ദ്വൈതമതങ്ങളെ സംബന്ധിച്ച് ഒന്നാമത്തെ വിഷമം ഇതാണ്. നീതിമാനും കാരുണികനും അനന്തകല്യാണനിധിയുമായ ഈശ്വരന്റെ ഭരണത്തില്‍ എങ്ങനെ ഈ ലോകത്തില്‍ ഇത്രയേറെ ദുഃഖങ്ങളും ദോഷങ്ങളും ഉണ്ടാകും? ദ്വൈതമതങ്ങളിലെല്ലാം ഈ ചോദ്യമുണ്ടായിട്ടുണ്ട്. ഇതിന് സമാധാനമായി ഹിന്ദുക്കള്‍ ഒരു ചെയ്ത്താനെ സൃഷ്ടിച്ചിട്ടില്ല. കുറ്റം മനുഷ്യന്റേതുതന്നെ എന്നാണ് ഹിന്ദുക്കളില്‍ എല്ലാ ശാഖക്കാരും ഒരുപോലെ തീരുമാനിച്ചത്. അങ്ങനെ തീരുമാനിക്കാന്‍ അവര്‍ക്കെളുപ്പമായിരുന്നു. കാരണം ജീവന്മാരെ ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ചു എന്ന് അവര്‍ വിശ്വസിക്കുന്നില്ല. നമ്മുടെ ഭാവിയെ രൂപപ്പെടുത്താന്‍ നമുക്ക് കഴിയുമെന്ന് ഈ ജന്മത്തില് തന്നെ നാം കാണുന്നു. നാളത്തെ ഫലത്തിന് ഇന്ന് നാം ഒരുക്കും കൂട്ടുന്നു. മേറ്റ്ന്നാളത്തേതിന് നാളെയും. ഇങ്ങനെ പോകുന്നു. ഈ ന്യായം പിന്നോടിക്കാം. അതില്‍ യുക്തിഭംഗമില്ല. മേലിലുള്ളത് നമ്മുടെ കര്‍മ്മത്താല്‍ നാം വരുത്തുകയാണെങ്കില്‍ ആ നിയമം കഴിഞ്ഞ കാലത്തേക്കും ചേരില്ലേ? ആദ്യന്തമില്ലാത്ത ഒരു ചങ്ങലയില്‍ കുറെ കണ്ണികള്‍ ഇടവിട്ടിടവിട്ടു ചേര്‍ന്നുകാണുന്നു. അതില്‍ കുറെ നീളം എടുത്ത് അതിന്റെ ക്രമം മനസ്സിലാക്കിയാല്‍ മുഴുവന്‍ ചങ്ങലയുടെ ക്രമവും മനസ്സിലായി. ഈ അനന്തമായ കാലശൃംഖലയില്‍ ഒരു ഭാഗം എടുത്തു മനസ്സിലാക്കിയാല്‍, പ്രകൃതി സര്വസമാനമാണെങ്കില്, മുഴുവന്‍ ശൃംഖലയുടെ കാര്യവും അറിവായി. ഈ സ്വല്പകാലജീവിതത്തിനുള്ളില് നമ്മുടെ ഭാവി നാം നിര്‍മ്മിക്കുന്നു എന്നത് വാസ്തവമാണെങ്കില്‍, കാരണമില്ലാതെ കാര്യമില്ലെന്നുള്ളതും വാസ്തവമാണെങ്കില്‍, നമ്മുടെ ഇന്നത്തെ അനുഭവം നമ്മുടെ പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലമാണെന്നുള്ളതും വാസ്തവം തന്നെ. ലോകത്തിലെ ദുഃഖങ്ങള്‍ക്ക് നാം തന്നെ കാരണം. ഇതെല്ലാം നാം വരുത്തിക്കൂട്ടിയതാണ്. ദുഷ്കര്‍മ്മത്തിന് ദുഃഖം ഫലമെന്ന് നാം കണ്ടുവരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ ദുഃഖങ്ങള്‍ക്ക് പൂര്വദുഷ്കര്മ്മം കാരണമാണെന്നും കാണാം. അതുകൊണ്ട് ഉത്തരവാദിത്വം മനുഷ്യന് മാത്രം, ഈശ്വരന്റെ കുറ്റമല്ല. സന്തതകൃപാനിധിയായ ജഗത്പിതാവ് കുറ്റക്കാരനല്ലതന്നെ. ‘നാം വിതച്ചത് നാം കൊയ്യുന്നു.’
ദ്വൈതികളുടെ മറ്റൊരു വിശേഷസിദ്ധാന്തം സര്വ്വജീവന്മാര്ക്കും ഒടുവില്‍ മുക്തിയുണ്ടെന്നാണ്, ആര്‍ക്കും മുക്തിയില്ലാതില്ല. വിവിധാവസ്ഥകളില്‍ക്കൂടെ ബഹുവിധ സുഖദുഃഖങ്ങളനുഭവിച്ച് ഒടുക്കം ഓരോ ജീവനും മുക്തിപദത്തിലെത്തും. എന്തില്‍നിന്ന് മുക്തി? ജീവന് ജഗത്തില്നിന്ന് വിട്ടുപോകണമെന്നാണ് ഹിന്ദുക്കളെല്ലാം വിശ്വസിക്കുന്നത്.
ഈ ദൃശ്യപ്രപഞ്ചമാകട്ടെ, ഒരു സങ്കല്പജഗത്താകട്ടെ, ശരിയായും സത്യമായും ഉള്ളതാവാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ രണ്ടും ഗുണദോഷമിശ്രമാണ്. എന്നാല്‍ ഈ പ്രപഞ്ചത്തിനപ്പുറം ആനന്ദമയവും ദോഷരഹിതവുമായ ഒരു സ്ഥാനമുണ്ടെന്നും, അവിടെയെത്തിയാല്പ്പിനെ ജനന മരണങ്ങള് ഇല്ലെന്നുമാണ് ദ്വൈതികളുടെ വിശ്വാസം. ഇത് അവര്‍ക്ക് വളരെ പ്രിയപ്പെട്ട ഭാവനയാണ്. ഇവിടെ രോഗമില്ല, മരണമില്ല, സദാസമയവും ഈശ്വരസന്നിധിയിലിരുന്ന് ആനന്ദിക്കുക തന്നെ. കീടം മുതല്‍ ദേവന്‍വരെ സര്‍വ്വ ജീവികളും ആ ദുഃഖരഹിതമായ ലോകത്തിലെത്തും. നമ്മുടെ ജഗത്തിന് അവസാനമില്ല. അത് തരംഗംപോലെ പൊയ്ക്കൊണ്ടിരിക്കും. ഒരു കല്പം തീര്‍ന്നാല്‍ മറ്റൊന്നാരംഭിക്കയായി. മുക്തരാകാനിരിക്കുന്ന ജീവന്മാരോ അസംഖ്യം. ചിലര്‍ ഇപ്പോള്‍ സസ്യങ്ങളിലാണ്, ചിലര്‍ തിര്യക്കുകളില്‍, ചിലര്‍ മനുഷ്യരില്‍, ചിലര്‍ ദേവന്മാരില്; ആരും മുക്തരായിട്ടില്ല, ഏറ്റവും വലിയ ദേവന്മാര്പോലുമില്ല. സര്‍വരും ബദ്ധര്‍. ബന്ധമെന്ത്? ജനിക്കേണ്ടിയും മരിക്കേണ്ടിയും വരുന്നത്. ദേവന്മാരും മരിക്കും. ദേവന്മാരെന്നത് ചില സ്ഥാനങ്ങളാണ്. ദേവരാജാവായ ഇന്ദ്രന് എന്നത് ഒരു ഉദ്യോഗപ്പേര്. വളരെ ഉയര്‍ന്ന നിലയിലെത്തിയ ഒരു ജീവന് ഈ കല്പത്തില് ആ സ്ഥാനത്തിരിക്കുന്നു. കല്പാവസാനത്തില് ആ ജീവന് വീണ്ടും ഭൂമിയില്‍ വന്ന് ജനിക്കും. ഈ കല്പത്തില് വളരെ പുണ്യം ചെയ്ത മറ്റൊരു ജീവന് പിന്നെ ആ സ്ഥാനത്ത് കയറും. ദേവത്വമെല്ലാം ആ വിധമാണ്. ആ സ്ഥാനങ്ങളില്‍ അനേകം ജീവന്മാര് ഓരോരുത്തരായി കയറിയിറങ്ങി പിന്നെയും ഭൂമിയില്‍ വന്ന് മനുഷ്യരായി ജനിക്കുന്നു. പരോപകാരി സത്കര്‍മ്മങ്ങള്‍ ചെയ്ത് അതിന് പ്രതിഫലം വേണമെന്നും സ്വര്‍ഗത്തില്‍ പോകണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് അതുണ്ടാകണമല്ലോ. അങ്ങനെ ചിലരാണ് ദേവന്മാരാകുന്നത്. അത് മുക്തിയല്ല; മുക്തി പ്രതിഫലേച്ഛയിന്മേല് കൈവരുന്നതല്ല. മനുഷ്യന് ആഗ്രഹിക്കുന്നതെന്തും ഈശ്വരന് കൊടുക്കും. ശക്തിവേണം, കീര്‍ത്തി വേണം. സ്വര്‍ഗസുഖം വേണം എന്നെല്ലാം മനുഷ്യന് ആഗ്രഹിക്കുന്നു. അതെല്ലാം അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. പക്ഷേ ഒരു കര്‍മ്മഫലവും ശാശ്വതമല്ല. അത് കാലംകൊണ്ട് ക്ഷയിക്കും. കാലം കല്പാവധിയാവാം. എങ്കിലും അതിന്റെ അറുതിയില്‍ ഫലത്തിനും അറുതിവരും. വിഷയവാസന നശിക്കുന്നതുവരെ ‘ഞാന്‍, എന്റെ’ എന്ന പിടിവിടുന്നതുവരെ, ജന്മങ്ങള് ഉണ്ടായിക്കൊണ്ടേയിരിക്കും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: