കൊച്ചി: മുളവുകാട് പഞ്ചായത്തിലെ പനമ്പുകാട് അംബേദ്കര്‍ ഗ്രാമത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സമഗ്ര പാക്കേജ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് നിയമസഭയുടെ പട്ടികജാതി -വര്‍ഗ ക്ഷേമ സമിതി ചെയര്മാന് വി.പി.സജീന്ദ്രന് പറഞ്ഞു.
എറണാകുളം ഗവ:ഗസ്റ്റ് ഹൗസില്‍ സമിതിയുടെ സിറ്റിംഗിനു ശേഷം പനമ്പുകാട് അംബേദ്കര്‍ വില്ലേജ് സന്ദര്‍ശിക്കവെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണിത്.
ഗോശ്രീ വികസന അതോറിറ്റി മുളവുകാട്, വല്ലാര്‍പാടം, പനമ്പുകാട് കേന്ദ്രീകരിച്ച് നടപ്പാക്കാന്‍ വിഭാവനം ചെയ്ത 17.50 കോടിയുടെ റിങ് റോഡ് പദ്ധതിയ്ക്ക് അടിയന്തരമായി അംഗീകാരം നല്‍കാനും സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. മുളവുകാട് പഞ്ചായത്തിലെ വെളളക്കെട്ട് നിറഞ്ഞ വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് മിനിമം ഗതാഗതസൗകര്യമെങ്കിലും ഒരുക്കേണ്ടതുണ്ട്. കുടിവെളളപ്രശ്നത്തിലും കാര്യമായ ഇടപെടല്‍ അനിവാര്യമാണ്. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലെ ജനങ്ങള്‍ ഗതാഗത, കുടിവെളള പ്രശ്നങ്ങളില്‍ നല്ല തോതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സര്‍ക്കാര്‍, തൃത്താല പഞ്ചായത്തുകളിലെ വ്യത്യസ്ത പദ്ധതികളിലൂടെ ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം എല്ലാ ഏജന്‍സികളും ഉള്‍പ്പെടുന്ന സമഗ്ര പാക്കേജിലൂടെ പരിഹാരം കാണുന്നതാകും അഭികാമ്യം. അതിനുമുന്നോടിയായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ വിലയിരുത്തും. പനമ്പുകാട് ഗ്രാമത്തിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും സജീന്ദ്രന് പറഞ്ഞു.
പട്ടികജാതി വിഭാഗത്തില്‍ നിലവിലുളള ആരെയും ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനുളള യാതൊരു നീക്കവും ഔദ്യോഗികതലത്തില്‍ നടക്കുന്നില്ലെന്ന് ഗവ:ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ സമിതി അധ്യക്ഷന്‍ വൃക്തമാക്കി. എംപി/എംഎല്‍എ ഫണ്ടില്‍ നിന്നും നിശ്ചിത ശതമാനം തുകയെങ്കിലും പട്ടികവിഭാഗ അധിവാസകേന്ദ്രങ്ങളില്‍ ചെലവിടണമെന്ന നിര്‍ദേശം പട്ടികവിഭാഗ സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ചു. പട്ടികജാതി ക്ഷേമം സംബന്ധിച്ച ഉപദേശക സമിതി വില്ലേജ്തലത്തില്‍ രൂപവത്കരിക്കുക, ഈ വിഭാഗത്തിന്റെ അപേക്ഷകള്‍ പരിഗണിക്കാനായി പ്രത്യേക റവന്യൂ അദാലത്തുകള്‍ നടത്തുക, വികസന ഫണ്ടുകള്‍ വഴി നടപ്പാക്കിയ പ്രവൃത്തികള്‍ പട്ടികവിഭാഗത്തിന് വേണ്ട തോതില്‍ പ്രയോജനപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുക, പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍ കൂടുതല്‍ സമുദായങ്ങളെ ഉള്‍പ്പെടുത്താതിരിക്കുക, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുകൂടി പ്രതിമാസ സ്റ്റൈപ്പന്റ് അനുവദിക്കുക, പട്ടികവിഭാഗങ്ങള്‍ക്ക് നേരെയുള്ള പീഡനം സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കുക, ഭവന ധനസഹായം അഞ്ച് ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുക, ഒരു ഏക്കര്‍ വീതം ഭൂമി കാര്‍ഷിക ആവശ്യങ്ങള്‍ക്ക് അനുവദിക്കുക, തീരദേശ നിയമത്തിലെ വ്യവസ്ഥകള്‍ പുന:പരിശോധിക്കുക, പ്രത്യേക പട്ടയമേള സംഘടിപ്പിക്കുക, പട്ടികവിഭാഗങ്ങളുടെ ക്ഷേത്രസംരക്ഷണത്തിന് ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ചു.
സമിതി അംഗങ്ങളായ എ.പി.അബ്ദുളളകുട്ടി, എന്‍.ഷംസുദ്ദീന്, പുരുഷന് കടലുണ്ടി, വി.എം.ഉമ്മര്‍, ഐ.സി ബാലകൃഷ്ണന്, കെ.അജിത് എന്നിവരും ജില്ലാ കളക്ടറുടെ ചുമതലയുളള അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഇ.കെ.സുജാതയും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ദിനകരന്, മെമ്പര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: