കൊച്ചി: പാര്‍ട്ടിയുടെ മന്ത്രിയെ തട്ടിയെടുക്കാന്‍ യു.ഡി.എഫ് ശ്രമിക്കരുതെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്‌ണ പിള്ള പറഞ്ഞു. അത്തരം ശ്രമമുണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് പാര്‍ട്ടി സെക്രട്ടേറിയേറ്റ് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടിയുടെ അഭിമാനത്തിന് ചേരുന്ന തീരുമാനമാകും പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ കൈക്കൊള്ളുക. നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഈ പ്രശ്‌നം ഉന്നയിക്കും. എന്നാല്‍ യോഗത്തിലേക്ക് മന്ത്രിയെ അയക്കില്ലെന്നും പിള്ള പറഞ്ഞു. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ഭാരമായി തോന്നുന്നുണ്ടെങ്കില്‍ അത് പാര്‍ട്ടി ഒഴിപ്പിച്ചു നല്‍കാം. ഗണേഷിനെ പോലൊരു മന്ത്രി പാര്‍ട്ടിയ്‌ക്ക് ഇല്ലെന്നാണ് കരുതുന്നതെന്നും പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തിന് ശേഷം പിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗണേഷ് കുമാര്‍ പാര്‍ട്ടിയ്‌ക്കെതിരായുള്ള നീക്കം തുടര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടിയെടുക്കാം. നടപടിക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത് . മന്ത്രിയ്‌ക്കൊപ്പം പാര്‍ട്ടി അണികള്‍ ആരുമില്ല. വനം വകുപ്പ് അത്രയ്‌ക്ക് ഭാരമാണെങ്കില്‍ തിരികെ കോണ്‍ഗ്രസിന് തന്നെ കൊടുത്താല്‍ മതിയെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
ഗണേഷിന്റെ സ്റ്റാഫില്‍ സി.പി.എമ്മുകാരും സി.പി.ഐക്കാരുമുണ്ട്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പല ഉന്നതരും എന്‍.എസ്.എസ്സും ശ്രമിച്ചു. യു.ഡി.എഫ് പ്രശ്‌നം പരിഹരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിസ്ഥാനം കിട്ടിയത് പാര്‍ട്ടിക്കാണ് വ്യക്തിക്കല്ല. മന്ത്രിയേയും എം.എല്‍.എയെയും തീരുമാനിക്കുന്നത് പാര്‍ട്ടിയാണ് . മുന്നണി വകുപ്പ് മാത്രമാണ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രി തുടരണോയെന്ന് പാര്‍ട്ടിക്ക് തീരുമാനിക്കാം.
നേരത്തെ നടന്ന കോണ്‍ഗ്രസ്(ബി) നേതൃയോഗത്തില്‍ ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് മന്ത്രി പല തീരുമാനങ്ങളുമെടുക്കുന്നത്. മന്ത്രിയുടെ ഓഫിസില്‍ നിന്ന് പാര്‍ട്ടി നേതാക്കളെ ആട്ടിപ്പായിക്കുകയാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പലതവണ താക്കീത് ചെയ്തിട്ടും അനുസരിക്കാത്ത ഗണേഷിനെതിരെ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
യോഗത്തില്‍ താന്‍ പങ്കെടുക്കാതിരുന്നത് സുഖമില്ലാത്തതിനാലാണെന്ന് ഗണേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് പറയാനുള്ളതെല്ലാം പിന്നീട് പറയുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: