കരുനാഗപ്പള്ളി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടി വച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായി. തുടര്‍ന്ന് പതിനാല് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലും കഴിയണം. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കില്‍ പോലീസ് കസ്റ്റഡി നീട്ടുന്നതിന് അപേക്ഷ നല്‍കാവുന്നതാണെന്ന് കോടതി പറഞ്ഞു. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സാംക്രിസ്റ്റി ഡാനിയല്‍ സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ചു കൊണ്ടാണ് ഉത്തരവ്.
പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി എറണാകുളത്തേക്ക് കൊണ്ടു പോയി. ഇന്നലെ വൈകിട്ട് 4.50 ഓടെയാണ് പ്രതികളെ കരുനാഗപ്പള്ളി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയത്. യുവജനസംഘടനകളുടെ പ്രതിഷേധത്തിനിടെ വന്‍ പോലീസ് ബന്തവസിലാണ് ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥരായ ലസ്തോറ മാര്ഷി മില്യാനോ, സാല്‍വത്തോറോ ജിലോണ്‍ എന്നിവരെ കരുനാഗപ്പള്ളി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.പി.ജോയിയുടെ വസതിയില്‍ ഹാജരാക്കിയത്.
കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും അദ്ദേഹം അവധിയായതു കാരണമാണ് പകരം ചുമതലയുള്ള കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ പ്രതികളെ ഹാജരാക്കിയത്. പ്രതികള്‍ക്ക് വേണ്ടി ഹൈക്കോടതിയിലെ അഭിഭാഷകര്‍ ടി.ജെ.മാത്യുവും അഡ്വ.രാമന്‍പിള്ളയും ഹാജരായി. കെ.അനില്‍കുമാറായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ആശയവിനിമയം നടന്നത്. ഇറ്റാലിയന്‍ ഭാഷ വശമുള്ള കൊട്ടിയം പള്ളി വികാരി ഫാ. റോള്‍ഡന്‍ ജേക്കബ്ബാണ് ദ്വിഭാഷിയായെത്തിയത്.
സംഭവം 33 നോട്ടിക്കല്‍ മെയിലിന് പുറത്തായതിനാല്‍ കേസ് കൈകാര്യം ചെയ്യേണ്ടുന്നത് ഇറ്റാലിയന്‍ നിയമപ്രകാരമാണെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. അതേസമയം 22.5 നോട്ടിക്കല്‍ മെയിലിനകത്തായതു കൊണ്ട് ഐപിസി 302 പ്രകാരം നടപടികള്‍ സ്വീകരിക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. നേരത്തെ 14 നോട്ടിക്കല്‍ മെയില്‍ എന്നതായിരുന്നു പുറത്തു വന്ന വിവരം. സംഭവം നടന്ന സമുദ്രപരിധിയെ സംബന്ധിച്ച് പുതിയ അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ ശാസ്ത്രീയ അന്വേഷണങ്ങള്‍ ആവശ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് തീരുമാനമായത്.
കേസ് സംബന്ധിച്ച റിമാന്റ് റിപ്പോര്‍ട്ടും വാറന്റ് റിപ്പോര്‍ട്ടും കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ അധിക ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി സാംക്രിസ്റ്റി ഡാനിയല്‍ കോടതിയില്‍ സമര്‍പ്പിച്ചു. നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലാണ് കടലിലെ വെടിവയ്പ്പ് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് കൊല്ലപ്പെടാനിടയായ സംഭവത്തില്‍ കേരളാ പോലീസിന് യുക്തമായ നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ഉച്ചയോടെ റേഞ്ച് ഐ.ജി പത്മകുമാറിന്റെയും കൊച്ചി പോലീസ് കമ്മീഷണര്‍ അജിത്കുമാറിന്റെയും കൊല്ലം പോലീസ് കമ്മീഷണര്‍ സാംക്രിസ്റ്റി ഡാനിയലിന്റെയും നേതൃത്വത്തില്‍ കൊച്ചി സിഐഎസ്എഫ് ഗസ്തൗസില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ രാവിലെ പ്രതികളെ കൊല്ലത്തെത്തിക്കുമെന്ന അറിയിപ്പുണ്ടായതോടെ വന്‍ മാധ്യമപ്പടയാണ് കൊല്ലത്ത് ക്യാമ്പ് ചെയ്തത്. പിന്നീട് കരുനാഗപ്പള്ളിയിലാണ് പ്രതികളെ ഹാജരാക്കുന്നതെന്ന് അറിഞ്ഞതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. തീരദേശമേഖല വഴി പ്രതികളെ കൊണ്ടു വരുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കിയേക്കുമെന്നതു കൊണ്ട് എംസിറോഡ് വഴി ചങ്ങനാശ്ശേരിയിലെത്തി, ആലപ്പുഴ വഴിയാണ് പ്രതികളെ കരുനാഗപ്പള്ളിയിലെത്തിച്ചത്.
അതിനിടെ പ്രതികളെ കരുനാഗപ്പള്ളിയിലെത്തിക്കുന്നതിനു തൊട്ടുമുമ്പ് തന്നെ ഇറ്റലിക്കെതിരെ മുദ്രാവാക്യം മുഴക്കി യുവജനസംഘടനകള്‍ രംഗത്തെത്തി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ആര്.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകര്‍ മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് ഇരച്ചുകയറാന്‍ നടത്തിയ പരിശ്രമം പോലീസ് ബാരിക്കേഡുകളുയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് യുവമോര്‍ച്ചക്കാര്‍ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇവരെ പോലീസ് ബലം പ്രയോഗിച്ച് അമ്പത് മീറ്റര്‍ അകലേക്ക് മാറ്റി. പിന്നീട് പ്രതികളെ തിരിച്ചു കൊണ്ടുപോകാന്‍ പോലീസ് വാനിലേക്ക് കയറ്റുമ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇറ്റലിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഇരച്ചെത്തുകയായിരുന്നു. അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പ്രതികളെ കൊണ്ടുപോകാന്‍ പോലീസിന് സാധിച്ചത്. പോലീസിന്റെ ഉന്തിലും തള്ളലിലും സുജിത്ത്, ശരത്, ശ്രീജിത്ത്, ഹരി മെയിലംകുളം, ചവറ രാജന് എന്നിവര്‍ക്ക് പരിക്കേറ്റു.
യുവമോര്‍ച്ചയ്ക്ക് പിന്നാലെ യൂത്ത്കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ചെറിയ തോതില്‍ ലാത്തിച്ചാര്‍ജ്ജും നടന്നു. ലാത്തിച്ചാര്‍ജ്ജില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പനയറ സജീവ്, സുനില്‍കുമാര്‍ പാവുമ്പ എന്നിവര്‍ക്ക് പരിക്കേറ്റു.
പ്രതികളെ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് കരുനാഗപ്പള്ളി ചക്കാലമുക്കിന് സമീപമുളള ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വസതിക്ക് ചുറ്റും തടിച്ചുകൂടിയത്. പ്രതികളെ കൊണ്ടുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഇതുവഴിയുള്ള എല്ലാ റോഡുകളും പോലീസ് അടച്ചിരുന്നു. കരുനാഗപ്പള്ളി ഡിവൈഎസ്പി അനീഷ്, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സേവ്യര്‍, സി.ഐ ഡി.രാധാകൃഷ്ണപിളള, എസ്.ഐ ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സന്നാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: