“ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോട് പൊറുക്കേണമേ” എന്നായിരുന്നു ക്രൂശിതനായ യേശുവിന്റെ അപേക്ഷ. അറിഞ്ഞുകൊണ്ട് തന്നെയാണ് സിപിഎം നേതൃത്വം ക്രിസ്തുദേവനെ വിപ്ലവകാരിയായും വിമോചകനായും വാഴ്ത്തുന്നത് എന്നും അതുകൊണ്ട് അവരോട് പൊറുക്കരുതെന്നുമാണ് സംസ്ഥാന സമ്മേളനത്തിന് രണ്ടുനാള്‍ മുമ്പ് മുതല്‍ സിപിഎം വിരുദ്ധരായ സഭയുടേയും കോണ്‍ഗ്രസുകാരുടേയും പ്രചരണം. ക്രിസ്തു വിപ്ലവകാരിയായിരുന്നു എന്നതിലും വിമോചകനാണെന്നതിലും ക്രൈസ്തവസഭകള്‍ക്കോ ക്രിസ്തുമത വിശ്വാസികള്‍ക്കോ ഒരു കാലത്തും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വിപ്ലവത്തിന്റെ തത്വശാസ്ത്രവും വിമോചനത്തിന്റെ തന്ത്രവും വര്‍ഗസമരസിദ്ധാന്തത്തില്‍ അധിഷ്ഠിതമായിരുന്നില്ലെന്നതാണ് അവരുടെ തര്‍ക്കം. അത് നൂറ് ശതമാനം ശരിയുമാണ്. യേശുവിന്റെ വിമോചനമാര്ഗത്തെകുറിച്ച് സംശയമുണ്ടായിരുന്നത് സഭയ്ക്കോ സഭാ വിശ്വാസികള്‍ക്കോ അല്ല സഖാക്കള്‍ക്കാണ്.
അവരുടെ ആചാര്യന്മാര് കാലാകാലങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ വിവാദമായത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ‘മാര്‍ക്സാണ് ശരി’ എന്ന് സമര്‍ത്ഥിക്കാനായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ക്രിസ്തുദേവനെ കൂടി വിപ്ലവകാരികളുടെ കൂട്ടത്തില്‍ വരച്ചുകാട്ടിയതാണ്. ക്രിസ്തുവിന്റെ കുത്തക അവകാശപ്പെടുന്നവരെ അത് അലോസരപ്പെടുത്തിയത് സ്വാഭാവികം. അതിശയകരമായി തോന്നിയത് നസ്രേത്തിലെ യേശുവിനോട് കേരളത്തിലെ സിപിഎമ്മുകാര്‍ക്ക് പെട്ടെന്ന് തോന്നിയ ഭക്തിയും ബഹുമാനവുമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമീപനത്തിലെ പ്രകടമായ ഈ മാറ്റത്തെ ‘മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം’ എന്ന സാക്ഷാല്‍ മാര്‍ക്സിന്റെ സൂക്തം കൊണ്ടുതന്നെ വ്യാഖ്യാനിക്കാം. എന്നാല്‍ എന്തുകൊണ്ട് യേശുദേവനും എന്ന സംശയത്തിന് അത് തൃപ്തികരമായ വിശദീകരണമാവുന്നില്ല. അതിനാലാണ് വോട്ട്ബാങ്ക് രാഷ്ട്രീയവും വര്‍ഗീയ പ്രീണനവുമൊക്കെ യേശുപ്രേമത്തിനു പിന്നില്‍ ആരോപിക്കപ്പെടുന്നത്. പിറവത്തിന്റെ പശ്ചാത്തലം കൂടി ആയപ്പോള്‍ ആ ആരോപണങ്ങള്‍ക്ക് ഹലേലുയ പാടുന്നവര്‍ക്ക് ആവേശവും കൂടി.
വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തെ മുറുകെ പിടിക്കുന്നുവെന്നു വാദിക്കുമ്പോഴും ആദ്ധ്യാത്മികാചാര്യന്മാരെ സൗകര്യംപോലെ സ്വന്തമാക്കാന്‍ സിപിഎമ്മിന് സാമര്ത്ഥ്യമേറെയാണ്. അത്തരം അഭ്യാസങ്ങള്‍ക്ക് സൗകര്യം നല്‍കുന്നതാണ് ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെ’ന്ന് ആരോപിക്കുന്നതോടൊപ്പമുളള ‘ഹൃദയമില്ലാത്തവന്റെ ഹൃദയവും ആശയറ്റവന്റെ പ്രത്യാശയുമാണ് മത’മെന്ന മാര്‍ക്സിന്റെ പ്രഖ്യാപനം. കേരളത്തില്‍ തന്നെ കമ്മ്യൂണിസ്റ്റുകാര്‍ ഇടക്കാലത്ത് സമര്‍ത്ഥമായി ‘ഹൈജാക്ക്’ ചെയ്ത ആത്മീയാചാര്യനാണ് ശ്രീനാരായണഗുരുദേവന്‍. ഗുരുദേവനെ വര്‍ഗസമരത്തിന്റെ വക്താവും പ്രചാരകനുമായി വരച്ചുകാട്ടാനുള്ള ശ്രമം പണ്ടേപോലെ ഇപ്പോള്‍ ഫലിക്കുന്നില്ലെങ്കിലും സമ്മേളന കാലങ്ങളില്‍ ശ്രീനാരായണ ഗുരുദേവനെയും സിപിഎം സ്ഥിരമായി പ്രചരണ സന്നാഹങ്ങളില്‍ എഴുന്നള്ളിക്കാറുണ്ട്. തിരുവനന്തപുരം സമ്മേളനത്തില്‍ ശ്രദ്ധേയമായി കണ്ടത് ശ്രീനാരായണഗുരുദേവന്റേയും സ്വാമി വിവേകാനന്ദന്റേയും മാത്രമല്ല വൈകുണ്ഠ സ്വാമികളുടെവരെ പൈതൃകം അവകാശപ്പെടുന്ന തരത്തിലാണ് പ്രചരണമെന്നതാണ്. പക്ഷെ, അവരുടെ അനുയായികള്‍ ആരും അതിനെതിരെ പ്രതികരിച്ചതായോ പ്രതിഷേധിച്ചതായോ കേട്ടില്ല. വിമര്‍ശനവും വിവാദവും യേശുദേവനെ ചൊല്ലി മാത്രമാണ്.
ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്ന സിദ്ധാന്തത്തോട് യോജിക്കാനാവില്ലെങ്കിലും ലക്ഷ്യമെന്തായാലും, എത്ര ഹീനമായാലും, സ്വാമി വിവേകാനന്ദനേയും ശ്രീനാരായണഗുരുദേവനേയും വൈകുണ്ഠസ്വാമികളേയും വിദ്യാധിരാജ ചട്ടമ്പി സ്വാമികളേയും മറ്റും വളരെ വൈകിയാണെങ്കില്‍ കൂടി സിപിഎം നേതൃത്വം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതില്‍, ആ ആചാര്യന്മാരുടെ മാര്‍ഗമാണ് ശരിയെന്ന് വിശ്വസിക്കുന്ന എനിക്ക് വ്യക്തിപരമായി അഭിമാനവും ആഹ്ലാദവുമാണ് അനുഭവപ്പെടുന്നത്. ക്രിസ്തുദേവന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ അദ്ദേഹത്തിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവര്ക്കുണ്ടായ അസ്വസ്ഥതയും അസഹിഷ്ണുതയും തീരെ ഉള്‍ക്കൊള്ളാനും എനിക്കാവുന്നില്ല. അതേയവസരത്തില്‍ വിവേകാനന്ദന് മുതല്‍ വൈകുണ്ഠസ്വാമി വരെയുള്ള ഭാരതീയാചാര്യന്മാരെ അവതരിപ്പിക്കാന്‍ ആവേശം കാട്ടുന്ന സംസ്ഥാന സമ്മേളന സംഘാടകര്‍ ഭാരതത്തിലെയും കേരളത്തിലെയും മറ്റു പല നവോത്ഥാന നായകരെ മറന്നുപോയതെന്തെന്ന് മനസ്സിലാവുന്നുമില്ല. പ്രത്യേകിച്ച്, ചൈനയുടേതുള്‍പ്പെടെയുള്ള വിദേശമാതൃകകളെ തള്ളിപ്പറഞ്ഞുകൊണ്ട്, ഭാരതീയ സാഹചര്യത്തിന് അനുസൃതമായി മുന്നേറാന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രരേഖ ആഹ്വാനം ചെയ്യുന്ന പുതിയ സാഹചര്യത്തില്‍ മനഃപൂര്വമാവില്ലെന്ന് കരുതാം. ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ് മഹാഭാരതവും രാമായണവും പൊതുസ്വത്താണെന്ന വി.എസ്.അച്യുതാനന്ദന്റെ സംസ്ഥാന സമ്മേളനത്തിന്റെ തലേനാളിലെ പ്രസ്താവനയും. ആത്മാര്‍ത്ഥമാണ് ഈ ഭാരതവല്ക്കരണമെങ്കില് അഭിനന്ദനാര്‍ഹമാണത്. അടവുനയമെങ്കില് അപലപനീയവും.
തിരുവനന്തപുരത്ത് തൃക്കണ്ണാപുരത്ത് പ്രദര്‍ശിപ്പിച്ച ‘അന്ത്യ അത്താഴ’ത്തെ അധികരിച്ചുള്ള ഫ്ലക്സ് ബോര്‍ഡാണ് മറ്റൊരു വിവാദമായത്. ‘മുതലാളിത്തത്തിന്റെ അവസാന അത്താഴം’ എന്ന അടിക്കുറിപ്പോടെ തീന്മേശയുടെ മധ്യത്തില്‍ ക്രിസ്തുവിന് പകരം ഒബാമയും ചുറ്റും ക്രിസ്തുശിഷ്യന്മാരുടെ സ്ഥാനത്ത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റേതര രാഷ്ട്രീയ നേതാക്കളേയും വരച്ചുവച്ചു എന്നതാണ് വിവാദകാരണം. എത്രയൊക്കെ, എന്തൊക്കെ പറഞ്ഞാലും, സിപിഎം നേതൃത്വത്തെ ആ വിവാദം പ്രതിരോധത്തിലാക്കിയെന്നതില് സംശയമില്ല. അതുകൊണ്ടാണല്ലോ അരമണിക്കൂറിനുള്ളില്‍ ആ ബോര്‍ഡ് എടുത്തുമാറ്റിയെന്നും അത് പാര്‍ട്ടി പ്രദര്ശിപ്പിച്ചതല്ലായെന്നും പിണറായി വിജയന് തന്നെ പ്രസ്താവിച്ചത്. പാര്‍ട്ടിയോ പാര്‍ട്ടിക്കാരോ പ്രദര്ശിപ്പിച്ചതല്ലെങ്കില് പിന്നെന്തിന് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പാര്ട്ടിക്കാര് അതെടുത്തു മാറ്റണമെന്ന ചോദ്യം പ്രസക്തമെങ്കിലും, തല്ക്കാലം ആ ചോദ്യം അവിടെ നില്ക്കട്ടെ. ആവിഷ്ക്കാര സ്വാതന്ത്ര്യവും അതിന്റെ അപ്പോസ്തലന്മാരുമൊക്കെ ഇപ്പോള്‍ എവിടെപോയി എന്നതാണ് അടുത്ത ചോദ്യം. കമ്മ്യൂണിസ്റ്റുകാരുള്പ്പെടെയുള്ള കോടിക്കണക്കിന് ഹിന്ദുമതവിശ്വാസികള്‍ ആരാധിക്കുന്ന സരസ്വതിയേയും സീതയേയും ഹനുമാനേയും മറ്റും വിവസ്ത്രരായി, വികലമാക്കി വരച്ചു കാട്ടിയ എം.എഫ്.ഹുസൈന് രവിവര്‍മ്മ പുരസ്ക്കാരം നല്കി ആദരിക്കാന്‍ തയ്യാറായത് പിണറായിയുടെ പാര്‍ട്ടി നയിച്ച സംസ്ഥാന സര്‍ക്കാരായിരുന്നു. ആ ചിത്രങ്ങള്‍ക്കും ചിത്രകാരനും എതിരെ ഉയര്‍ന്ന ജനവികാരത്തെ വര്‍ഗീയതയെന്ന് വിളിച്ചധിക്ഷേപിച്ചവര്ക്കൊപ്പമായിരുന്നു അന്ത്യഅത്താഴ ചിത്രത്തിന്റെ പേരില്‍ ഇന്ന് കുമ്പസാരിക്കുന്നവര്‍.
‘അവസാനത്തെ അത്താഴ’ത്തിന്റെ വിഖ്യാത ചിത്രം തന്നെ ലിയണാര്‍ഡോ ഡാവിഞ്ചിയുടെ ഭാവനയാണ്. ഡാവിഞ്ചി ചിത്രത്തെക്കുറിച്ചുപോലും അടുത്തകാലത്ത് ആഗോളാടിസ്ഥാനത്തില്‍ വിവാദം ഉയര്‍ന്നതുമാണ്. ചൂടപ്പംപോലെ വിറ്റഴിഞ്ഞ ‘ഡാവിഞ്ചി കോഡ്’ ഉയര്‍ത്തിയ ആ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഡാവിഞ്ചിയുടെ ചിത്രത്തിലെ ഒരാളെ പില്ക്കാലത്ത് മാറ്റിവരച്ചു എന്നാണ് ആരോപണം. മാത്രമല്ല, യൂറോപ്യന്‍ സമൂഹത്തില്‍ മാത്രമാണ് ക്രിസ്തുവിന്റെ കാലത്ത് തീന്മേശയില് ഭക്ഷണം കഴിച്ചിരുന്നത് എന്ന മറ്റൊരു വാദവും ഉണ്ട്. നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു യേശുവിന്റെ നാടുള്‍പ്പെടെയുള്ള ഏഷ്യാറ്റിക് സമൂഹത്തിന്റെ രീതി. അതുകൊണ്ടുകൂടിയാണ് ഡാവിഞ്ചിയുടെ ചിത്രം വെറും ഭാവന മാത്രമാണെന്ന് പല പ്രശസ്തരും പണ്ട് തന്നെ പറഞ്ഞുവെച്ചിട്ടുള്ളത്. ആ ചിത്രത്തിന്റേയും സന്ദര്‍ഭത്തിന്റേയും ഒരനുകരണം മാത്രമാണ് തൃക്കണ്ണാപുരത്തെ വിവാദചിത്രം. അതില്‍ ക്രിസ്തുവില്ല, അദ്ദേഹത്തിന്റെ ശിഷ്യന്മാരുമില്ല. കൃഷ്ണനെ വികലമായി അവലംബിച്ചും അനുകരിച്ചും, ഓടക്കുഴലും മയില്‍പ്പീലിയും മറ്റും ചൂടി, എത്രയെത്ര കാര്ട്ടൂണുകള് പ്രത്യക്ഷപ്പെടുന്നു. കൃഷ്ണനെ വികൃതമായി ചിത്രീകരിക്കുന്ന എത്രയോ ഗാനരംഗങ്ങള്‍ എത്രയെത്ര ചലച്ചിത്രങ്ങളില്‍ നാം കണ്ടു; കണ്ടുകൊണ്ടേയിരിക്കുന്നു. ആരും പ്രതികരിക്കാറോ പ്രതിഷേധിക്കാറോ പതിവില്ലല്ലോ!
ഇതൊക്കെയായിട്ടും സിപിഎമ്മിന്റെ സ്വീകാര്യത അഹിന്ദുക്കള്ക്കിടയില് തെല്ലും വര്ധിപ്പിക്കാനാവുന്നില്ലെന്നതാണ് വസ്തുത. ജനസംഖ്യയില്‍ പകുതിയോളം അഹിന്ദുക്കള്‍ വസിക്കുന്ന കേരളത്തിലേതുള്‍പ്പെടെ സിപിഎമ്മിന്റെ ആകെ അംഗസംഖ്യയിലെ മതന്യൂനപക്ഷ പങ്കാളിത്തം വെറും രണ്ട് ശതമാനമായി ഇന്നും തുടരുന്നു. ഇത് പാര്‍ട്ടിയുടെ ‘ക്രെഡെന്‍ഷ്യല്‍ റിപ്പോര്ട്ടി’ല്‍ തന്നെ വെളിപ്പെടുത്തുന്ന വസ്തുതയാണ്. അതുകൊണ്ടുകൂടിയാണ് കേരളത്തിലെ ഏറ്റവും വലിയ ‘ഹിന്ദു പാര്‍ട്ടി’യായി സിപിഎമ്മിനെ ചിലര്‍ വിശേഷിപ്പിക്കുന്നത്. ആ പ്രതിഛായ മാറ്റിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം ബോധപൂര്‍വം പലവട്ടം പല രീതിയില്‍ ശ്രമിച്ചതാണ്. പല തന്ത്രങ്ങള്‍ പ്രയോഗിച്ചതാണ്. പക്ഷെ പാര്‍ട്ടിയില്‍ ആരോപിക്കപ്പെടുന്ന, പാര്‍ട്ടി നേതൃത്വം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ‘ഹിന്ദു ഐഡന്റിറ്റി’ അഭംഗുരം തുടരുന്നു. അത് മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേരളത്തില്‍ സിപിഎം അധികാരത്തില്‍ വരുമ്പോള്‍ മതന്യൂനപക്ഷത്തില്‍ നിന്നാവണം മുഖ്യമന്ത്രി എന്ന നിര്‍ദ്ദേശം ഉയരുന്നത്. അക്കാരണത്താലാണ് എം.എ.ബേബിയും തോമസ് ഐസക്കും എങ്ങനെ വീണാലും വീണ്ടും നാലുകാലില്‍ പരിക്കുകള്‍ കൂടാതെ പാര്‍ട്ടിയില്‍ പിടിച്ചുനില്‍ക്കുന്നത്. ബേബിയും ഐസക്കും പഴയകാല സഖാക്കളായ ലോറന്‍സും പാലൊളിയും മാത്രം പോരാ, ന്യൂനപക്ഷത്തില്‍നിന്നുള്ള കൂടുതല്‍ ‘ഷോ ബോയ്സ്’ വേണം എന്ന ഉദ്ദേശ്യത്തോടെയാണ്, അബ്ദുല്ല കുട്ടിയേയും സിന്ധു ജോയിയേയും കെ.എസ്.മനോജിനേയും മറ്റും പാര്‍ട്ടി വളര്‍ത്തിക്കൊണ്ടുവന്നത്. പക്ഷെ വന്നതിനെക്കാള്‍ വേഗതയില്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് പൊടിയും തട്ടി അവരൊക്കെ ശത്രുപാളയത്തേക്ക് പോയി. മറുവശത്ത് പാര്‍ട്ടിക്കെതിരെ ഇടയലേഖനങ്ങളിറക്കുന്നതില് മെത്രാന്മാരും കര്‍ദ്ദിനാള്‍മാരും മത്സരിക്കുന്നു. ന്യൂനപക്ഷവര്‍ഗീയതയെ വഴിവിട്ട് പ്രീണിപ്പിക്കാന്‍ എപ്പോഴൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ പാര്‍ട്ടിക്ക് തിരിച്ചടികളാണ് ലഭിച്ചിട്ടുള്ളത്. എന്നിട്ടും ശമിക്കുന്നില്ല സിപിഎമ്മിന്റെ ന്യൂനപക്ഷ വ്യാമോഹങ്ങള്‍.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: