കേരളത്തില്‍ റോഡ് അപകടങ്ങളും റോഡ് മരണങ്ങളും തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ഒരു സമഗ്രവും ശക്തവുമായ കര്‍മ്മപദ്ധതി നടപ്പാക്കുമെന്ന ഗതാഗത മന്ത്രി വി.എസ്. ശിവകുമാറിന്റെപ്രസ്താവന സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്തെ ട്രാഫിക് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം മുന്‍വര്‍ഷത്തെക്കാള്‍ 2011-ല്‍ വര്‍ധിച്ചിരിക്കുകയാണ്. 2010-ല്‍ 1950 പേര് മരിച്ചപ്പോള്‍ 2011-ല്‍ അത് 4145 ആയി. പ്രഭാതസവാരിക്കാരും ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുമാണ് റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ അധികവും. കേരളത്തിലെ റോഡുകളുടെ അപര്യാപ്തതയും വാഹനങ്ങളുടെ അപാരമായ വര്‍ദ്ധനയും മാത്രമല്ല റോഡിലെ കുരുതിക്ക് കാരണങ്ങള്‍. മദ്യപിച്ച് വാഹനമോടിക്കുക, അക്ഷമയോടെ അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുക മുതലായവയാണ് കേരളത്തിലെ റോഡപകടങ്ങള്‍ കൂടുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. ഡിജിപി ജേക്കബ് പുന്നൂസ് പറയുന്നത് ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചുമാത്രം 600നും 800നും ഇടയിലുള്ളവര്‍ മരണപ്പെടുന്നു എന്നാണ്. രാത്രികാലങ്ങളില്‍ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്നത് മലയാളി ഡ്രൈവിംഗ് സംസ്കാരത്തിലില്ല. അപകടങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുള്ളത് എറണാകുളം, കൊല്ലം ജില്ലകളിലാണത്രെ.
കേരളം മദ്യ ഉപയോഗത്തില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും മുന്നിലാണ്. പ്രതിശീര്‍ഷ മദ്യോപയോഗം കേരളത്തില്‍ 8.2 ലിറ്ററാണ്. കഴിഞ്ഞ ഓണക്കാലത്ത് മാത്രം മലയാളി കുടിച്ചത് 268 കോടിയുടെ മദ്യമാണെങ്കില്‍ ഡിസംബറില്‍ കേരളം കുടിച്ചുതീര്‍ത്തത് 702.91 കോടിയുടെ മദ്യമാണ്. 21.72 ലക്ഷം കീസ് വിദേശമദ്യവും 8.98 ലക്ഷം കീസ് ബിയറുമാണ് ക്രിസ്മസ് പുതുവത്സരാഘോഷത്തിന് വിറ്റഴിച്ചത്. മദ്യോപയോഗ കണക്കുകള്‍ കൊടുമുടി കയറുന്ന സാഹചര്യം ഉളവക്കുന്ന അപമാനഭാരത്താലായിരിക്കണം ഡിസംബര്‍ മാസത്തെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. കൊച്ചിന് ചേംബര്‍ ഓഫ് ലോയേഴ്സ് ജനറല്‍ സെക്രട്ടറി അഡ്വ. ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരമാണിത്. കേരളത്തിലെ ഖജനാവിന് ഏറ്റവുമധികം വരുമാനം നല്‍കുന്നത് ബിവറേജസ് കോര്‍പ്പറേഷനാണ്. പക്ഷെ ബിവറേജസ് കോര്പ്പറേഷന് കണക്കുകള്‍ക്കപ്പുറം മലയാളി കള്ളും ചാരായവും വ്യാജമദ്യവും അകത്താക്കുന്നു. ബാറുകളിലും ക്ലബുകളിലും വിറ്റഴിക്കുന്ന മദ്യത്തിന് പുറമെയാണ് ഇത്. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കാന്‍ കൂടുതല്‍ നിഷ്കര്‍ഷ ചെലുത്തുമെന്നും മരണങ്ങള് വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും പോലീസ് പദ്ധതിയിടുന്നു. ട്രാഫിക് എന്‍ഫോഴ്സ്മെന്റ് നിയമങ്ങള്‍ മുഖം നോക്കാതെ നടപ്പാക്കാനും തീരുമാനമായി.
കേരളത്തിലെ റോഡുകളില്‍ ഫുട്പാത്ത് എന്ന കാല്‍നടക്കാര്‍ക്ക് വേണ്ടിയുള്ള സ്ഥലങ്ങള്‍ ഇന്ന് വാഹന പാര്‍ക്കിംഗിനും മറ്റും ഉപയോഗിച്ച് ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള സിഗ്നല്‍ വരുമ്പോള്‍ അത് അവഗണിച്ചും വണ്ടി മുന്നോട്ടെടുക്കുന്നതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. പ്രഭാതസവാരിക്കാരെയും ഇരുചക്ര ഉപഭോക്താക്കളെയും സംരക്ഷിക്കാന്‍ നിയമനിര്‍വഹണ സംവിധാനം കര്‍ശനമാക്കാനും പ്രധാന പാതയോരങ്ങളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷക്ക് കമ്പിവേലി മുതലായ സംവിധാനങ്ങള്‍ ഒരുക്കി റോഡ് സുരക്ഷ ഉറപ്പാക്കാനും നീക്കമുണ്ട്. റോഡ് സേഫ്റ്റി കൗണ്‍സിലുകള്‍ സജീവമാക്കാനും പഞ്ചായത്ത് തലത്തില്‍ ഗതാഗത റെഗുലേറ്ററി കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനും പദ്ധതി ഒരുങ്ങുന്നു. പക്ഷെ അപകട മരണങ്ങളുടെ കണക്കുകള്‍ക്കുമുന്നില്‍ മാത്രം ഉയരുന്ന ആശങ്ക മദ്യപാന വരുമാനക്കണക്കിന്റെ ശോഭയില്‍ മങ്ങുന്നതായാണ് അനുഭവം. ബോധവല്കരണം ഊര്‍ജ്ജിതമാക്കുന്നതിനോടൊപ്പം റോഡ് കയ്യേറ്റങ്ങള്‍ തടയാനും ഫുട്പാത്തുകള്‍ നിലനിര്‍ത്താനും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സംവിധാനം ഒരുക്കാനും കൂടി ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: