കൊച്ചി : ദേശീയപാതാ വികസനത്തിന്റെ പേരില്‍ ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള റോഡ് 4 വരിയാക്കല്‍ വീണ്ടും വൈകിക്കുന്നത് വിലപ്പെട്ട മനുഷ്യജീവന് വച്ചുള്ള പന്താടലാണെന്ന് ദേശീയപാത സംരക്ഷണ സമിതി ചെയര്മാന് സി.ആര്.നീലകണ്ഠന് പ്രസ്താവിച്ചു. സമിതിയുടെ ജില്ലാതലയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കാല് നൂറ്റാണ്ടിലേറെയായി ഇടപ്പള്ളി മുതല്‍ മൂത്തകുന്നംവരെയുള്ള 27 കിലോമീറ്ററില്‍ 4 വരി പാതയ്ക്കുവേണ്ടി 30 മീറ്റര്‍ വീതിയില്‍ സ്ഥലമെടുത്തിട്ടുള്ളത്. എന്നാല്‍ നാളിതുവരെ മാറിമാറിവന്ന സര്‍ക്കാരുകള്‍ റോഡ് നിര്‍മ്മിക്കാത്തതിനാല്‍ ഈ പ്രദേശങ്ങള്‍ മുഴുവന്‍ കാടുപിടിച്ച് ക്ഷുദ്രജീവികളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. അതേസമയം തന്നെ ദേശീയപാത 17-ന്റെ ഭാഗമായിട്ടുള്ള പ്രസ്തുത റോഡില്‍ വീതികുറവുകൊണ്ടുമാത്രം നൂറിലേറെ വിലപ്പെട്ട മനുഷ്യജീവനുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ടെയ്നര്‍ റോഡിന്റെ കമ്മീഷനിങ്ങും ഇടപ്പള്ളി റെയില്‍വേ മേല്‍പ്പാലം പ്രവര്‍ത്തനക്ഷമമായതിന്റെ ഫലമായും പ്രസ്തുത റോഡില്‍ ഗതാഗതം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ 45 മീറ്റര്‍ വീതിയില്‍ ടോള്‍ പിരിക്കാനുള്ള നിബന്ധനകളും പാലിച്ചാല്‍മാത്രമേ 4 വരി പാത നിര്‍മ്മിക്കാന്‍ സാധിക്കയുള്ളു എന്ന ദുര്‍വാശി ഒരു പരിഷ്കൃത സര്‍ക്കാരിന് യോജിച്ചതല്ലെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
സംരക്ഷണസമിതി കണ്‍വീനര്‍ ഫ്രാന്‍സീസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍.എച്ച്.17 കര്‍മ്മസമിതി ചെയര്മാന് ഹാഷിം ചേന്നമ്പിള്ളി വിഷയമവതരിപ്പിച്ചു. കുരുവിള മാത്യുസ്, (കേരള കോണ്‍ഗ്രസ് എം) ഏലൂര്‍ ഗോപിനാഥ് (ബി.ജെ.പി.), വി.കെ. സുബ്ബയര്‍ (മുസ്ലിം ലീഗ്), കെ.പി.സത്യന്, ജസ്റ്റിന് ഇലഞ്ഞിക്കല്‍, വി.കെ.അബ്ദുല്‍ ഖാദര്‍, വി.കെ. ഹരിദാസ്, ടി.എം.ഷാജിലാല്‍, എം.കെ.കൃഷ്ണന്‍കുട്ടി, പ്രൊഫ.കെ.എന്‍.നാണപ്പന്‍പിള്ള, ഇ.സി.വിനു, പ്രസാദ് എം.എ., ഒ.എച്ച്.ഷംസുദീന്‍, ജന്നി, ടി.എസ്.പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: