കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവയ്‌ക്കാന്‍ ഇറ്റാലിയന്‍ ഭടന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ആരാണെന്ന് ഹൈക്കോടതി ചോദിച്ചു. വെടിവയ്‌പില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം.
ഇത്രമാത്രം ആയുധങ്ങള്‍ കപ്പലില്‍ കയറ്റാനിടയായ സാഹചര്യം വ്യക്‌തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു. കപ്പലിലെ സുരക്ഷാസൈനികരുടെ പൂര്‍ണ നിയന്ത്രണം ക്യാപ്റ്റനാണോയെന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു കപ്പലുടമയുടെ മറുപടി. ഇറ്റാലിയന്‍ നേവിയും ഷിപ്പ് അസോസിയേഷനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും കപ്പലുടമയുടെ അഭിഭാഷകന്‍ അറിയിച്ചു.
നഷ്ടപരിഹാര പ്രശ്നം കോടതിക്ക് പുറത്ത് മധ്യസ്ഥതിയിലൂടെ തീര്‍ക്കാനാവുമോയെന്ന ചോദിച്ച ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്‌ണന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യത്തില്‍ ഉച്ചയ്‌ക്ക് 3.30നുള്ളില്‍ നിലപാട് അറിയിക്കാനും നിര്‍ദ്ദേശിച്ചു. അതേസമയം പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കടലിലെ വെടിവയ്‌പ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കുമെന്ന് ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. ശ്രദ്ധേയമായി.
എന്നാല്‍ തെരഞ്ഞെടുപ്പല്ല മത്സത്തൊഴിലാളികളെ വെടിവച്ചു കൊന്നതാണ് കോടതിക്ക് മുന്നിലെ വിഷയമെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി പറഞ്ഞു.
















