സ്വാതന്ത്ര ലബ്ധിക്കുശേഷം നമ്മുടെ നാടിന്റെ സ്ഥിതി എന്തായെന്ന് നോക്കുക. വിദേശാടിമത്വത്തില് നിന്ന് മോചിതരായി എന്നാശ്വസിച്ച് നമ്മുടെ യുവാക്കള്‍ മാതൃഭൂമിക്ക് ശോഭനമായൊരു ഭാവി ഭാവനയില്‍ കണ്ടും സ്വയം സമ്പൂര്‍ണതയ്ക്കും സമ്പദ്സമൃദ്ധിക്കും ദൃഢനിശ്ചയം ചെയ്ത് പുരോഗമിക്കുന്ന ദീര്‍ഘദര്‍ശിത്വമുള്ള ഒരു മാതൃരാഷ്ട്രത്തെ സ്വപ്നം കണ്ടു. ഇവിടുത്തെ അതിവിപുലമായ സമ്പത്ത് ഉപയോഗപ്പെടുത്തി ഒരു ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം ഉല്‍ബുദ്ധരായ അവരെ ആശാഭരിതരാക്കി. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, അവരുടെ പ്രതീക്ഷകളെല്ലാം പാടേ തകരുകായണുണ്ടായത്. ഏത് തുറയില്‍ നോക്കിയാലും അധാര്മികരീതികളും അനാശാസ്യ പ്രവണതകളും നശീകരണപ്രക്രിയകളും ഒരോരുത്തരും ശക്തിപ്പെട്ടു വരുന്നതായാണ് കാണുന്നത്. തങ്ങളുടെ കണക്കു കൂട്ടലുകളെല്ലാം തെറ്റിയെന്ന് കാണുമ്പോള്‍ യുവാക്കള്‍ സ്വാഭാവികമായും നിരാശരായിത്തീരുന്നു. അങ്ങനെ മനസ്സിന്റെ സമനില തെറ്റിയ അവര്‍ ഉന്മത്തരെപ്പോലെ പെരുമാറാന്‍ തുടങ്ങും. അക്ഷമരും ക്ഷുഭിതരുമായും മറ്റു ചിലപ്പോള്‍ പരിസരബോധം നഷ്ടപ്പെട്ടും ശോകാകുലരായും കാണപ്പെടും. അങ്ങനെ സമനില തെറ്റിയ മനസ്സും നൈരാശ്യം പൂണ്ട ബുദ്ധിയുമായി ശരീരം കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം അനിയന്ത്രിതമായ ഭോഗേച്ഛയ്ക്കനുസൃതമായിരിക്കുമെന്നതിനാല് അവരുടെ ജീവിതം തന്നെ അമംഗളവും ആപല്ക്കരവുമായിരിക്കും. ദുര്‍ബല ന്യായങ്ങളിലൂടെ തങ്ങള്‍ കാട്ടുന്ന അഴിമതികളൊക്കെ ശരിയാണ് എന്ന് അവര്‍ സമര്‍ത്ഥിക്കുകയും ചെയ്യും. ഈയൊരു ദയനീയ സ്ഥിതി വിശേഷാണ് ഇന്ന് ലോകമെങ്ങും നാം കാണുന്നത്.
ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ തനിച്ചായിരുന്നെങ്കില്‍, വിഷാദനൈരാശ്യങ്ങള് മൂലം, രാഷ്ട്രത്തിന് ഹാനീകരമായ അധാര്‍മിക ശക്തികള്‍ അഴിഞ്ഞാട്ടം നടത്തുന്നത് തടഞ്ഞ് മാതൃഭൂമിയെ സേവിയ്ക്കുക എന്ന പാവന കര്‍ത്തവ്യം നിറവേറ്റാതെ, സ്വധര്‍മം വെടിഞ്ഞ് മൂഢനായ അര്ജ്ജുനന് കര്‍മരംഗത്തില്‍ നിന്ന് ഓടിപ്പോയേനെ. എന്നാല്‍ ഭാഗ്യത്തിന് ശോകമോഹങ്ങള്‍ നീക്കി അര്‍ജ്ജുനന്റെ മനസ്സിന് നവചൈതന്യം പ്രദാനം ചെയ്യാന്‍, നിരാശാഗര്‍ത്തത്തില്‍ നിന്ന് പൊക്കി ആശയൂടേയും ആവേശത്തിന്റെയും കൊടുമൂടിയില് അവരോധിച്ച് ജീവിത പ്രശ്നങ്ങളെ നേരാംവണ്ണം കണ്ടറിയാനുള്ള ഉള്‍കാഴ്ച നല്കാന് -പരമാചാര്യനായ ഭഗവാന് കൃഷ്ണന് കൂടെയുണ്ടായിരുന്നു.
വിദ്ഗദ്ധനാണ് അര്ജ്ജുനന് എന്നതിന് സംശയമില്ല. പക്ഷെ, ചോതോവികാരങ്ങളുടെ വേലിയേറ്റത്തില്‍ ആ വരയോദ്ധാവിന്റെ വൈദഗ്ധ്യമെല്ലാം ഒലിച്ചുപോയി. സമര്‍ത്ഥനായ അര്ജ്ജുനന്,തല്ക്കാലം സാമര്‍ത്ഥ്യം നഷ്ടപ്പെട്ട നിലയിലാണ് നില്‍പ്പ്, കാര്യ വിവരമുണ്ട്, പക്ഷെ കാര്യക്ഷമതയില്ല. പാടവുണ്ട്, പ്രായോഗികതയില്ല. കാര്യക്ഷമതയുടെ ഫലമായാണ് സ്ഥായിയായ നേട്ടങ്ങളൊക്കേയും സാധ്യമായിത്തീരുന്നത്. നമ്മുടെ യുവാക്കള്‍ അഭ്യസ്തവിദ്യരാണ്. അവരുടെ പാടവം അഥവാ കാര്യവിവരം വികസിപ്പിക്കാന്‍ വിദ്യാഭ്യാസത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ നേടിയ അറിവ് കര്‍മരംഗത്ത് പ്രായോഗികമാക്കാന്‍ വേണ്ട കഴിവ് അവര്‍ക്ക് പോരാ. നേടുന്ന അറിവാണ് കാര്യവിവരം അഥവാ പാടവം. കര്‍മരംഗത്ത് ഉപയോഗിക്കാനുള്ള കഴിവാണ് കാര്യക്ഷമത. അഥവാ പ്രായോഗികത. അറിവ് കഴിവായിത്തീരണമെന്ന് ചുരുക്കം.
കാര്യവിവരത്തിന്റെ കാര്യത്തില്‍ നമ്മുടെ നാട് ഇന്ന് വളരെ മേലെയാണ്. പക്ഷേ കാര്യക്ഷമതയുടെ കാര്യത്തില്‍ വളരെ താഴെയും. വീരനായ അര്ജ്ജുനന് പ്രവര്‍ത്തിക്കേണ്ട ഘട്ടം വന്നപ്പോള്‍ വെല്ലുവിളികളെ നേരിടാന്‍ വയ്യാത്ത ഭീരുവിനെപ്പോലെ നിര്വീര്യാനാവാന് കാരണം മനോദൗര്‍ബല്യമാണ്.
സമനിലതെറ്റിത്തകര്ന്ന അര്‍ജ്ജുനന്റെ മനസ്സിനെ ഭഗവാന് ഗീതോപദേശം കൊണ്ട് ചികിത്സിച്ച് ആരോഗ്യ ദൃഢമാക്കുന്നു. തത്ഫലമായി വിഷാദഗ്രസ്തനും കര്‍മവിമുഖനുമായി ഒന്നാമദ്ധ്യായത്തില്‍ നാം കണ്ട അര്ജ്ജൂനന് പതിനെട്ടാം അദ്ധ്യായമായപ്പോഴേയ്ക്കും ഉത്സാഹഭരിതനും കര്മകശലനുമായി കര്‍ത്തവ്യം നിറവേറ്റാന്‍ ദൃഢനിശ്ചയം ചെയ്ത് എഴുന്നേല്ക്കുന്നതായും കാണുന്നു. ഇങ്ങനെ തകര്‍ന്ന മനസ്സിന്റെ കേടുപാടുകള്‍ നീക്കി അതിന്റെ നൈസര്‍ഗികമായ കഴിവ് വീണ്ടെടുക്കുന്ന പ്രക്രിയയാണ് ഗീതിയിലെ പ്രതിപാദ്യം. അതിനാല്‍ രാഷ്ട്ര പുനര്‍നിര്‍മാണത്തിന്റെ കാര്യത്തില്‍ ഈ നിഗുഢസാങ്കേതിക വിദ്യ, മേറ്റ്ന്തിനെക്കാളും അടിയന്തരമായി നമുക്ക് ആവശ്യമാണെന്ന് വരുന്നു. ആധുനിക യുവതലുമുറയുടെ പ്രമാണഗ്രന്ഥമാണ് ഗീത എന്നവകാശപ്പെടുന്നത് അതുകൊണ്ടാണ്.
‘അര്ജ്ജുനരോഗം’ പിടിപ്പെട്ട മനുഷ്യന് പ്രമാദാവസ്ഥയിലേക്ക് നീങ്ങുന്നു. കൃത്യാകൃത്യങ്ങളെ ശരിയായി വേര്‍തിരിച്ചറിയുവാന്‍ കഴിവില്ലാത്തവനായിത്തീരുന്നു. ഉള്ളില്‍ നിന്നുയരുന്ന സംഭ്രമ വികാരങ്ങളുടേയും ക്ഷുഭിത ചിന്തകളുടേയും ധൂമപടലം വിവേക ശക്തിയെ മുടുകയാല് അസ്വസ്ഥനായി അയാള്‍ ഉന്മത്തെപ്പോലെ പെരുമാറുന്നു. തനിക്കും സമുദായത്തിനും ഒരു ശാപമായിത്തീരുകയും ചെയ്യും. ക്ഷുഭിതരായ ചെറുപ്പക്കാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് നിത്യേനയെന്നോണം നടക്കുന്ന സംഭവങ്ങളാണ്. മനസ്സ് ക്ഷോഭിച്ച് വികാരാധീനായി വിവേകം നഷ്ടപ്പെടുമ്പോള്‍ മനുഷ്യന് കാട്ടിക്കൂട്ട അനര്‍ത്ഥങ്ങള്‍ ആണ് ചേഷ്ടകള്‍.
ചുരുക്കിപ്പറഞ്ഞാല്‍ ശരിയാംവണ്ണം ചിന്തിക്കാനോ തീരുമീനിക്കാനോ കഴിവില്ലാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ തന്നെ അഭിമുഖീകരിക്കുന്ന ലൗകികപ്രശ്നങ്ങളുടെ തീവ്രതയില്‍ അന്തം വിട്ട് സ്വയംകൃതാനാര്ത്ഥങ്ങളുടെ ഭാരം താങ്ങാനാവാതെ മനുഷ്യന് വീര്‍പ്പുമുട്ടി കഷ്ടത്തിലാകും. ഇത്തരമൊരു ദയനീയ നിലയിലാണ് ഗീതാരംഭത്തില് അര്‍ജ്ജനനെ നാം കാണുന്നത്. പതിനെട്ടദ്ധ്യായങ്ങളിലൂടെ ആവശ്യമായ ശിക്ഷണം നല്കി അര്‍ജ്ജുനനെ പ്രബുദ്ധനാക്കുന്നു ഗീത.
– സ്വാമി ചിന്മയാനാന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: