ടു ജി സ്പെക്ട്രം അഴിമതിക്കേസില്‍ ശനിയാഴ്ചത്തെ സിബിഐ കോടതി വിധിക്കു ശേഷം കോണ്‍ഗ്രസ് നേതാക്കളെല്ലാം ആഹ്ലാദം പ്രകടിപ്പിക്കുകയാണ്. പക്ഷേ നിയമജ്ഞന് കൂടിയായ പി.ചിദംബരമാകട്ടെ അപകടം ഒഴിഞ്ഞിട്ടില്ലെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു. ചിദംബരം തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ വ്യക്തിപരമായ നേട്ടമുണ്ടാക്കാന്‍ സ്പെക്ട്രം ഇടപാട് ഉപയോഗപ്പെടുത്തി എന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് നിരീക്ഷണം. ഇതിനെ ഹര്‍ജിക്കാരനായ സുബ്രഹ്മണ്യന്‍സ്വാമി ചോദ്യം ചെയ്തിട്ടുണ്ട്.
വിചാരണക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ കോണ്‍ഗ്രസിന്റെ ആഹ്ലാദത്തിന് അല്പായുസ്സ് മാത്രമെന്ന കാര്യത്തില്‍ സംശയമില്ല. സ്പെക്ട്രം അഴിമതിക്കേസില്‍ ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്നായിരുന്നു ആവശ്യം. സ്പെക്ട്രം വില നിര്‍ണയിക്കുന്ന കാര്യത്തില്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോംമന്ത്രി എ. രാജയെപ്പോലെ ചിദംബരവും കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടി ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമിയാണ് പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചിദംബരത്തെ പ്രതിയാക്കണമെന്ന ആവശ്യം തള്ളുന്നതായി പ്രത്യേക സിബിഐ ജഡ്ജി ഒ.പി. സെയ്നിയാണ് അറിയിച്ചത്.
സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യം നേരത്തെ സുപ്രീംകോടതി കീഴ്ക്കോടതിയിലേക്ക് വിട്ടതാണ്. കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതി ജസ്റ്റിസുമാരായ ജി.എസ്. സിംഗ്വി, എ.കെ. ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നത്. ആഭ്യന്തരമന്ത്രിക്കെതിരായ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ വിചാരണക്കോടതിക്ക് കഴിയുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. എ. രാജയുടെ നേതൃത്വത്തില്‍ അനധികൃതമായി അനുവദിച്ച 122 സ്പെക്ട്രം ലൈസന്‍സുകള്‍ അസാധുവാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇതു പറഞ്ഞത്. സ്പെക്ട്രം അനുവദിച്ചത് ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമായ തരത്തിലാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു. സ്പെക്ട്രം വില നിര്‍ണയിക്കുന്നതിലും ടെലികോം കമ്പനികളുടെ ഓഹരികള്‍ വിദേശസ്ഥാപനങ്ങള്‍ക്ക് വില്ക്കാന് അനുമതി നല്കുന്ന കാര്യത്തിലും രാജയെപ്പോലെ ചിദംബരത്തിനും പങ്കുണ്ടെന്ന് വ്യക്തമാണ്.
അഴിമതി നിരോധന നിയമവും മറ്റ് ക്രിമിനല്‍ നിയമങ്ങളുമനുസരിച്ച് ചിദംബരം പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളാണ് സ്വാമി കോടതിയില്‍ ഹാജരാക്കിയത്. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം സ്പെക്ട്രം നല്‍കുകയെന്ന 2001 ലെ നയം പിന്തുടരാന് ചിദംബരവും മുന്‍ ടെലികോംമന്ത്രി എ. രാജയും സംയുക്തമായി തീരുമാനിച്ച കാര്യം വിധിന്യായത്തില്‍ ജഡ്ജി സമ്മതിച്ചിട്ടുണ്ട്. ടെലികോം കമ്പനികളുടെ ഓഹരികള്‍ വിദേശസ്ഥാപനങ്ങള്‍ക്ക് വില്‍ക്കുന്ന കാര്യത്തിലും ഇരുവരും യോജിച്ചിരുന്നതായും കോടതി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിട്ടും ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാജ മാത്രം ജയിലില്‍ കഴിയുന്നത് ആശ്ചര്യകരമാണെന്ന് ഹര്‍ജിക്കാരനായ സുബ്രഹ്മണ്യന് സ്വാമി അഭിപ്രായപ്പെടുന്നത് സ്വാഭാവികമാണ്. 2001 ലെ നിരക്കില്‍ സ്പെക്ട്രം വില നിര്‍ണയിക്കുന്നതില്‍ ക്രമവിരുദ്ധമായി ചിദംബരം പെരുമാറിയതെങ്ങനെയെന്ന് സ്വാമി തെളിയിച്ചിട്ടില്ലെന്നാണ് ജഡ്ജിയുടെ നിലപാട്. ഇത് വിചാരണവേളയില്‍ മാത്രമേ പുറത്തുവരികയുള്ളൂവെന്ന് സ്വാമിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഴിമതിക്ക് വഴിയൊരുക്കിയ തീരുമാനങ്ങളില്‍ ചിദംബരത്തിനും പങ്കുണ്ടെന്നിരിക്കെ അദ്ദേഹത്തെ പ്രതിയാക്കാന്‍ വിസമ്മതിച്ചത് നിയമവൃത്തങ്ങളില്‍ അദ്ഭുതമാണ് ഉളവാക്കിയിട്ടുള്ളത്. ചിദംബരത്തിന്റെ പങ്ക് കുറ്റകരമാണോ എന്നറിയാന്‍ വിചാരണ ചെയ്യേണ്ടതുണ്ട്. അതിന് സാഹചര്യം സൃഷ്ടിക്കുന്നതിനു പകരം മുന്‍പിന്‍ നോക്കാതെ പ്രതിയാക്കേണ്ടന്ന് തീര്പ്പുകല്പിക്കുന്നത് അനുചിതമാണെന്ന കാര്യത്തില്‍ സംശയമില്ല.
നൂറ്റി ഇരുപത്തിരണ്ട് സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയപ്പോള്‍ മൗനം ദീക്ഷിച്ച കോണ്‍ഗ്രസും കേന്ദ്രമന്ത്രിമാരും ചിദംബരത്തെ പ്രതിയാക്കാത്ത കോടതി വിധി പൊക്കിപ്പിടിച്ചാണ് ആഹ്ലാദിക്കുന്നത്. മാത്രമല്ല എന്‍ഡിഎ ഭരണകാലത്തെ നയം തുടരുക മാത്രമാണ് യുപിഎ ചെയ്തതെന്നും അവകാശപ്പെടുന്നു. എന്‍ഡിഎ ഭരണകാലത്തെ നയങ്ങളെ അംഗീകരിച്ചവരല്ല കോണ്‍ഗ്രസും കൂട്ടാളികളും. എന്‍ഡിഎയുടെ തെറ്റായ നയത്തിനെതിരെ നേടിയ വിജയമെന്ന് കൊട്ടിപ്പാടിയവര്‍ എന്തിന് എന്‍ഡിഎ നയം തുടര്‍ന്നു എന്ന ചോദ്യത്തിന് ഉത്തരം നല്കേണ്ടതല്ലേ ? മാത്രമല്ല എന്‍ഡിഎ 2001ല്‍ നിശ്ചയിച്ച തുകയ്ക്ക് എട്ടു വര്‍ഷത്തിനു ശേഷം സ്പെക്ട്രം നല്‍കിയതിന് എന്തു ന്യായീകരണമാണ് നല്കാനാകുക ? എന്‍ഡിഎ ഭരണത്തില്‍ അഴിമതി നടന്നെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ അതു തെളിയിക്കാനുള്ള ബാധ്യതയും അവര്‍ക്കുണ്ട്. സ്വന്തം വീഴ്ചകളും കള്ളത്തരങ്ങളും മറച്ചുവയ്ക്കാനുള്ള വിഫലമായ ശ്രമങ്ങളാണ് ഇപ്പോഴവര്‍ നടത്തുന്നത്. വിനാശകാലത്തുദിക്കുന്ന വിപരീത ബുദ്ധിയായേ ഇത് കാണാനാകൂ. അഴിമതിയുടെ ചെളിക്കുണ്ടില്‍ പുഴുക്കളെപ്പോലെയാണ് ഇന്നത്തെ കോണ്‍ഗ്രസും കേന്ദ്രമന്ത്രിമാരും. ഘടകകക്ഷികളെ ബലി കൊടുത്ത് ആശ്വസിക്കാനും നിസാരമായ വിധികളുടെ പേരില്‍ ആഹ്ലാദിക്കാനും ഒരുമ്പെടുന്നവര്‍ക്ക് നിരാശപ്പെടാന്‍ ഇനിയധികം കാത്തിരിക്കേണ്ടി വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: