ദാനങ്ങളില് ഏറ്റവും മഹത്തരമായത് അന്നദാനമെന്ന് പ്രസിദ്ധിയുണ്ട്. പത്മപുരാണങ്ങളില് ഇക്കാര്യം സൂചിപ്പിക്കുന്നു. മറ്റ് ഏതൊരു ദാനവും അന്നദാനത്തിന്റെ പതിനാറിലൊന്നുപോലും മേന്മയുള്ളതല്ലെന്ന് വിഷ്ണുധര്മ്മോത്തരത്തിലും പറയുന്നു. അന്നദാതാവിനെ പിതൃസ്ഥാനീയനായും വാഴ്തപ്പെടുന്നു.
വിശന്നുപൊരിഞ്ഞ ഒരാള്‍ക്ക് അന്നം ലഭിക്കുമ്പോഴുള്ള ആശ്വാസവും അത് ഭക്ഷിച്ചശേഷമുള്ള തൃപ്തിയും അന്നദാതാവിന് അനുഗ്രഹങ്ങളായി പരിണമിക്കുന്നു. മറ്റേതൊരു ദാനം കൊണ്ടും വാങ്ങുന്ന ആളിന് പൂര്‍ണതൃപ്തി വരണമെന്നില്ല. ഭൂമി, വസ്ത്രം, സ്വര്‍ണ്ണം അങ്ങനെ എന്തുകൊടുത്താലും, വാങ്ങുന്നയാളിന് കുറച്ചുകൂടി ലഭിച്ചാല്‍ അതും അയാള്‍ വാങ്ങും. അന്നമാകട്ടെ, ഭക്ഷിച്ചുനിറഞ്ഞുകഴിഞ്ഞാല് നാം ‘മതി’ എന്നുപറയും. അവിടെ അന്നദാനത്തിലൂടെ നാം ഏറ്റുവാങ്ങിയ ആളിന് പൂര്ണതൃപ്തിയാണുണ്ടാകുന്നത്. ഇത് മറ്റൊരു ദാനം കൊണ്ടും സിദ്ധിക്കുന്നില്ല.
ആയിരം കൊമ്പനാനകള്‍, ആയിരം പടക്കുതിരകള്‍ ഒരു കോടി പശുക്കള്‍, നവരത്നങ്ങള്‍ പതിച്ച അനവധി സ്വര്‍ണാഭരണങ്ങള്‍, പാത്രങ്ങള്‍, ഭൂമി, സമുദ്രത്തോളം സ്ഥലം വിശുദ്ധകുലത്തില് ജനിച്ച കോടി കന്യകളുടെ ദാനം എന്നിങ്ങനെ അവധി ദാനങ്ങള്‍ ചെയ്താലും ഇതൊന്നും അന്നദാനഫലത്തിന് തുല്യമാകുന്നില്ല എന്നാണ് ഇവിടെ അന്നദാനത്തെ പ്രകീര്‍ത്തിക്കുന്നത്.
ശൂദ്രകോടി സഹസ്രാണാം, ഏകം വിപ്രതു ഭോജയേല്‍
വിപ്രകോടി സഹസ്രാണാം ഏകം വിഷ്ണു പ്രതിഷ്ഠിതം
വിഷ്ണുകോടി സഹസ്രാണാം ഏകാരുദ്രപ്രതിഷ്ഠിതം
രുദ്രകോടി സഹസ്രാണാം ഏകോജ്ഞാനിഹി ഭോജ്യതാം
ഒരു കോടി ശൂദ്രര്‍ക്ക് അന്നദാനം ചെയ്യുന്ന ഫലം ഒരു ബ്രാഹ്മണന് അന്നദാനം ചെയ്യുന്നതുകൊണ്ടും, ഒരു കോടി ബ്രാഹ്മണഭോജനത്തിന്റെ ഫലം ഒരു വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ കഴിപ്പിക്കുന്നതുകൊണ്ടും, ഒരു കോടി വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠിക്കുന്നതിന്റെ ഗുണം ശിവക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുന്നതുകൊണ്ടും, ഒരു കോടി ശിവക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ കഴിപ്പിക്കുന്നതുകൊണ്ടുള്ള ഫലം ഒരു പരമജ്ഞാനിക്ക് ഭക്ഷണം നല്കുന്നതുകൊണ്ടും സിദ്ധിക്കുന്നു എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. പരമജ്ഞാനിക്ക് ഭക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യമാണ് ഇവിടെ കാണുന്നത്. പരമജ്ഞാനി എന്നാല്‍ ഈശ്വരസാക്ഷാത്കാരം കൈവരിച്ച ആള് എന്നാണര്‍ത്ഥം. അങ്ങനെയുള്ള വ്യക്തികളെ ഈ കലിയുഗത്തില്‍ കണ്ടെത്തുക എളുപ്പമല്ലല്ലോ. അതുകൊണ്ടാവാം നിര്‍മ്മലമനസ്സുള്ള ബാലകര്‍ക്ക് അന്നദാനം നല്കുന്ന ചടങ്ങി ചിലര്‍ നടത്തുന്നത്. അന്നം കൊടുക്കുന്നതും സ്വീകരിക്കുന്നതും സ്നേഹത്തോടെയും സന്തോഷത്തോടെയുമാവണമെന്ന് നിഷ്കര്‍ഷിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയായാല്‍ മാത്രമേ ഫലസിദ്ധിയുണ്ടാകൂ. പിറന്നാള്‍ തുടങ്ങിയ വിശേഷദിവസങ്ങളില്‍ അന്നദാനം നടത്തുന്നത്, ചിലവേറിയ ഹോമകര്‍മ്മങ്ങള്‍ തുടങ്ങിയവ നടത്തുന്നതിനേക്കാള്‍ ചിലവ് കുറഞ്ഞതും ഫലപ്രദവുമായ പരിഹാരകര്മ്മങ്ങളാണെന്ന് നാം തിരിച്ചറിയേണ്ടതാണ്.
– ഡോ. കെ.ബാലകൃഷ്ണവാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: