ശ്രീചക്രമേത ദുരിതം പരദേവതായാഃ
ശാക്തസമ്പ്രദായം പിന്തുടരുന്നവര് ആരാധിക്കുന്നതാണ് ശ്രീചക്രം. ഇത് പരാശക്തിയുടെ പ്രതീകമാണ്. പരമേശ്വരനെ പിതാവായും പരാശക്തിയെ മാതാവായും കരുതുന്നു. അരൂപിയായ ഈശ്വരനെ സമൂഹമനസുകള്ക്ക് മനസിലാക്കുന്നതിന് മാനവികത നല്‍കുകയേ വഴിയുള്ളൂ. അതുകൊണ്ടുതന്നെയാണ് ഈശ്വനെ സ്ത്രീയായോ പുരുഷനായോ വ്യവഹരിക്കാന്‍ സാദ്ധ്യമല്ലെങ്കിലും മതപരമായി ദേവതാരൂപങ്ങളെ സ്ത്രീപുരുഷരായി സങ്കല്പിച്ച് അവയെ ഈശ്വര കലകളായും, മനുഷ്യന് ഗുണപ്രദായികളായി വര്‍ത്തിക്കുന്ന ശക്തികളായും കരുതി ആരാധിക്കുന്നത്. ഈ തത്ത്വത്തിന്റെ അടിസ്ഥാനം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്രോതസ്സായിട്ടാണ്. അഗ്നിയും ചൂടും പോലെ വാക്കും അര്‍ത്ഥവും പോലേയാണ് ഇത്. ശിവശക്തികളെ വേര്‍പിരിക്കാനാവില്ല. ത്രിമൂര്‍ത്തികളുടെ സ്ത്രീശക്തികളായ സരസ്വതി, പാര്‍വതി, ലക്ഷ്മി എന്നിവരെ പ്രധാന ദേവതകളായാണ് ആരാധിക്കുന്നത്.പാര്‍വതീ ദേവിയെയാണ് പൂജാജപധ്യാനാദികള്ക്കായി പ്രാര്‍ത്ഥിക്കുന്നത്. ദുര്‍ഗ്ഗ, കാളി, ലളിത സ്വരൂപങ്ങളായിട്ടാണ് പാര്വ്വത്യാരാധന വിപുലമായി കാണുന്നത്. ശ്രീചക്രം പാര്‍വതിദേവിയുടെ ലളിതസ്വരൂപമായി കാണുന്നു. യന്ത്രരൂപത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വരകളും കോണുകളും ഉള്‍പ്പെട്ട ജ്യാമിതീയ രേഖകളായാണ് തോന്നുക. മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്ദശാരം ബഹിര്ദശാരം, ചതുര്ദശാരം അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്.
നടുവില്‍ ബിന്ദുവിന് ശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിച്ഛേദിക്കുമ്പോള് 43 ത്രികോണങ്ങളായിരിക്കും. ഇതില്‍ ത്രികോണം, അഷ്ടകോണം, അന്തര്ശാരം, ബഹിര്ദശാരം, ചതുര്ദശാരം ഇവ അടങ്ങിയിരിക്കും. ഇതിന് ചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ട് ചക്രവും അവയെ ചുറ്റ് മൂന്ന് വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാല് ഭൂപുരത്തോടുകൂടിയ ചതരുശ്രവും കൂടിയതാണ് ശ്രീചക്രം. അതീന്ദ്രിയവും അനിര്‍വചനീയവുമായ മാതൃശക്തിയാണ് പരമമായ സത്യം. ഈ ശക്തി എന്ന പ്രതിഭാസമായിട്ടാണ് ശ്രീചക്രം പ്രതിനിധാനം ചെയ്യുന്നത്.
താളിയോല, സ്വര്‍ണം, വെള്ളി, ചെമ്പ് തുടങ്ങിയ ലോഹത്തകിടുകളില് ശ്രീയന്ത്രം വരച്ചെടുക്കുകയാണ് ഭൂപ്രസ്താരം. സ്വര്‍ണം, വെള്ളി, ചെമ്പ്, നാഗം, ഈയം എന്നിവ ചേര്‍ത്തുണ്ടായ പഞ്ചലോഹക്കൂട്ടിലാണ് ഇവ നിര്‍മ്മിക്കാറുള്ളത്.
പി.രാമചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: