കൊല്ലം: സി.പി.ഐയുടെ ഇരുപത്തി ഒന്നാമത് സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. സമ്മേളനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എ.ബി ബര്ദന് പറഞ്ഞു. സി.കെ ചന്ദ്രപ്പന് പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
ഇടത് ഐക്യം ശക്തിപ്പെടുത്തണമെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി എ.ബി ബര്ദന് പറഞ്ഞു. ഇക്കാര്യം സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും അപകര്‍ഷതാബോധം മാറ്റിവച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാ യു.പി.എ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് എ.ബി ബര്ദന് നടത്തിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരികയാണ്. ശരിയായ ഇടതുപക്ഷ ബദല്‍ രാജ്യത്ത് ഉണ്ടാകണം. ഇടതുപക്ഷ ഐക്യം ശക്തിപ്പെടാന്‍ എല്ലാവരും ഒന്നിക്കണമെന്നും ബര്ദന് അഭ്യര്‍ത്ഥിച്ചു. രാവിലെ പത്തര മണിക്ക് പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം പി.എ കുര്യന് പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്.
ഉച്ചയ്ക്ക് ശേഷം രാഷ്ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. സി.കെ ചന്ദ്രപ്പനാണ് രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിക്കുക. തുടര്‍ന്ന് ഇന്നും നാളെയും മറ്റന്നാളുമായി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: