ഇന്ന് നമ്മുടെ നാടിനെ അഭിമുഖീകരിക്കുന്ന ഗുരുതരവും ഭീകരവുമായ പ്രതിസന്ധി വിരളമായേ ലോകത്തില്‍ ഉണ്ടാകാറുള്ളൂ. എങ്കിലും സ്വന്തം ചരിത്രം മാറ്റിയെഴുതുവാന്‍ തുനിയുന്ന ഏതൊരു അവികസ്വിത രാഷ്ട്രത്തിനും ഇത്തരമൊരു സ്ഥിതിവിശേഷം നേരിടേണ്ടതുണ്ടാവും. പ്രസവവേദനപോലെയാണീയവസ്ഥ. കുട്ടി ജനിക്കണമെങ്കില്‍ അമ്മ വേദനയനുഭവിക്കുകതന്നെ വേണം. പുരോഗതിയുടെ മാര്‍ഗത്തിലൂടെ മുന്നേറുന്ന ജനതയ്ക്ക് ഇത്തരമൊരു പ്രതിസന്ധി തരണം ചെയ്തേ മതിയാവൂ. എങ്കില്‍ അതിനുവേണ്ട കരുത്തും ധൈര്യവും നല്കാന് നമ്മുടെ ആദ്ധ്യാത്മിക സംസ്കാരത്തിന് കഴിയുമോ, ജനങ്ങളെ ആവേശഭരിതരും സ്ഥിരോത്സാഹികളുമാക്കി രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ അവരെ സഹായിക്കുന്ന എന്തെങ്കിലും നമ്മുടെ സംസ്കാരം ഉള്‍ക്കൊള്ളുന്നുണ്ടോ എന്നു നോക്കുന്നത് നന്നായിരിക്കും.
ഇതുപോലൊരു പ്രതിസന്ധി മഹാഭാരതത്തില്‍ കാണാം. ശോകസംമൂഢചിത്തരായ അക്കാലത്തെ യുവാക്കള്‍ക്ക് ഋഷിമാര്‍ നല്കുന്ന സന്ദേശം അതിലുണ്ട്. യുവജനതയുടെ പ്രതിനിധിയാണ് അര്ജ്ജുനന്. അര്‍ജ്ജുനനെ നിമിത്തമാക്കി ഉപദേശിക്കപ്പെട്ട ഭഗവത്ഗീത എല്ലാ പ്രതിസന്ധിക്കും പ്രതിവിധിനല്കുന്നു. ഒരു ആഭ്യന്തര യുദ്ധത്തിന്റെ പ്രക്ഷുബ്ദമായ പശ്ചാത്തലത്തില്‍, അശാന്തിയും സംഘര്‍ഷവും മുറ്റിനില്ക്കുന്ന സംഭ്രമജനകമായ സാഹചര്യത്തില്‍ സംശയിച്ച് നില്ക്കുന്ന അര്‍ജ്ജുനനെ ഗീതയിലെ ഒന്നാമദ്ധ്യായത്തില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. ഇരമ്പുന്ന കടല്‍പോലെ ഏറ്റുമുട്ടാന്‍ വെമ്പി നില്ക്കുന്ന യോദ്ധാക്കളുടെ പോര്‍വിളികളാല്‍ മുഖരിതമായ യുദ്ധക്കളത്തെ മാത്രമല്ല, ദുഃഖകരമായ പ്രസ്തുത സംരംഭം അവിടെ കൂടിയിരിക്കുന്നവരുടെ ഉള്ളില്‍ സൃഷ്ടിച്ച സംഭ്രമത്തേയും അതില്‍ വര്‍ണിച്ചിരിക്കുന്നു. മാനസിക വിഷമങ്ങളാല് ഉള്ളില്‍ സൃഷ്ടിക്കുന്ന അസ്വാസ്ഥ്യം മനുഷ്യനെ ദുര്‍ബലനാക്കുന്നു. വാസ്തവത്തില്‍ ഉള്ളിലെ അരക്ഷിതാവസ്ഥയാണ് വെളിയില്‍ അരാജകത്വമായി പ്രകടമാകുന്നത്. ദൈനംദിനജീവിതത്തില്‍ നേരിട്ട് കാണുന്ന സംഭവങ്ങള്‍ ഇതിന് തെളിവാണ്.
വ്യവസായശാലകളിലും ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്ന പണിമുടക്ക് തുടങ്ങിയ സമരങ്ങള്‍ നോക്കുക. ജീവനക്കാരുടെ അടക്കിപ്പിടിച്ച അമര്‍ഷം അണപൊട്ടുമ്പോഴത്തെ കോളിളക്കമാണ് അവയെന്ന് കാണാം.
മനുഷ്യന്റെ ഈ മാനസികത്തകര്‍ച്ച അര്‍ജ്ജുനനില്‍ ശരിക്കും പ്രകടമായി കാണുന്നുണ്ട്. എക്കാലത്തും ലോകമെങ്ങുമുള്ള മൂഢചിത്തരായ യുവാക്കളുടെ പ്രതിനിധിയായിട്ടാണ് ഭഗവത്ഗീതയില്‍ അര്‍ജ്ജുനനെ ചിത്രീകരിച്ചിരിക്കുന്നത്. അര്ജ്ജുനസ്ഥിതി തികച്ചും ശാസ്ത്രീയമായ രീതിയില്‍ തന്നെ ഒന്നാമദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു.
അസാമാന്യമായ യുദ്ധപാടവം മുന്‍പ് പലപ്പോഴായി പ്രദര്‍ശിപ്പിച്ചിട്ടുള്ള മഹാരഥനായ അര്ജ്ജുനന് യുദ്ധക്കളത്തിന്റെ മദ്ധ്യത്തില്‍ വന്നുനിന്ന് അണിനില്‍ക്കുന്ന ശത്രുസൈന്യത്തെ നോക്കിക്കാണുന്നു. ദുരാഗ്രഹികളും ലോഭികളുമായ കൗരവര്‍ക്ക് സൈന്യബലംകൂടും. എണ്ണത്തില്‍ മാത്രമല്ല, ആയുധ സജ്ജീകരണത്തിലും കൗരവസൈന്യത്തിനാണ് മുന്‍തൂക്കം. ധാര്‍മിക മൂല്യങ്ങളെ ആശ്രയിച്ച് നില്ക്കുന്ന ആദ്ധ്യാത്മികതയുടെ പ്രതീകമായ പാണ്ഡവസൈന്യം അവരോട് എതിരിടാന്‍ മതിയാകില്ല. ഈ ചിന്ത അര്‍ജ്ജനന്റെ സമനിലതെറ്റിച്ചു. ധീരനായ അര്ജ്ജുനന് ഭീരുവിനെപ്പോലെ തളര്‍ന്ന് വിഷാദപരവശനായിപ്പോയി. അധാര്‍മ്മിക ശക്തിക്കെതിരായി തനിക്ക് പോരാടേണ്ടതുണ്ടെന്നും എന്നാല്‍ തല്ക്കാലം തനിക്കതിന് കഴിവില്ലെന്നും കാണുമ്പോള്‍ ഉള്ള മനുഷ്യന്റെ മാനസിക വിഷമാവസ്ഥയെ ‘വിഷാദം’ എന്നുപറയുന്നു.
വീരനായൊരു യോദ്ധാവ് വിഷാദത്തിന്റെ മൂര്‍ദ്ധന്യദശയില്‍ നിര്‍വ്വീര്യനായി മാറിയ ദയനീയ രൂപത്തിലാണ് ഗീതയുടെ ഒന്നാമദ്ധ്യായത്തില്‍ അര്‍ജ്ജുനനെ നാം കാണുന്നത്.
ഇങ്ങനെയൊരു വിഷമവസ്ഥയില്‍ അകപ്പെട്ടാല്‍ കര്‍മ്മ
രംഗത്തുള്ള ബുദ്ധിമാനായ മനുഷ്യന് തന്റെ നിലപാട് ന്യായീകരിക്കാന്‍ പലവാദങ്ങളും തേടിപ്പിടിച്ച്, കര്‍മ്മഭൂമിയില്‍ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനത്തെ സാധുകരിക്കാന്‍ നോക്കും. കര്‍ത്തവ്യകര്‍മ്മങ്ങളില്‍ നിന്നുള്ള ഇത്തരം ഒഴിഞ്ഞുമാറ്റം ഒരുതരം രക്ഷപ്പെടലാണ്. ഈ ഏര്‍പ്പാടാണ് ജീവിതത്തിന് വിലങ്ങുതടിയാകുന്നത്. മനോവീര്യം ക്ഷയിച്ച ഭീരുക്കള്‍ പ്രായേണ കര്‍മ്മവിമുഖരായി ഇത്തരം നിഷ്ക്രിയ ജീവിതം നയിക്കുന്നു. അപ്പോഴൊക്കെ സ്വന്തം നിലപാട് ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ മുടന്തന്‍ ന്യായങ്ങള്‍ തിരഞ്ഞുപിടിക്കുന്നതില്‍ മനുഷ്യബൂദ്ധിക്കുള്ള പാടവം ശ്രദ്ധേയമാണ്.
സ്വന്തം നാടിനോടുള്ള കടമ നിറവേറ്റാന്‍ തനിക്ക് വയ്യ എന്ന അര്‍ജ്ജുനന്റെ നില, ദുര്‍ബല മനസ്സുള്ള സാധാരണ മനുഷ്യവ്യക്തിത്വത്തെയാണ് അര്‍ജ്ജുനനിലൂടെ ശ്രീ വ്യാസഭഗവാന് ചിത്രീകരിക്കുന്നത്.
ലോകത്തില്‍ ഇന്ന് നാം കാണുന്ന സ്ഥിതിയുമായി ഗീതയ്ക്കുള്ള പൊരുത്തം വ്യക്തമാക്കാനാണ് ഈയൊരു പുത്തന്‍ശൈലി സ്വാമികള്‍ കൈക്കൊണ്ടത്. ‘മനസ്സ്’ തകര്‍ന്ന നിലയില്‍ ‘അര്‍ജ്ജുന സ്ഥിതി’യിലാണിപ്പോള്‍ നമ്മുടെ യുവതലമുറ എന്നുപറയാം.
-സ്വാമി ചിന്മയാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: