ആത്മാവിനെ രമിക്കുന്നവരാണ് ആത്മവിത്തുക്കളായ സുരന്മാര്. തന്റെ ആത്മാവിലും അചലമായ ബ്രഹ്മത്തിലും ആര്‍ക്കാണോ രതിയുള്ളത് അവരാണ് സുരന്മാര്. സൂരികളും സുരന്മാര് തന്നെ. സുരന്മാര് അപ്രമാദം നിമിത്തം സ്വാഭാവിക ബ്രഹ്മാത്മഭാവത്തില് തന്നെ അവസ്ഥാനം ചെയ്യുന്നതുകൊണ്ട് ബ്രഹ്മമായിത്തീരുന്നു. മിഥ്യാജ്ഞാനതത്കാര്യങ്ങളില് നിന്ന് നിവൃത്തന്മാരായതുകൊണ്ട് ബ്രഹ്മം തന്നെയായിത്തീര്‍ന്നു എന്നര്‍ത്ഥം.
‘ബ്രഹ്മ സത്യം ജഗന്മിഥ്യ’ എന്നതാണ് വേദാന്തതത്ത്വം. ഇല്ലാത്തത് ഉണ്ടെന്നും നശിക്കാത്തതെന്നും കരുതുന്നതാണ് മിഥ്യാജ്ഞാനം. അതില്‍നിന്നാണ് ജനനമരണാദികള്‍ നിറഞ്ഞ സംസാരചക്രം തിരിയുന്നത്. കര്‍മ്മങ്ങള്‍ ചെയ്യുന്നതും അവയുടെ ഫലം അനുഭവിക്കുന്നതും അതുകൊണ്ടുതന്നെ. ഈ മിഥ്യാജ്ഞാനം കാരണവും സംസാരം കാര്യവുമാകുന്നു. ഇവയില്‍ നിന്നെല്ലാം നിവൃത്തനാകുന്ന വിമുക്തനാകുന്ന ജ്ഞാനി ബ്രഹ്മം തന്നെയാകുന്നു.
സര്‍വജന്തുക്കളുടെയും സംഹാരകര്ത്താവെന്ന നിലയിലാണല്ലോ മൃത്യു പ്രസിദ്ധനായിരിക്കുന്നത് അതുകൊണ്ട് പ്രമാദം തന്നെയാണ് മൃത്യുവെന്ന് ഞാന്‍ പറയുന്നു. അതായത് മൃത്യുവെന്നൊന്നില്ല. മൃത്യു വ്യാഘ്രത്തെപ്പോലെ പ്രാണികളെ ഭക്ഷിക്കുന്നതുമില്ല. ഭക്ഷിക്കുമായിരുന്നുവെങ്കില് വ്യാഘ്രത്തിനുള്ളതുപോലെ അതിന്റെ രൂപം കാണാന്‍ കഴിയുമായിരുന്നു.
പ്രമാദം തന്നെയാണ് മൃത്യുവെന്ന് വരുന്നതുകൊണ്ട് അമൃതത്വമാണെന്ന് സിദ്ധിക്കുന്നു. നിത്യസിദ്ധവും നിത്യപ്രാപ്തവും ആയതുകൊണ്ട് ജ്ഞാനം (അമൃതത്വം) കര്മസാധ്യമോ കര്മപ്രാപ്യമോ അല്ല. ബ്രഹ്മജ്ഞാനിയുടെ മഹിമ നിത്യമാകുന്നു. കര്‍മ്മം കൊണ്ട് വര്‍ധിക്കുകയോ കുറയുകയോ ചെയ്യുന്നില്ല. ബ്രഹ്മവിത്ത് ബ്രഹ്മജ്ഞാനി ബ്രഹ്മമാകുന്നു. ബ്രഹ്മജ്ഞാനിയെ പാപകര്‍മം സ്പര്‍ശിക്കുന്നില്ല എന്ന് ശ്രുതിയും ഉദ്ഘോഷിക്കുന്നുണ്ട്. “ബ്രഹ്മത്തെ അറിയുന്നവന് അതിമൃത്യു (മരണത്തെ അതിജീവിക്കുന്നവന്) അമരന് ആയിത്തീരുന്നു. അമരത്വപ്രാപ്തിക്ക് പരമപദപ്രാപ്തിക്ക് മറ്റൊരുമാര്‍ഗ്ഗവുമില്ല.” എന്നും “ധീരനായ ബ്രാഹ്മണന് ബ്രഹ്മത്തെ അറിഞ്ഞിട്ട് ജ്ഞാനമയനായിത്തീരണം” എന്നും പറയുന്ന ശ്രുതി മോക്ഷസാധനം ജ്ഞാനം തന്നെയാണെന്ന് കാണിച്ചിരിക്കുന്നു.
“ചക്ഷുസ്സുകൊണ്ടോ വാക്കുകൊണ്ടോ മറ്റിന്ദ്രിയങ്ങള്‍കൊണ്ടോ തപസ്സുകൊണ്ടോ കര്‍മ്മം കൊണ്ടോ ബ്രഹ്മത്തെ (ഈശ്വരനെ) സാക്ഷാത്കരിക്കാനാവില്ല. ജ്ഞാനപ്രസാദം കൊണ്ട് വിശുദ്ധചിത്തനായി ധ്യാനനിരതനായാല്‍ ബ്രഹ്മത്തെ കാണാം.
മോക്ഷധര്‍മ്മത്തില്‍ ജന്തു കര്‍മ്മത്താല്‍ ബന്ധിപ്പിക്കപ്പെടുന്നു, വിദ്യയാല്‍ മോചിതനാകുന്നു. അതുകൊണ്ട് സത്യദര്‍ശികളായ ജ്ഞാനികളായ യതിമാര്‍ കര്‍മ്മം ചെയ്യുന്നില്ല. ജ്ഞാനം വിശിഷ്ടമാകുന്നു. യജ്ഞം അതുപോലെയല്ല. ജ്ഞാനംകൊണ്ട് ദുര്‍ഗുണങ്ങളെ തരണം ചെയ്യാം. എന്നാല്‍ യജ്ഞങ്ങള്‍ കൊണ്ടാവില്ല. എങ്ങനെ നോക്കിയാലും ജ്ഞാനം തന്നെയാണ് മോക്ഷസാധനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: