കണ്ണൂര്‍: കഴിഞ്ഞദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി അരങ്ങേറിയ സിപിഎം-ലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെതിരെ മുസ്ലീംലീഗില്‍ അമര്‍ഷം പുകയുന്നു. കഴിഞ്ഞദിവസം മുസ്ലീംലീഗ് ജില്ലാനേതൃത്വവും യൂത്ത്ലീഗ് നേതൃത്വവും പ്രത്യേകം പ്രത്യേകം നടത്തിയ പത്രസമ്മേളനങ്ങളില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് അഴിച്ചുവിട്ടത്. പുതുതായി നിയമിതനായ ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്.നായര്‍ സിപിഎം നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുകയാണെന്നും ആഭ്യന്തരവകുപ്പില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുനീതിയും ലഭിക്കാത്തത് വേദനാജനകമാണെന്നും യൂത്ത്ലീഗ് ജില്ലാ ട്രഷറര്‍ വി.പി.മൂസാന്‍കുട്ടി പത്രസമ്മേളനത്തില്‍ രോഷാകുലനായി പ്രതികരിച്ചു. മാര്‍ക്സിസ്റ്റ് അക്രമത്തെ പ്രതിരോധിക്കുന്നത് തീവ്രവാദമാണെങ്കില്‍ ആ തീവ്രവാദം തങ്ങള്‍ തുടരുമെന്നും യൂത്ത്ലീഗ് നേതാവ് പറഞ്ഞു.
മുസ്ലീംലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് ജില്ലയിലുടനീളം പോലീസ് പീഡിപ്പിക്കുകയാണെന്നും ഭരണം മാറിയിട്ടും ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥന്മാര് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് ഭരണരംഗത്തടക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മുസ്ലീംലീഗ് ജില്ലാ പ്രസിഡണ്ട് വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവിയും കെ.എം.ഷാജി എംഎല്‍എയും മുന്നറിയിപ്പ് നല്കി. പോലീസില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ പട്ടുവം അരിയിലെ ലീഗ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂര്‍ കൊലക്കേസടക്കമുള്ള അക്രമസംഭവങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
അബ്ദുള്‍ ഷുക്കൂര്‍ വധം ബംഗാള്‍ മോഡല്‍ നക്സലൈറ്റ് ആക്രമണത്തിന്റെയും മറ്റും മാതൃകയിലുള്ളതായതിനാല് പ്രസ്തുത കൊലക്ക് അന്തര്‍സംസ്ഥാന മാനങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ കേരള പോലീസ് അന്വേഷിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും തീവ്രവാദ കേസുകളന്വേഷിക്കുന്ന എന്‍ഐഎയെ തന്നെ ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെയും പത്രസമ്മേളനത്തില്‍ കെ.എം.ഷാജി നിശിതമായി വിമര്‍ശിച്ചു. മുമ്പൊരുതവണ ആക്രമണത്തിനിരയായ ജയരാജന് അതുകൊണ്ടുതന്നെ ആക്രമണങ്ങളെ സ്വയം ആസ്വദിക്കുന്ന മാനസികാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് താന്‍ അക്രമിക്കപ്പെട്ടുവെന്നും പറഞ്ഞ് സ്വയം വസ്ത്രമുരിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്തതെന്നും ഈ രീതി ഒരു രാഷ്ട്രീയ നേതാവിനും ഭൂഷണമല്ലെന്നും ഷാജി ചൂണ്ടിക്കാട്ടി.
മുസ്ലീംലീഗ് ജില്ലാ നേതൃത്വവും യൂത്ത്ലീഗും നടത്തിയ പത്രസമ്മേളനങ്ങള്‍ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് ജില്ലാ നേതൃത്വത്തിലുണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളും മറനീക്കി പുറത്തുവരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി. സാധാരണ യുഡിഎഫ് ഘടകകക്ഷികളിലെ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങളുണ്ടാകുമ്പോള്‍ യുഡിഎഫ് ജില്ലാ നേതൃത്വം കൂട്ടായി പത്രസമ്മേളനം വിളിച്ചാണ് സംഭവത്തില്‍ പ്രതികരിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ യുഡിഎഫിലെ മറ്റൊരു ഘടകകക്ഷിയും മാര്‍ക്സിസ്റ്റ് അക്രമത്തില്‍ പ്രതിഷേധിക്കാന്‍ മുസ്ലിംലീഗിനോടൊപ്പമുണ്ടായില്ലെന്നതും മുന്നണിയിലെ ഭിന്നിപ്പിന്റെ ആഴം വ്യക്തമാക്കുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊലയിലടക്കം കലാശിച്ച മാര്‍ക്സിസ്റ്റ് ഭീകരതക്കെതിരെ സാധാരണ മാര്‍ക്സിസ്റ്റ് അക്രമങ്ങളില്‍ അതിരൂക്ഷമായി പ്രതികരിക്കുന്ന കെ.സുധാകരന് എംപി പോലും നാമമാത്രമായാണ് പ്രതികരിച്ചതെന്നതും മറ്റ് ഘടകകക്ഷി നേതാക്കളില്‍ പലരും മുസ്ലീംലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ട പ്രദേശത്തടക്കം തിരിഞ്ഞുനോക്കിയിട്ടില്ലെന്നതും ലീഗ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെയാണ് മുഖ്യഘടകകക്ഷിയായ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരെ അതിനിശിതമായ വിമര്‍ശനം ലീഗ് നേതൃത്വം അഴിച്ചുവിട്ടത്. പ്രശ്നം ജില്ലയിലൊതുക്കാതെ സംസ്ഥാന ലീഗ് നേതൃത്വത്തിന്റെ ശ്രദ്ധയിലും എത്തിച്ചിട്ടുണ്ടെന്നും ജില്ലാനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ ജില്ലാ പോലീസിലും വിവിധ പോലീസ്സ്റ്റേഷനുകളിലും സിപിഎം നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്നതിനാല്‍ അത്തരം ഉദ്യോഗസ്ഥരില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും ഇക്കാര്യം ആഭ്യന്തരവകുപ്പും യുഡിഎഫ് നേതൃത്വവും ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നുമുള്ള അബ്ദുള്‍ ഖാദര്‍ മൗലവിയുടെയും കെ.എം.ഷാജി എംഎല്‍എയുടെയും മുന്നറിയിപ്പ് വരുംനാളുകളില്‍ പ്രശ്നം കൂടുതല്‍ സങ്കീര്ണമാവുമെന്നതിന്റെ വ്യക്തമായ സൂചനയായി.
എ.ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: