ജനാധിപത്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ജനങ്ങളുടെ സര്വമാനപ്രശ്നങ്ങളും നിശ്ചയിക്കപ്പെടുന്നത് രാഷ്ട്രീയക്കാരാല്‍ നയിക്കപ്പെടുന്ന ഭരണകൂടമാകുമ്പോള്‍ അതിന്റെ പ്രസക്തി ഏറുകയാണ്. രാഷ്ട്രീയരംഗം അശ്ലീലമായാല്‍ അതിന്റെ കെടുതി ജനങ്ങളാകെ അനുഭവിക്കേണ്ടിവരും. ശ്ലീലമുള്ള രാഷ്ട്രീയത്തിനായി പൂര്‍വികരായ പലരും പ്രയത്നിച്ചിട്ടുണ്ടെന്ന് കാണാനാകും. ഒരുകാലത്ത് പോലീസുകാരായിരുന്നു പരിഹാസ്യ കഥാപാത്രങ്ങള്‍. നാടകത്തിലും സിനിമയിലും പ്രസംഗങ്ങളിലുമെല്ലാം പോലീസ് വേഷങ്ങള്‍ സമൂഹത്തിലെ തരംതാണവരുടെ പ്രതീകങ്ങളായി അവതരിപ്പിക്കപ്പെട്ടു.
അതില്‍നിന്നും പൂര്‍ണമായി പോലീസുകാര്‍ കരകയറിയിട്ടില്ലെങ്കിലും മേല്‍ക്കൈ ഇന്ന് അവര്‍ക്കില്ല. ആസ്ഥാനം രാഷ്ട്രീയക്കാര്‍ നേടിക്കഴിഞ്ഞു. കാലുമാറ്റവും കൂടുമാറ്റവും കൈക്കൂലിയും പെണ്‍വാണിഭങ്ങളും എന്നുവേണ്ട സമൂഹത്തിലെ എല്ലാ കൊള്ളരുതായ്മകളിലും രാഷ്ട്രീയക്കാര്‍ക്കുള്ള പങ്ക് നിസ്സാരമല്ല. ഇതില്‍ ഇടതും വലതും എന്നില്ല. പക്ഷപാതമില്ലാതെ എല്ലാവരുടെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. കാമകേളികള്‍ നിശാക്ലബുകളില് മാത്രമല്ല പാര്‍ട്ടി ഓഫീസുകളിലും അരങ്ങേറുന്നതിന്റെ വാര്‍ത്ത വന്നത് കേരളത്തില്നിന്നുതന്നെയാണല്ലൊ. പക്വതയും പാകതയുമുള്ള പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളുടെ മുന്നില്‍ പെറ്റുതളര്‍ന്ന പെണ്ണുങ്ങള്‍ക്ക് പോലും ചെന്നു നില്ക്കാന് ധൈര്യം പോര.
കര്‍ണാടകയിലെ മൂന്നുമന്ത്രിമാര്‍ അടുത്തിടെ രാജി നല്‍കിയത് നേരിട്ടെന്തെങ്കിലും അസാന്മാര്ഗിക പ്രക്രിയയില്‍ മുഴുകിയതിനാലല്ല. ആരോ ചെയ്ത വിക്രിയകള്‍ ഫോണിലൂടെ ലഭിച്ചത് വീക്ഷിച്ചു എന്നതിനാലാണ്. മന്ത്രിമാരും നിയമസഭാംഗങ്ങളും പാലിക്കേണ്ട സദാചാരമര്യാദകള്‍ അവര്‍ വിസ്മരിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണല്ലൊ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അവരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയും സമഗ്രമായ അന്വേഷണത്തിന് തീരുമാനിക്കുകയും ചെയ്തത്. കര്‍ണാടകയിലെ പ്രശ്നം ബിജെപിയെ പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസും മറ്റിതര കക്ഷികളും നല്ലൊരവസരമാക്കുന്നത് സ്വാഭാവികം. ബിജെപി അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ബിജെപിയെ ആക്ഷേപിക്കുന്നവരുടെ മുഖം എത്രമാത്രം വികൃതമാണെന്ന് പറയേണ്ടതില്ലല്ലൊ ? പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി തന്തൂരി അടുപ്പിലിട്ട് ചാമ്പലാക്കുന്നത് ഉത്തരവാദപ്പെട്ട കോണ്‍ഗ്രസ് നേതാക്കളാണെന്ന ആക്ഷേപം അത്രപെട്ടെന്ന് വിസ്മരിക്കാനാകുമോ ? കര്‍ണാടകയുടെ തൊട്ടടുത്ത ആന്ധ്രയിലെ ഗവര്ണറായിരുന്നല്ലൊ എന്‍.ഡി.തിവാരി.
ഒരുവേള കോണ്‍ഗ്രസുകാര്‍ പ്രധാനമന്ത്രിയാക്കാന്‍ പോലും ആലോചിച്ച പടുവൃദ്ധന്. യുപിയില്‍ പലകുറി മുഖ്യമന്ത്രിയായിരുന്ന തിവാരിയെ ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയാക്കാന്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തതാണ്. അദ്ദേഹം എന്തുകൊണ്ടാണ് ആന്ധ്രാഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പോയത് ? രാജ്ഭവന് നഗ്നനൃത്തങ്ങളുടെ വേദിയാക്കുക മാത്രമല്ല തന്റെ രതിവൈകൃതങ്ങള്‍ക്ക് യുവതികളെ ഉപയോഗപ്പെടുത്തി വരികയും ചെയ്തതിനാലല്ലേ ? രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രി രാജിവച്ചൊഴിയാന്‍ കോടതി ഇടപെടേണ്ടിവന്നു.
മാനഭംഗപ്പെടുത്തിയ ശേഷം ഒരു നഴ്സിനെ കൊലപ്പെടുത്തിയതിനാണത്. കേരളത്തിലെ ഒരു മന്ത്രി, തന്നെ യാത്രയ്ക്കിടെ കയറിപ്പിടിച്ചെന്ന് ഒരു സ്ത്രീ പരാതിപ്പെട്ടിട്ടും രാജിവച്ചത് കേസില്‍പ്പെട്ടതിനു ശേഷമാണല്ലോ. കേരള നിയമസഭയ്ക്കകത്ത് വനിതാവാച്ച് ആന്റ് വാര്‍ഡിനെ അപമാനിച്ചതിന്റെ പേരില്‍ ഉടലെടുത്ത കോലാഹലം ഇനിയും കെട്ടടങ്ങിയോ ? ഉത്തരവാദിയായ യുവ എംഎല്‍എയുടെ നിലവിളി കൊലവിളി പോലെ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണല്ലോ. രാഷ്ട്രീയത്തില്‍ കൊമ്പുകുലുക്കുന്ന അച്ഛന് മകനെ തള്ളിപ്പറയുകയും മകന് അച്ഛനെ തള്ളിപ്പറയുകയും ചെയ്യുന്ന രാഷ്ട്രീയ അഭ്യാസങ്ങള്‍ അരങ്ങേറുന്ന നാടാണ് കേരളം. എല്ലാത്തരം വൈകൃതങ്ങളും കേരളരാഷ്ട്രീയത്തിന് പരിചിതമായിരിക്കുന്നു. നിയമസഭയ്ക്കകത്ത് സഭ സമ്മേളിച്ചു കൊണ്ടിരിക്കെ മൂക്കറ്റം കുടിച്ച് സഭയിലെത്തുന്ന എംഎല്‍എ മാരുണ്ടെന്ന് ഒരു മന്ത്രി പരസ്യമായി പറഞ്ഞിട്ട് അധികകാലമായിട്ടില്ലെന്നതും ഓര്‍ക്കണം.
ഇതൊക്കെ പറയുന്നത് കര്‍ണാടകയില്‍ രാജിവച്ചവരെ ന്യായീകരിക്കാനല്ല. മനസ്സിലും പ്രവൃത്തിയിലും അശ്ലീലമുള്ളവരുണ്ടാകാം. സ്ത്രീ-പുരുഷ വ്യത്യാസമൊന്നും അതിലില്ല. തലനാര് തലയില്‍ നില്ക്കുമ്പോള് അതിന് നല്ല ചേലാണ്. കഞ്ഞിയില്‍ വീണാലോ? നിയമസഭയെന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അവിടെ കൂക്കി വിളിക്കലും തുണിപൊക്കലും ചോറും കറിയും വയ്ക്കലും നല്ലതല്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസുകാരും ജനതാദളന്മാരും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത് അതാണ്. അവരെ ആക്ഷേപിക്കുന്ന ബിജെപിക്ക് അപമാനമാണ് ആ മന്ത്രിമാര്‍ ചെയ്തതെങ്കില്‍ അവര്‍ക്ക് മന്ത്രിസഭയില്‍ മാത്രമല്ല ബിജെപിയിലും തുടരാന്‍ അനുവാദം നല്കിക്കൂടാ.
കര്‍ണാടക ബിജെപിയില്‍ സ്വാധീനം ഏതാനും വര്‍ഷത്തിനിപ്പുറം എത്തിപ്പെട്ടവര്ക്കാണ്. കോണ്‍ഗ്രസിലും ദളിലും ഇന്നലെവരെ നിലകൊണ്ടവര്‍ പുതിയ മേച്ചില്പുറം തേടിയെത്തിയവരാണ്. മറ്റുപാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരോ അനുഭാവികളോ ആയവരെ ഉള്‍ക്കൊള്ളാതെ പാര്‍ട്ടിയുടെ അടിത്തറ വികസിക്കില്ലെന്നത് നേരാണ്. അങ്ങനെ എത്തുന്നവരെ ബിജെപിയുടെ പ്രത്യയശാസ്ത്രവും പ്രത്യേകതയും പഠിപ്പിക്കണം. “വ്യത്യസ്തതയുള്ള പാര്‍ട്ടി” എന്ന മുദ്രാവാക്യം ആവര്‍ത്തിക്കുമ്പോള്‍ അതെന്താണെന്ന ധാരണയില്ലാത്തവര്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കും. അത്തരം കാര്യങ്ങള്‍ പഠിച്ച പ്രവര്‍ത്തകരുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം പ്രശ്നങ്ങളില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. ജനസംഘം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും സന്ദേശങ്ങളുമാണ് ബിജെപിയുടെ മുതല്‍ക്കൂട്ട്. അത് നിശ്ചയമില്ലാത്തവര്‍ എവിടെയുണ്ടോ അവിടെയൊക്കെ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ദീനദയാല്‍ജിയുടെ ജീവിതവും പ്രവര്‍ത്തന മാതൃകയും പൊതുപ്രവര്‍ത്തകരുടെ വേദപുസ്തകങ്ങളാകണം.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: