വിദ്യാധിരാജ നഗര്‍ (ചെറുകോല്‍പ്പുഴ): ആചാര്യന്മാര് സമൂഹത്തിന് മാര്‍ഗം തെളിച്ചവരാണെന്നും ആചാര്യാനുസ്മരണം കാലിക പ്രസക്തിയുള്ളതാണെന്നും ശിവഗിരിമഠം സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ശതാബ്ദി സമ്മേളനത്തിന്റെ ആറാംദിവസം ആചാര്യാനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളെ സ്വയം തരണം ചെയ്യുകയും സമൂഹത്തെ ശുദ്ധീകരിക്കാന്‍ വേണ്ടി സ്വയം ആചരിച്ചു കാണിക്കുകയും ചെയ്ത വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ ജീവിതം മാതൃകയാണ്. ആചാര്യന്മാരുടെ വഴികള്‍ പിന്തുടരുന്നതാണ് യഥാര്‍ത്ഥ അനുസ്മരണമെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരോട് കടപ്പാട് ഉള്ളവരായി ജീവിച്ചവരാണ് ആചാര്യന്മാരെന്ന് ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. പരബ്രഹ്മമാണ് യാഥാര്‍ത്ഥ്യം. മറ്റുള്ളത് മായയാണ്. തന്നെ സനാതന സത്യവുമായി ബന്ധപ്പെടുമ്പോഴാണ് മനുഷ്യന് പൂര്‍ണ്ണനാകുന്നത്. പരിമിതിയുള്ള മനുഷ്യന് പരിമിതിയില്ലാത്ത ദൈവത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയില്ല. ദൈവത്തെ മനസ്സിലാക്കാന്‍ മനുഷ്യനെ സഹായിക്കുന്നവരാണ് ഭാരതീയ ഗുരുക്കന്മാര്. മറ്റുള്ളവരില്‍ നിന്നും പഠിക്കാനും കേള്‍ക്കാനും മനസ്സിലാക്കാനും നമുക്ക് കഴിയണം. ജീവന്റെ അടിസ്ഥാനമായ വായു ഇന്നു ജിവനെ നശിപ്പിക്കുന്ന വായു ആയി മാറിയിരിക്കുന്നു. മനുഷ്യന് തന്നെ ചെയ്തു കൂട്ടുന്ന ഇത്തരം ദുഷിച്ച പ്രവൃത്തികളില്‍ നിന്നും സമൂഹത്തെ വീണ്ടെടുക്കാനാണ് ഹിന്ദുമത പരിഷത്ത് പോലെയുള്ള പ്രസ്ഥാനങ്ങളെന്നും ക്രിസോസ്റ്റം പറഞ്ഞു.
പഞ്ചേന്ദ്രിയ പ്രത്യക്ഷമായ പ്രപഞ്ചം സത്യമല്ല എന്നു ബോധ്യപ്പെടുത്തി തരുന്നതാണ് ആചാര്യന്മാരുടെ പ്രവര്‍ത്തികള്‍. അതിനായി അവര്‍ നമ്മുടെ അകക്കണ്ണ് തുറപ്പിക്കുന്നു. പ്രപഞ്ചത്തിലുള്ളതെല്ലാം ഈശ്വരന്റേതാണ് എന്നു മനസ്സിലാക്കി ത്യാഗത്തോടുകൂടി ഭജിക്കുക എന്ന സത്യം ലോകത്തിന് സമര്‍പ്പിച്ചവരാണ് ഭാരതീയ ആചാര്യന്മാരെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിച്ച ആര്.രാമചന്ദ്രന്‍നായര്‍ ഐഎഎസ് അഭിപ്രായപ്പെട്ടു. സ്വാമി നിത്യാനന്ദ സരസ്വതി (ശിവാനന്ദാശ്രമം, പാലക്കാട്), സ്വാമി ഗരുഡ ധ്വജാനന്ദ (തീര്‍ത്ഥപാദാശ്രമം, വാഴൂര്‍), ഡോ.ശിവാനന്ദന് ആചാരി, വി.പി.ജയചന്ദ്രന്, പി.എന്‍.കുമാരന്, കെ.ജി.ശങ്കരനാരായണപിള്ള, എ.ആര്.വിക്രമന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ഹിന്ദുമതമഹാമണ്ഡലം പ്രസിദ്ധീകരിക്കുന്ന പമ്പാ തീര്‍ത്ഥം ത്രൈമാസികയുടെ ശതാബ്ദി സമ്മേളന പതിപ്പ് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പിന് നല്കി സ്വാമി ഋതംഭരാനന്ദ പ്രകാശനം ചെയ്തു. വൈകുന്നേരം സ്വാമി ഉദിത് ചൈതന്യ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: