കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണം ആരംഭിച്ച് നാലാംദിനമായ ഇന്നലെ ആരും പത്രിക സമര്പ്പിക്കാനെത്തിയില്ല. ബിജെപി സ്ഥാനാര്‍ഥി അഡ്വ. കെ.ആര്. രാജഗോപാലും സ്വതന്ത്ര സ്ഥാനാര്‍ഥി പത്മരാജനും മാത്രമാണ് ഇപ്പോള്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. റിട്ടേണിങ് ഓഫീസര്‍ സര്‍വെ ഡപ്യൂട്ടി ഡയറക്ടര്‍ ഇ.ആര്. ശോഭന, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ പാമ്പാക്കുട ബിഡിഒ എം. അരവിന്ദാക്ഷന് നായര്‍ എന്നിവര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള ഹിയറിങ് ഇന്നലെ പൂര്‍ത്തിയായി. അന്തിമ വോട്ടര്‍ പട്ടിക 29ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസ് അടക്കമുള്ള തെരഞ്ഞെടുപ്പ് വിഭാഗം ഉന്നതോദ്യോഗസ്ഥര്‍ ഹിയറിങ്ങിന് മേല്‍നോട്ടം വഹിക്കാന്‍ ഇന്നലെ മൂവാറ്റുപുഴയിലെത്തിയിരുന്നു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച ചെലവ് നിരീക്ഷകന് കെ. വീരഭദ്രറെഡ്ഡി പിറവത്തെത്തി നിരീക്ഷകസംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി നിര്‍ദേശങ്ങള്‍ നല്കി. തെരഞ്ഞെടുപ്പ് ചെലവ്, പെരുമാറ്റച്ചട്ടലംഘനം എന്നിവ നിരീക്ഷിക്കുന്നതിനുള്ള സ്ക്വാഡുകളും വീഡിയോ സ്ക്വാഡുകളും ഫ്ലയിങ് സ്ക്വാഡുകളും മണ്ഡലത്തില്‍ സജീവമാണ്. പെരുമാറ്റച്ചട്ടം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ തിങ്കളാഴ്ച മൂവാറ്റുപുഴയില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേരും. അസിസ്റ്റന്റ് കളക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്വീര്ചന്ദിനാണ് പെരുമാറ്റച്ചട്ടം സംബന്ധിച്ച ചുമതല നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഉദ്യോഗസ്ഥതല സമിതികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ പോളിങ്ങിന് സജ്ജമാക്കുന്നതിന്റെ ചുമതല ഹുസൂര്‍ ശിരസ്തദാര്‍ കെ. രാജഗോപാലിനാണ്. ചെലവ് നിരീക്ഷണ ഓഫീസറായി ലോക്കല്‍ ഫണ്ട് സീനിയര്‍ ഡപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് റാഫിയെ നിയമിച്ചു. സെന്‍ട്രല്‍ എക്സൈസ് സൂപ്രണ്ട് പി.എ തോമസാണ് അസിസ്റ്റന്റ് എക്സ്പന്‍ഡിച്ചര്‍ ഒബ്സര്‍വര്‍. വീഡിയോ സര്‍വെയ്ലന്‍സ് ടീമിന് ആദായനികുതി വകുപ്പിലെ സീനിയര്‍ ടാക്സ് അസിസ്റ്റന്റ് കെ.എസ്. വേണുകുമാര്‍, ഇന്‍കം ടാക്സ് ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. സീനിയര്‍ ടാക്സ് അസിസ്റ്റന്റ് കെ.കെ. ദിനേശ്, ഇന്‍കം ടാക്സ് ഇന്‍സ്പെക്ടര്‍ കെ. വിശ്വനാഥപ്പണിക്കര്‍, ലാജ്.പി. ജേക്കബ് എന്നിവരാണ് വീഡിയോ വ്യൂവിങ് ടീമിന് മേല്‍നോട്ടം വഹിക്കുന്നത്.
അസിസ്റ്റന്റ് കളക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദിന്റെ മേല്‍നോട്ടത്തിലാണ് പെരുമാറ്റച്ചട്ടം നിരീക്ഷിക്കുന്നതിനുള്ള സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഡിവൈ.എസ്.പി കെ.വി. വിജയന്, അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ. ജമാലുദ്ദീന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. രാജഗോപാല്‍, ഷിബു പോള്‍, പി.കെ. ലിസ്മോന്‍, കെ.എ. ഷിഹാബുദ്ദീന് എന്നിവര്‍ സ്ക്വാഡുകള്‍ക്ക് നേതൃത്വം നല്കുന്നു. പെയ്ഡ് വാര്‍ത്തകളും പരസ്യങ്ങളും നിരീക്ഷിക്കുന്നതിനുള്ള മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിങ് കമ്മറ്റിയുടെ ചുമതല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഇ.കെ. സുജാതയ്ക്കാണ്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെയും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും ഡപ്യൂട്ടി ഡയറക്ടര്‍മാരും ഡിഎവിപി ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസറും കമ്മിറ്റിയില്‍ അംഗങ്ങളാണ്.
സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീമിന് സ്പെഷ്യല്‍ തഹസില്‍ദാര്‍ പ്രസന്നനും ഫ്ലയിങ് സ്ക്വാഡ് ടീമിന് സ്പെഷ്യല്‍ തഹസില്‍ദാര്‍ എം.പി ജോസും മേല്‍നോട്ടം വഹിക്കുന്നു. പോളിങ് ഓഫീസര്‍മാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനുള്ള നോഡല്‍ ഓഫീസറായി ജില്ലാ മെഡിക്കല്‍ ഓഫീസറെയും നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: