയിംഗ് ഒരു ടേക് ഓഫ് ആയിരുന്നു. അതിലെ തമാശ ഒരു ജീവിതം നല്‍കുകയായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
പ്രസ്സ് ക്ലബ് സെക്രട്ടറി എം.എസ്. സജീവന് സ്വാഗതവും ലേബി നന്ദിയും പറഞ്ഞു. ആര്.ആര്. ജയറാം ഉപഹാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: