പി.പദ്മരാജന്റെ പ്രശസ്തമായ കുറ്റാന്വേഷണ ചലച്ചിത്രം ‘കരിയിലക്കാറ്റുപോലെ..’ ആരംഭിക്കുന്നത് ഒരാള്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ്. ആ നന്ദിപ്രകാശനം ഉണ്ടായിരുന്നില്ലെങ്കില്‍ അതുവലിയൊരു നന്ദികേടുമാകുമായിരുന്നു. ഡോ.മുരളീകൃഷ്ണയെന്ന ഫോറന്‍സിക് വിദഗ്ധനോട് പദ്മരാജനുള്ള സ്നേഹപ്രകടനം കൂടിയായിരുന്നു ‘കരിയിലക്കാറ്റുപോലെ..’യുടെ തുടക്കത്തില്‍ അദ്ദേഹത്തിനു നല്കിയ നന്ദി.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമകളുടെ പട്ടികയില്‍ ‘കരിയിലക്കാറ്റുപോലെ..’യുണ്ട്. ഹരികൃഷ്ണന് എന്ന സിനിമാ സംവിധായകന്റെ കൊലപാതകവും അതിനെക്കുറിച്ച് പോലീസ് ഇന്‍സ്പക്ടര്‍ അച്യുതന്‍കുട്ടി നടത്തുന്ന അന്വേഷണവുമാണ് ‘കരിയിലക്കാറ്റുപോലെ..’യുടെ കഥ. ആദ്യം മുതല്‍ സസ്പന്‍സ് നിലനിര്‍ത്തുന്ന ചിത്രത്തിലെ പോലീസ് അന്വേഷണത്തിനുണ്ടായിരുന്ന സ്വാഭാവികതയും മുള്ളുവച്ച ചോദ്യങ്ങളുടെ പരമ്പരയുമെല്ലാം മുരളീകൃഷ്ണയെന്ന ഫോറന്‍സിക് വിദഗ്ധന്റെ തലയില്നിന്നുണ്ടായതാണ്. പദ്മരാജന് ‘കരിയിലക്കാറ്റുപോലെ..’യുടെ തിരക്കഥയെഴുതുമ്പോള്‍ സഹായിക്കാന്‍ മുരളീകൃഷ്ണയെയും ഒപ്പം കൂട്ടി. അന്ന് ഡോ.മുരളീകൃഷ്ണ സംസ്ഥാന ഫോറന്‍സിക് ലാബ് ഡയറക്ടറായിരുന്നു.
ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ജന്തുശാസ്ത്രത്തില്‍ ഡോക്ടറേറ്റും ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി ഓഫ് സയന്‍സില്‍നിന്ന് പി.ജി. ഡിപ്ലോമയും ഗ്ലോസ്ഗോയിലെ റോയല്‍ കോളജില്‍നിന്ന് സിറോളജിയില് ഡിപ്ലോമയും നേടിയ ശേഷം ശാസ്ത്രീയ കുറ്റാന്വേഷണത്തില്‍ സ്കോട്ട്ലെന്റ് യാര്‍ഡില്‍നിന്ന് പ്രത്യേക പരിശീലനവും പൂര്‍ത്തിയാക്കിയാണ് മുരളീകൃഷ്ണ സംസ്ഥാന ഫോറന്‍സിക് ലാബിന്റെ ഡയറക്ടര്‍ പദവിയിലെത്തിയത്. കേരളത്തില്‍ നിന്ന് സ്കോട്ട്ലെന്റ് യാര്‍ഡില്‍ പരിശീലനത്തിന് പോകുന്നത് ഇപ്പോള്‍ വലിയ കാര്യമല്ലായിരിക്കാം. എന്നാല്‍ അക്കാലത്ത് അതൊരു ബഹുമതിയായിരുന്നു. സ്കോട്ട്ലെന്റ് യാര്‍ഡില്‍ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നതു തന്നെ വലിയ അംഗീകാരമായി കണക്കാക്കിവന്നിരുന്നു.
‘കരിയിലക്കാറ്റുപോലെ..’യുടെ തിരക്കഥാരചനയ്ക്ക് പദ്മരാജന് സ്കോട്ട്ലെന്റ് യാര്‍ഡില്‍ നിന്ന് കുറ്റാന്വേഷണത്തിന്റെ ശാസ്ത്രീയ വശങ്ങള് പഠിച്ച മുരളീകൃഷ്ണയെ ഒപ്പം കൂട്ടുമ്പോള്‍ തന്റെ സിനിമ മികച്ച കുറ്റാന്വേഷണ ചലച്ചിത്രമാകണമെന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. ആദ്യം മുതല്‍ ആകാംക്ഷ നിലനിര്‍ത്തിയ സിനിമയ്ക്ക് അത്രതന്നെ മികച്ച ക്ലൈമാക്സും ഉണ്ടാകണമെന്ന് പദ്മരാജന് ശാഠ്യമുണ്ടായിരുന്നു. സിനിമ എങ്ങനെ അവസാനിപ്പിക്കണമെന്ന ചര്‍ച്ചയില്‍ മുരളീകൃഷ്ണയാണ് പോലീസ് ഓഫീസര്‍ അച്യുതന് കുട്ടിയുടെ അനുജന്(അനില്‍ എന്ന് കഥാപാത്രത്തിന്റെ പേര്) ഹരികൃഷണനെ കൊല്ലട്ടെ എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. കൊലപാതക അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആരും മനസ്സില്‍ തീരുമാനിക്കാത്ത ക്ലൈമാക്സാകും അതെന്ന് പദ്മരാജന് ഉറപ്പിച്ചു. പക്ഷേ, പ്രശസ്തിയുടെ ഉന്നതിയില്‍ നില്ക്കുന്ന ഒരു സിനിമാ സംവിധായകനെ കൊല്ലാന്‍ വേണ്ടുന്ന തരത്തില്‍ പോലീസ് ഓഫീസറുടെ അനുജന് അയാളുമായി എന്തു ബന്ധമാണുണ്ടാകുക?, അതെങ്ങനെ അവതരിപ്പിക്കും?. ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നതിനും ചര്‍ച്ചയിലൂടെ പരിഹാരമായി. കൊലപാതകത്തിനും പ്രത്യേകതയുണ്ടാകണമെന്ന് പദ്മരാജന് നിര്‍ബന്ധമുണ്ടായിരുന്നു. കൊല്ലാന്വേണ്ടിയല്ലാത്ത കൊല. ഫോറന്‍സിക് വിദഗ്ധന്റെ തലയിലുദിച്ച ആശയമായിരുന്നു, കട്ടിലിന്റെ കാലില്‍ ഉയര്‍ന്നു നില്ക്കുന്ന മുകുളത്തില്‍ തലയിടിച്ചു ചോരവാര്‍ന്ന് മരിക്കട്ടെ എന്നത്.
തന്റെ ജീവിതത്തില്‍നിന്നുള്ള അനുഭവം മുരളീകൃഷ്ണ പദ്മരാജനു മുന്നില്‍ വയ്ക്കുകയായിരുന്നു. വീട്ടില്‍ ഡൈനിങ് ടേബിളിനു ചുറ്റും ഇടുന്ന നാലു കസേരകളുണ്ട്. പിന്നിലായി കൂര്‍ത്ത രണ്ടു മുനകള്‍. ഭംഗിക്കുവേണ്ടിയുണ്ടാക്കിയ ആ കൂര്‍ത്തഭാഗം വിനയായി. രാത്രിയില്‍ ഫോണടിക്കുന്നതു കേട്ടാണ് എണീറ്റത്. കാല് എന്തിലോ തട്ടി . പിടുത്തം കിട്ടാതെ വീണപ്പോള്‍ ഇടതു പിന്‍കഴുത്ത് കസേരയുടെ മുനയില്‍ അടിച്ചുകൊണ്ടു. ശബ്ദം കേട്ടു മറ്റുള്ളവരെത്തുമ്പോള് താന്‍ രക്തത്തില്‍ കുളിച്ചു താഴെക്കിടക്കുകയാണ്. കുറേ ആഴ്ചകള്‍ വേണ്ടി വന്നു മുറിവുണങ്ങാന്‍. ഇങ്ങനെ തലയ്ക്ക് ആഘാതവും മുറിവും ഒന്നിച്ചുണ്ടാകുന്നതു പെട്ടെന്നുള്ള മരണത്തിനു കാരണമാകുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യം മുരളീകൃഷഷ്ണ വിശദീകരിച്ചപ്പോഴേക്കും സിനിമയ്ക്കു വേണ്ടി കട്ടിലുണ്ടാക്കാന്‍ പദ്മരാജന് നിര്‍ദേശം നല്കിക്കഴിഞ്ഞിരുന്നു.
മലയാളത്തിലെ ഗന്ധര്‍വ്വ സംവിധായകനൊപ്പം കുറ്റാന്വേഷകനും ഭാവനാ സമ്പന്നനുമായ മുരളീകൃഷ്ണയുടെ മനസ്സും കൂടി ചേര്‍ന്നപ്പോള്‍ മലയാളിക്ക് അഭിമാനിക്കാവുന്ന മികച്ച സിനിമ പിറവിയെടുക്കുകയായിരുന്നു. 1986 മാര്‍ച്ച് 21നു പുറത്തിറങ്ങിയ ‘കരിയിലക്കാറ്റുപോലെ..’യുടെ സൃഷ്ടിക്കു പിന്നിലുള്ള അധ്വാനത്തെക്കുറിച്ച് ഇപ്പോള്‍ വിവരിക്കുന്നത് മുരളീകൃഷ്ണയെ ഓര്‍ക്കുന്നതിനു വേണ്ടിയാണ്. പദ്മരാജന് നമ്മെ വിട്ടു പോയി. ‘കരിയിലക്കാറ്റുപോലെ..’യിലെ ഹരികൃഷ്ണനെന്ന കഥാപാത്രം കട്ടിലില്‍ കിടന്നായിരുന്നു മരിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം പദ്മരാജന്റെയും മരണവും കട്ടിലില്‍ കിടന്നു തന്നെ സംഭവിച്ചു. അറം പറ്റിയെന്ന വാക്ക് അന്നു പലരും ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ മുരളീകൃഷ്ണയും നമുക്കൊപ്പമില്ല. ഇക്കഴിഞ്ഞ ആഴ്ച എഴുപതാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. പത്രങ്ങള്‍ മരണവാര്‍ത്ത പ്രസിദ്ധീകരിച്ചെങ്കിലും വിവിധ മേഖലകളില്‍ അദ്ദേഹം നല്കിയ സംഭാവനകള്ക്കനുസരിച്ചുള്ള ആദരവ് അദ്ദേഹത്തിനു നല്കാന് മാധ്യമങ്ങള്‍ക്കായില്ല. മുരളീകൃഷ്ണയെ ഓര്‍ക്കാതെ പോയ അനാദരവു തീര്‍ക്കാനാണീ കുറിപ്പ്.
പദ്മരാജനെ അറിയാത്ത മലയാളികള്‍ ചുരുക്കം. മുരളീകൃഷ്ണ അത്രയ്ക്കു പ്രശസ്തനായില്ല. എന്നാല്‍ കുറ്റാന്വേഷകന്, ഫോറന്‍സിക് വിദഗ്ധന്‍ എന്നതിലെല്ലാം ഉപരി, നല്ലൊരു ചലച്ചിത്രകാരനും സാഹിത്യകാരനും കൂടിയായിരുന്നു ഡോ.മുരളീകൃഷ്ണ. താന്‍ പരിചയിക്കുന്ന മേഖലയുമായി ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ കലാസൃഷ്ടികളെല്ലാം എന്നു മാത്രം. ടെലിവിഷന്‍ പെട്ടിയില്‍ സീരിയല്‍ തരംഗം ഇത്രയ്ക്കു പിടിമുറുക്കാത്ത കാലത്താണ് 1992ല്‍ ‘വേട്ട’ എന്ന ടെലിസീരിയലുമായി മുരളീകൃഷ്ണ എത്തുന്നത്. 1991 ല്‍ പദ്മരാജന് മരിച്ച ശേഷം ഏര്‍പ്പെടുത്തിയ പദ്മരാജന് പുരസ്കാരത്തിന് ‘വേട്ട’യിലൂടെ മുരളീകൃഷ്ണ അര്‍ഹനായി. മികച്ച സംവിധായകനുള്ള പുരസ്കാരം.
കുറ്റാന്വേഷണം, സ്മരണ, യാത്രാവിവരണം, നോവല്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി അനവധി പസ്തകങ്ങള്‍ രചിച്ചിട്ടുള്ള മുരളീകൃഷ്ണ നാലു സീരിയലുകള്‍ രചിച്ച് സംവിധാനം ചെയ്തു. 1997ലാണ് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബില്‍നിന്ന് ഡയറക്ടറായി വിരമിച്ചത്. ശാസ്ത്രീയ കുറ്റാന്വേഷണത്തെയും മരണാനന്തര ജീവിതത്തെയും മുന്‍നിര്‍ത്തി പഠനങ്ങള്‍ നടത്തിയിട്ടുള്ള മുരളീകൃഷ്ണ ഈ വിഷയങ്ങളില്‍ ഒട്ടേറെ ലേഖനങ്ങളും എഴുതി. 1983ല്‍ ‘വലയം’ എന്ന നോവലിന് ടാഗോര്‍ പുരസ്കാരം ലഭിച്ചു.
‘മരണത്തിനപ്പുറം ജീവിതമുണ്ടോ?’ എന്നത് മുരളീകൃഷ്ണയുടെ വളരെ പ്രശസ്തമായ പുസ്തകമാണ്. മരണത്തിനപ്പുറം എന്താണ്? അവിടെ വല്ലതും അവശേഷിക്കുന്നുണ്ടോ? മരണാനന്തരജീവിതം സത്യമാണോ? പുനര്ജന്മമുണ്ടെന്ന് പറയുന്നതിന് തെളിവുകള്‍ വല്ലതുമുണ്ടോ? യക്ഷിയും പ്രേതവും ഉണ്ടോ? അവരെ ആരെങ്കിലും കണ്ടിട്ടുണ്ടോ? അതീന്ദ്രിയ ശക്തിയുള്ള മനുഷ്യന് ഉണ്ടെന്ന് പറയുന്നത് ശരിയാണോ? ഒരു പ്രപഞ്ചാതീതശക്തി നമ്മെ നിയന്ത്രിക്കുന്നുണ്ടോ? മരണം എല്ലാത്തിന്റെയും അവസാനമാണോ? എന്താണ് മരണം? എന്താണ് ജീവിതം? എന്താണ് ആത്മാവ്? മനുഷ്യന് ചിന്തിക്കാന്‍ ബുദ്ധിയുറച്ച കാലം മുതല്‍ അവന് സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണിവ. ഇത്തരം ചോദ്യങ്ങളുടെ ഉത്തരത്തിനായുള്ള അന്വേഷണമാണ് മുരളീകൃഷ്ണ ‘മരണത്തിനപ്പുറം ജീവിതമുണ്ടോ?’ എന്ന പുസ്തകത്തിലൂടെ നടത്തുന്നതും.
യക്ഷികളെയും പ്രേതങ്ങളെയും കുറിച്ചുള്ള കെട്ടുകഥകള്‍, പൂര്‍വ്വജന്മങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നു പറയുന്നവരുടെ അനുഭവങ്ങള്‍, മരണം വരെപ്പോയി തിരിച്ചുവന്നവരുടെ മരണാനുഭവങ്ങള്‍, അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്നവരെക്കുറിച്ചുള്ള പഠനങ്ങള്‍, ആത്മാവ് എന്ന സങ്കല്പം, മരണം എന്ന അനുഭവം, ഭാവി പ്രവചിച്ചവരെക്കുറിച്ചുള്ള പഠനങ്ങള്‍, ശാസ്ത്രത്തിന്റെ ഇതുവരെയുള്ള പഠനങ്ങളും വിലയിരുത്തലുകളും, പാരാസൈക്കോളജിയില്‍ ശാസ്ത്രം നടത്തിയിട്ടുള്ള മുന്നേറ്റം, അതീന്ദ്രിയ ജ്ഞാനമുള്ളവരെ ഉപയോഗിച്ച് പോലീസ് തെളിയിച്ച കേസുകള്‍. ശാസ്ത്രത്തിന് ഇന്നും സമസ്യയായി നിലകൊള്ളുന്നവരെ പരിചയപ്പെടുത്തല്‍ തുടങ്ങി ക്ലോണിംഗ്, ടെസ്റ്റ്ട്യൂബ് ശിശു, ജീനോം മാപ്പ്, കാലത്തെയും മരണത്തെയും അതിജീവിക്കാനായി മനുഷ്യന് നടത്തുന്ന പരീക്ഷണങ്ങള്‍, ഹോളോഗ്രാം എന്നീ കണ്ടുപിടിത്തങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ആധികാരികമായും സമഗ്രമായും ചര്‍ച്ച ചെയ്യുകയാണ് അദ്ദേഹം.
ഇത്തരം പല പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. വിരലടയാളങ്ങളിലൂടെ വ്യക്തിയെ തിരിച്ചറിയാം, ഓരോ മനുഷ്യന്റെ ശാരീരിക അളവുകള്‍ വിഭിന്നങ്ങളാണ് തുടങ്ങിയ അറിവുകളിലൂടെ ഫോറന്‍സിക് സയന്‍സ് ഇന്നത്തെ രൂപത്തിലെത്തിയത് അനേകം പേരുടെ കണ്ടുപിടിത്തങ്ങളിലൂടെയാണ്. അതിനായി അവര്‍ അനുഭവിച്ച അപമാനവും യാതനകളും നിസാരമല്ല. കുറ്റാന്വേഷണ ശാസ്ത്രത്തിന്റെ ഇങ്ങനെയുള്ള ഉത്ഭവപരിണാമ കഥ സവിസ്തരം പ്രതിപാദിക്കുകയാണ് ഡോ മുരളീകൃഷ്ണയുടെ ‘കുറ്റാന്വേഷണം നൂറ്റാണ്ടുകളിലൂടെ’ എന്ന ഈ പുസ്തകത്തില്‍. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മികച്ച കുറ്റാന്വേഷണ ഗ്രന്ഥങ്ങള്‍ കൂടിയാണ്.
സിനിമ എന്ന ദൃശ്യമാധ്യമത്തെക്കുറിച്ച് മൂന്നു പതിറ്റാണ്ടുകളിലധികം നടത്തിയ പഠനങ്ങള്‍ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ സാങ്കേതിക ശാസ്ത്രഗ്രന്ഥമാണ് ‘സിനിമവീഡിയോ ടെക്നിക്’. ചലചിത്രസംബന്ധിയായ സകല വിജ്ഞാനങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. ഇതെല്ലാം വായനക്കാരനുമായി പങ്കുവയ്ക്കുന്നത് മുരളീകൃഷ്ണ എന്ന വ്യക്തി ആരാണെന്ന അറിവു പകരുന്നതിനാണ്. മരണത്തിനപ്പുറം ജീവിതമുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉറപ്പിക്കാന്‍ മുരളീകൃഷ്ണ ശ്രമിച്ചു. അദ്ദേഹം അങ്ങനെ വിശ്വസിച്ചു. അതിനാലാകണം താന്‍ മരിച്ചാല്‍ മരണാനന്തര ചടങ്ങുകള്‍ നടത്തരുതെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞുവച്ചത്. തിരുവനന്തപുരത്തെ ശാന്തികവാടത്തില്‍ ചടങ്ങുകളില്ലാതെയാണ് മുരളീകൃഷ്ണയുടെ ശരീരം അഗ്നി ഏറ്റുവാങ്ങിയത്. മരണം ഒന്നിന്റെയും അവസാനമല്ല. മരണത്തിനപ്പുറവും ജീവിതമുണ്ടെന്ന് വിശ്വസിച്ച മുരളീകൃഷ്ണ തിരികെ വരുമോ?.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: