ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴിയായിരുന്ന ശശികലയുടെ ഭര്‍ത്താവ് നടരാജനെ ചെന്നൈയില്‍ പോലീസ് അറസ്റ്റുചെയ്തു. ശശികലയുടെ സഹോദരന് ദിവാകരനെ ഈമാസം ആദ്യം പോലീസ് അറസ്റ്റുചെയ്തിരുന്നു. അനധികൃതമായി ഭൂമി കയ്യേറിയതാണ് നടരാജനെതിരെയുള്ള കുറ്റമെന്ന് പോലീസ് പറഞ്ഞു. ശശികലയെയും അവരുടെ പതിനൊന്ന് അനുയായികളെയും ജയലളിത പാര്‍ട്ടിയില്‍നിന്നും നേരത്തെ പുറത്താക്കിയിരുന്നു.
നടരാജനെ പോലീസ് ചെന്നൈയില്‍നിന്നും തഞ്ചാവൂരിലേക്ക് കൊണ്ടുപോയി. ദീര്‍ഘകാലം ജയലളിതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിയായിരുന്നു ശശികല. ശശികലയുടെ നേതൃത്വത്തില്‍ ജയലളിതക്കെതിരെ പടയൊരുക്കം നടക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് നടരാജന്റെ അറസ്റ്റ്.
വര്‍ഷങ്ങളോളം മനസ്സാക്ഷി സുക്ഷിപ്പുകാരിയായിരുന്ന ശശികലക്കെതിരെ തികച്ചും അപ്രതീക്ഷിതമായാണ് ജയലളിത നടപടി എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: