തിരുവനന്തപുരം: വിഭാഗീയത ഏതാണ്ട് പൂര്‍ണ്ണമായും അവസാനിച്ചു. പാര്‍ട്ടിയാകട്ടെ ആകപ്പാടെ മെച്ചപ്പെട്ടു. അംഗസംഖ്യ മാത്രമല്ല വര്‍ഗബഹുജനസംഘടനകളും പടര്‍ന്ന് പന്തലിച്ചു. സിപിഎമ്മിന്റെ ഈ അവകാശവാദം പക്ഷേ വോട്ടില്‍ പ്രതിഫലിക്കുന്നില്ല. സംസ്ഥാനസമ്മേളനത്തിന്റെ മുന്നോടിയായി സെക്രട്ടറി പിണറായി വിജയന് പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് പാര്ട്ടിക്കുണ്ടായതെന്ന് അവകാശപ്പെടുന്നത്. ലേഖനത്തിലെ വളര്ച്ചാക്കണക്കാകട്ടെ പല സംശയങ്ങളും ഉണ്ടാക്കുകയാണ്. ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നതിങ്ങനെ:-
…….കോട്ടയം സമ്മേളനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ ഏറെക്കുറെ പ്രാവര്ത്തികമാക്കാനായെന്ന അഭിമാനത്തോടെയാണ് തിരുവനന്തപുരം സമ്മേളനത്തിലേക്ക് പാര്‍ട്ടി എത്തുന്നത്. സംഘടനാപരമായും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും കൂടുതല്‍ കരുത്ത് നേടാനായെന്ന്് ഈ കാലയളവിലെ പാര്‍ട്ടിയുടെ വളര്‍ച്ചയും വികാസവും പരിശോധിച്ചാല്‍ വ്യക്തമാകും.
കഴിഞ്ഞ സമ്മേളനം ചേരുമ്പോള്‍ ആകെ പാര്‍ട്ടിയുടെ അംഗസംഖ്യ 3,36,644 ആയിരുന്നു. ഇപ്പോഴത് 3,70,818 ആയി. 34174 ന്റെ വര്‍ധന. ഘടകങ്ങളുടെ എണ്ണത്തിലും വളര്‍ച്ചയുണ്ടായി. കഴിഞ്ഞ സമ്മേളന കാലയളവില്‍ 26,155 ബ്രാഞ്ചും 1827 ലോക്കല്‍ കമ്മിറ്റിയും 182 ഏരിയ കമ്മിറ്റിയുമായിരുന്നെങ്കില് ഇപ്പോള്‍ 28,525 ബ്രാഞ്ച്, 1978 ലോക്കല്‍ കമ്മിറ്റി, 202 ഏരിയ കമ്മിറ്റി എന്ന നിലയില്‍ വര്‍ധിച്ചു. വര്‍ഗബഹുജനസംഘടനകളുടെ അംഗത്വം 1,49,56,446ല്‍ നിന്ന് 1,82,39,769 ആയി. വര്‍ഗബഹുജനസംഘടനകള്‍ ശക്തിപ്പെട്ടെന്ന് മാത്രമല്ല, പുതിയ സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു……
ഇത്രയും കരുത്തുണ്ടായിട്ടും അത് തിരഞ്ഞെടുപ്പില്‍ പ്രകടമാകാത്തതെന്ത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ചത് 49,21,354 വോട്ടുമാണ്. ഇടതുമുന്നണിക്ക് ലഭിച്ചതാകട്ടെ 7846703 വോട്ടും. സിപിഎമ്മിന്റെയും വര്‍ഗ ബഹുജനസംഘടനകളിലെയും അംഗങ്ങളുടെ പകുതിപോലും വോട്ടായി മാറിയില്ലെന്ന് സാരം. സിപിഎം വലയത്തിലുണ്ടെന്ന് പറയുന്ന ഒരുകോടിയിലധികം പേര് ഇടതുപക്ഷത്തിന് വോട്ടുചെയ്തിട്ടില്ലെന്നുവേണം കണക്കുകളില്‍ നിന്ന് അനുമാനിക്കാന്‍.
വര്‍ഗബഹുജനസംഘടനകളില്‍ വിദ്യാര്ത്ഥിസംഘനടയിലുള്ളവരും ബാലസംഘത്തിലുള്ളവരുമുണ്ടെന്ന ന്യായം നിരത്തിയേക്കാം. എന്നാലും 18 വയസ്സിന് താഴെ ഒരുകോടിയിലേറെപ്പേര്‍ കേരളത്തിലില്ലല്ലൊ. മാത്രമല്ല ഈ പ്രായത്തിന് ചുവടെയുള്ളവര്‍ മുഴുവന്‍ സിപിഎമ്മിന്റെ സ്വാധീനത്തിലാണെന്ന് പറയാന്‍ സാധിക്കുമോ? വിഭാഗീയതയ്ക്ക് നടുവിലും തിരഞ്ഞെടുപ്പ് തോല്‍വിക്കിടയിലും പാര്‍ട്ടി ശക്തിപ്പെടുന്നു എന്ന തോന്നലുണ്ടാക്കി അണികളെ ആശ്വസിപ്പിക്കാന്‍ ബോധപൂര്‍വം സൃഷ്ടിച്ച കണക്കാണോ ഇത്. അതല്ല പാര്‍ട്ടിസെക്രട്ടറിയെ വര്‍ഗ ബഹുജനസംഘനടാനേതാക്കള് കള്ളക്കണക്ക് നല്കി കബളിപ്പിച്ചതാണോ? ഏതായാലും വായനക്കാരെ വിശ്വസിപ്പിക്കാന്‍ പോകുന്ന കണക്കല്ല സിപിഎം സെക്രട്ടറി സ്വന്തം പത്രത്തിലെഴുതിയത്. ഇന്നാരംഭിക്കുന്ന സമ്മേളനത്തിലവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിലുള്ളതും ഇതുതന്നെയാവുമ്പോള് പാര്ട്ടിക്കാര് തലയാട്ടി സമ്മതിച്ചേക്കാം. പക്ഷേ ജനങ്ങള്‍ക്ക് സംശയം തീരാന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: