റോം: ഇറ്റാലിയന്‍ എണ്ണടാങ്കറില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇറ്റലി. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടുകളോടും നിയമ വ്യവസ്ഥകളോടും കടുത്ത വിയോജിപ്പുണ്ടെന്ന് ഇറ്റലി വ്യക്തമാക്കി.
ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള യാത്രക്കിടെ ഇറ്റാലിയന്‍ എണ്ണടാങ്കറായ എന്റിക്ക ലെക്സിയില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മലയാളി മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് നാവികരെ കേരളാ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ഇറ്റലി രംഗത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ സമീപനങ്ങളോട് വ്യക്തമായ അഭിപ്രായഭിന്നതകള്‍ തങ്ങള്‍ക്കുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗുലിയോ തെര്‍സി വ്യക്തമാക്കി. ഇറ്റാലിയന്‍ പതാകയുമായി സിങ്കപ്പൂരില്‍നിന്ന് ഈജിപ്തിലേക്ക് പോകുന്നതിനിടെയാണ് എന്റിക്ക ലെക്സിയില്‍നിന്ന് വെടിവെപ്പുണ്ടായത്. ഇതിനെ ന്യായീകരിച്ചുകൊണ്ടാണ് ഇന്ത്യന്‍ നിയമവ്യവസ്ഥയെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ഇറ്റലി സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നുള്ള കടല്‍ക്കൊള്ളക്കാരുടെ വര്‍ധിച്ചുവരുന്ന ഭീഷണിക്കെതിരെ നാവികര്‍ക്കു സംരക്ഷണം നല്കുന്ന പുതിയ നിയമം ഇറ്റലി പാസ്സാക്കിയിട്ടുണ്ടെന്നാണ് തെര്‍സിയുടെ വാദം. കപ്പലിലെ ഉദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പ്രകോപനപരമായി പെരുമാറിയ സാഹചര്യത്തിലായിരുന്നു വെടിവെപ്പെന്നാണ് ഇറ്റലിയുടെ അവകാശവാദം.
ഇന്ത്യയുടെ നിയമ വ്യവസ്ഥകളെയും നടപടികളെയും അംഗീകരിക്കുന്നില്ലെന്ന ഇറ്റലിയുടെ നിലപാട് ഇരുരാജ്യങ്ങളും തമ്മില്‍ ഗുരുതരമായ നയതന്ത്ര പ്രശ്നമായി മാറുമെന്ന് സൂചിപ്പിക്കുന്നതാണ്. ഇതേസമയം, ഇറ്റാലിയന്‍ നാവികരുടെ നടപടി മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി ജി.കെ.വാസന് ചെന്നൈയില്‍ പറഞ്ഞു. അപലപനീയമായ സംഭവമാണ് നടന്നിരിക്കുന്നത്. ദുരൂഹമായ സംഭവത്തെക്കുറിച്ച് കേരളാ പോലീസ് അന്വേഷിച്ചു വരികയാണ്. നമ്മുടെ സമുദ്രമേഖലയില്‍ കടല്‍ക്കൊള്ളക്കാരുടെ ശല്യമില്ലാത്ത പശ്ചാത്തലത്തില്‍ നിരപരാധികളായ മത്സ്യത്തൊഴിലാളികളെ അക്രമികളെന്ന പേരില്‍ വെടിവെച്ചുകൊന്നത് മാപ്പില്ലാത്ത കുറ്റമാണ്. പ്രതികളായ നാവികരെ ശിക്ഷിക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. വാസന് വാര്‍ത്തലേഖകരെ അറിയിച്ചു. ഇന്ത്യന്‍ നിയമമനുസരിച്ച് നാവികരെ വിചാരണ ചെയ്യുമോയെന്ന ചോദ്യത്തിന് കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കും. മത്സ്യത്തൊഴിലാളികളുടെ രണ്ട് വിലയേറിയ ജീവനുകളാണ് നഷ്ടമായത്. ഇതിന് മാപ്പില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: