ന്യൂദല്‍ഹി: ചൈനീസ് മാതൃകയോ ലാറ്റിനമേരിക്കന്‍ മാതൃകയോ അതേപോലെ പിന്തുടരില്ലെന്ന് സി.പി.എം പ്രത്യയശാസ്ത്രരേഖ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുന്ന മാതൃകയായിരിക്കും സി.പി.എം പിന്തുടരുകയെന്നും പ്രത്യയശാസ്ത്രരേഖയില്‍ പറയുന്നു.
ഏപ്രില്‍ നാലിന് കോഴിക്കോട്ട് ആരംഭിക്കുന്ന സി.പി.എമ്മിന്റെ ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് പ്രത്യയശാസ്ത്ര രേഖയാണ് സി.പി.എം ജനറല്‍ സെക്രട്ടറി ഇന്ന് പ്രകാശനം ചെയ്തത്. ആഗോളവത്ക്കരണത്തിനും നവ ഉദാരവത്ക്കരണത്തിനുമെതിരെ പ്രവര്‍ത്തിക്കാന്‍ ലാറ്റിനമേരിക്കന്‍ മാതൃക വളരെ സഹായിച്ചിട്ടുണ്ട്. ചൈനയില്‍ എല്ലാ മേഖലയിലും വന്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അവിടെ അസമത്വവും അഴിമതിയും വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. അതിനാല്‍ ഈ രണ്ട് രാജ്യങ്ങളിലെയും കമ്യൂണീസ്റ്റ് മാതൃകയിലെ നല്ല വശങ്ങള് ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള നയപരിപാടിയായിരിക്കും ആവിഷ്ക്കരിക്കുക എന്നാണ് പ്രത്യയശാസ്ത്ര രേഖ പറയുന്നത്.
ജാതി അടിസ്ഥാനത്തിലുള്ള സ്വത്വ രാഷ്ട്രീയം എതിര്‍ക്കപ്പെടേണ്ടതാണ്. ചൂഷണ വര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിന് ഈ ജാതിവ്യവസ്ഥ വളരെയധികം ദോഷം ചെയ്യുന്നുണ്ട്. അതിനാല്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കപ്പെടേണ്ടതാണ്. സാമ്രജ്യത്വവാദത്തെപോലെ തന്നെ മുസ്ലീം മതമൗലിക വാദം ഇടതുപക്ഷത്തിന് വളരെയധികം ദോഷം ചെയ്തിട്ടുണ്ട്. അതിനാല്‍ അതും എതിര്‍ക്കപ്പെടേണ്ടതാണ്. ഇറാന്, ഇറാക്ക്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ ഇതിന് ഉദാഹരണമാണ്. മുസ്ലിം മത മൗലികവാദത്തിന്റെ ആധിപത്യം അറബ് വസന്തത്തില്‍ പോലും ഉണ്ടായേക്കുമെന്നും രേഖ ആശങ്കപ്പെടുന്നു.
പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനൊപ്പം ബഹുജന പ്രക്ഷോഭങ്ങളും ത്വരിതപ്പെടുത്തണമെന്നും പ്രത്യയ ശാസ്ത്ര രേഖ മുന്നോട്ട് വയ്ക്കുന്നു. ഒരു പക്ഷത്തെ മാത്രം ആശ്രയിക്കുകയെന്നതു നല്ല സമീപനമല്ല. മാവോയിസ്റ്റുകളെ പോലെ വേഗത്തിലുള്ള സായുധ വിപ്ലവം സ്വീകരിക്കരുത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ലമെന്ററി മോഹങ്ങള്‍ക്ക് അടിപ്പെട്ടു റിവഷനിസ്റ്റുകളായി മാറുന്ന സ്ഥിതി അവസാനിപ്പിക്കണം. ഇതിനെതിരേ പാര്‍ട്ടി ജാഗരൂകമായിരിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: