കോഴിക്കോട്: നവീകരണം പൂര്‍ത്തിയായിട്ടും എഫ്സിഐ സംഭരണകേന്ദ്രങ്ങള്‍ തുറക്കാത്തതിനെത്തുടര്‍ന്ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ റേഷന്‍ വിതരണം അവതാളത്തില്‍.
അസൗകര്യത്തിന്റെ പേരില്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, അങ്ങാടിപ്പുറം എഫ്സിഐ സംഭരണകേന്ദ്രങ്ങളാണ് മൂന്ന് മാസം മുമ്പ് അടച്ച്പൂട്ടിയത്.
നാല്‍പ്പത് വാഗണ്‍ ഭക്ഷ്യധാന്യം ഇറക്കാന്‍ ഈ രണ്ടിടങ്ങളിലും സൗകര്യമുണ്ടാക്കാനാണ് അധികൃതര്‍ ഇവ അടച്ചുപൂട്ടിയത്. അങ്ങാടിപ്പുറത്ത് പതിനാറും കുറ്റിപ്പുറത്ത് ഇരുപതും വാഗണ്‍ ഭക്ഷ്യധാന്യം ഇറക്കുന്നതിനേ സൗകര്യമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ കേന്ദ്രങ്ങള്‍ നിര്‍ദ്ദിഷ്ട രീതിയില്‍ ഒരു മാസം മുമ്പ് നവീകരിച്ചിട്ടും തുറക്കാത്തതാണ് മൂന്ന് ജില്ലകളിലെയും ഭക്ഷ്യവിതരണം അവതാളത്തിലാക്കുന്നത്.
മലപ്പുറത്ത് സംഭരണകേന്ദ്രം ഇല്ലാതായതോടെ കോഴിക്കോട് നിന്നാണ് ഇവിടേക്ക് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നത്. ഏക സംഭരണ കേന്ദ്രമുള്ള വയനാട്ടിലേക്കും സാധനങ്ങള്‍ കൊണ്ടുപോകുന്നത് കോഴിക്കോട് നിന്നാണ്. രണ്ട് സംഭരണകേന്ദ്രമുള്ള കോഴിക്കോട്ട് നിന്ന് രണ്ട് ജില്ലകളിലേക്കും റേഷന്‍ സാധനംകൊണ്ട് പോകുന്നതോടെ എവിടെയും ആവശ്യത്തിന് തികയാതെ വരികയാണ്. എത്തുന്ന സാധനങ്ങള്‍ പരിമിതമായാണ് മൂന്ന് ജില്ലകള്‍ക്കും വിതരണംചെയ്യാന്‍ പറ്റുന്നുള്ളൂ. ഇതോടെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് പലപ്പോഴും സാധനങ്ങള്‍ കിട്ടാതെ വരുന്നു. പലയിടത്തും റേഷന്‍കടകള്‍ ശൂന്യമായ അവസ്ഥയാണ്. ചിലയിടത്ത് കുറച്ച് സാധനങ്ങളുണ്ടാകും. ഇതാവശ്യക്കാര്ക്ക് തികയുകയുമില്ല.
സംഭരണകേന്ദ്രത്തിന്റെ അഭാവത്തിന് പുറമെ കോഴിക്കോട്ടേക്ക് വാഗണില്‍ എത്തുന്ന ഭക്ഷ്യസാധനങ്ങള്‍ കുറഞ്ഞതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്.
കോഴിക്കോട് നിന്ന് മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്ക് ഭക്ഷ്യധാന്യം എത്തിക്കാന്‍ കൂടുതല്‍ തുക റേഷന്‍വ്യാപാരികള്‍ ഒടുക്കേണ്ടതുമുണ്ട്.
എ.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: