ധര്‍മസൂത്രങ്ങളില്‍ ധര്‍മത്തെ അനുശാസനം ചെയ്യുകയാണ് ഉണ്ടായിട്ടുള്ളത്. അനുശാസനം എന്ന വാക്കില്‍ അന്തര്‍ലീനമായി കിടക്കുന്ന ആശയങ്ങള്‍ നാം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്. ഒരു ആജ്ഞയുടെ ഭാവം അതിലുണ്ട്. ഇതുപോലെ നീ ചെയ്തിരിക്കണം എന്ന് നിര്‍ബന്ധപൂര്‍വ്വം പറയുന്നതാണ് അതിന്റെ സൂചന. വെറുതെ കേട്ട് പോകാനുള്ളതല്ല ധര്‍മ്മം. കേള്‍ക്കുന്നവര്‍ അത് അനുസരിച്ചിരിക്കണം. പക്ഷേ, ആ ധര്‍മ്മത്തെ അനുശാസനം ചെയ്യാന്‍ ആരാണ് അധികാരി ? അത് കേള്‍ക്കാന്‍ അധികാരപ്പെട്ടവര്‍ ആരാണ്? ഈ കാര്യങ്ങളും നാം അറിഞ്ഞിരിക്കണം. സൃഷ്ടിയുടെ നാഥനായ ആ പ്രഭുതന്നെ ശ്രേഷ്ഠമായ ഉപാധികളിലൂടെ മനുഷ്യന് പകര്‍ന്ന് നല്കുന്ന കല്പനകള് ആയതുകൊണ്ടാണ് അനുശാസനാരൂപത്തില്‍ ധര്‍മ്മം ഉപദേശിക്കുന്നത്. ഈ ധര്‍മ്മത്തിന്റെ വക്താവ് ഈശ്വരനാണ്.
കാലത്താല്‍ നിയോഗിക്കപ്പെട്ട ദിവ്യോപാധികളാണ് അവന്റെ പ്രതിനിധികള്‍. അവന്റെ പ്രതിനിധികളെ ആവശ്യം വരുമ്പോള്‍ അവന് ഭൂമിയിലേക്ക് അയച്ച് അവന്റെ ധര്‍മ്മത്തെ അനുശാസിക്കുന്നു. അപ്രകാരം നിയോഗിക്കപ്പെട്ട ദിവ്യോപാധികള്‍ ഈ ലോകത്ത് വരുമ്പോള്‍ അന്തര്‍പ്രചോദനങ്ങളെ ആധാരമാക്കി ഇത്തരം ഉപാധികളുടെ സമീപത്ത് എത്തിച്ചേരുന്ന പക്വമതികളായ ജീവന്മാരോടാണ് ധര്‍മ്മത്തെ അനുശാസനം ചെയ്യുന്നത്. അവരാണ് അത് കേള്‍ക്കാന്‍ അര്‍ഹതപ്പെട്ടവരും നിയോഗിക്കപ്പെട്ടവരും.
അതേ സമയം ഈശ്വരനാല്‍ നിയോഗിക്കപ്പെട്ട അവന്റെ പ്രതിപുരുഷന് ഈ ലോകത്ത് വന്ന് അവന്റെ ധര്‍മ്മത്തെ വിളംബരം ചെയ്യുമ്പോള്‍ അത് കേള്‍ക്കാന്‍ മനുഷ്യമക്കള്‍ക്ക് മാത്രമേ അധികാരമുള്ളൂ എന്നും ധരിക്കരുത്. തഥാതന്റെ ധര്മ്മവചനകള് ശ്രവിക്കാന്‍ മനുഷ്യമക്കള്‍ മാത്രമല്ല, സന്നിഹിതരാവുന്നത്.
ബാഹ്യലോകത്തും സൂക്ഷ്മലകോത്തിലും ഒരുപോലെ നിന്നുകൊണ്ടാണ് തഥാതന് അവന്റെ ധര്‍മ്മത്തെ പ്രഖ്യാപിക്കുന്നത്. സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിന്റെ എല്ലാ തലങ്ങളും ഉള്ളവരെ സാക്ഷിനിര്‍ത്തിക്കൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്. തഥാതന്റെ മുന്നിലെത്തിയവരെ പ്രതിനിധികളായി കണ്ടുകൊണ്ട് വ്യഷ്ടിയിലും സമഷ്ടിയിലും പ്രകടമാകുന്ന ഓരോ ചലനങ്ങളോടും അവന്റെ ധര്‍മ്മം ആഹ്വാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സൃഷ്ടാവായ അവന്റെ ആഹ്വാനത്തെ ഒരു ശക്തിക്കും നിഷേധിക്കാന്‍ സാധിക്കുകയില്ലല്ലോ. അതുകൊണ്ടാണ് അവന്റെ ഉപാധികളായി വരുന്നവര്‍ തപശക്തിയോടെ ലോകത്ത് സഞ്ചരിക്കുന്നത്. യുഗപുരുഷന്മാര് വന്നാലും ജ്ഞാനികള്‍ വന്നാലും തപസ് ചെയ്താല്‍ മാത്രമേ ധര്‍മ്മത്തെ ലോകത്ത് പ്രചരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: