ബംഗളുരു: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദക്കേസില് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി വാദിച്ചിരുന്ന കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ ബി.വി. ആചാര്യ രാജിവച്ചു. സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവയ്ക്കണമെന്നു സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നു കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നതായി ആചാര്യ വെളിപ്പെടുത്തി.
ഒരേസമയം അഡ്വക്കേറ്റ് ജനറലിന്റെ പദവിയും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പദവിയും വഹിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂട്ടറുടെ ചുമതല ഒഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നും ആചാര്യ പറഞ്ഞു. പക്ഷേ ജയലളിത കേസില്‍ നിന്നു തന്നെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നും ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്നും ആചാര്യ പറഞ്ഞു. ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യമില്ലെങ്കിലും ഇവര്‍ക്കു പരസ്പരം എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഗവര്‍ണറാണ് ഏ.ജിയെ നിയമിക്കുന്നതെന്ന് ആചാര്യ പറഞ്ഞു. ജയലളിത കേസില്‍ തന്നെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചതു കര്‍ണാടക ഹൈക്കോടതിയാണ്. ഈ സാഹചര്യത്തില്‍ പദവി ഒഴിയാന്‍ താന്‍ തയറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു പദവികളും ഒരു പോലെ കൊണ്ടുപോകുന്നതില്‍ തെറ്റില്ല. 2011 ല്‍ തന്നെ ഏ.ജിയായി നിയമിക്കുമ്പോള്‍ താന്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആണെന്ന കാര്യം സര്‍ക്കാരിന് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഡി.എം.കെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരില്‍ സഖ്യകക്ഷിയല്ലെങ്കിലും ജയലളിത തങ്ങളുടെ ‘സ്വാഭാവിക സഖ്യകക്ഷി’യാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: