യോഗങ്ങളുടെയെല്ലാം അടിസ്ഥാനമാണ് തപസ്. ഗീതയില്‍ ഭഗവാന് ശാരീരികം, മാനസികം, വാചികം എന്ന മൂന്നുതരം തപസിനെപ്പറ്റി പറയുന്നു. ശൗചം, ആര്‍ജ്ജവം, ബ്രഹ്മചര്യം എന്നിവ ശാരീരികതപസാണ്. മനഃക്ഷോഭമുണ്ടാക്കാത്തതും സത്യവും പ്രിയവുമായ വാക്കുകള്‍ പറയുക, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുക എന്നിവയാണ് വാചികതപസ്. ഈ നിയമം അനുസരിക്കണമെങ്കില് നാം നമ്മുടെ അനാവശ്യവും ദ്രോഹകരവുമായ വാക്കുകള്‍ ഉപേക്ഷിക്കണം. മനഃപ്രസാദം, സൗമ്യത്വം, മൗനം, ഇന്ദ്രിയസംയമം, ഹൃദയശുദ്ധി – ഇവയാണ് മാനസതപസ്സ്. ഈ തപസ്സുകളൊക്കെ ദൃഢമായ ശ്രദ്ധയോടെ തീവ്രമായി അനുഷ്ഠിക്കണം. എന്നുമാത്രമല്ല, വിശാലമായ കാഴ്ചപ്പാടും വേണം. ആദ്ധ്യാത്മജീവിതത്തില്‍ നാം ശ്രീഷ്ണനുപദേശിച്ച കര്‍മ്മഫലത്യാഗവും, ശ്രീശങ്കരനുപദേശിച്ച ആത്മവിശകലനവും ശ്രീചൈതന്യനുപദേശിച്ച ഈശ്വരപ്രേമവും സ്വീകരിക്കണം. ഈ പടികളെല്ലാം ജീവാത്മാവിനെ തന്റെ ദിവ്യസ്വരൂപം സാക്ഷാത്കരിക്കാന്‍ സഹായിക്കും.
വ്യക്തി സമഷ്ടിയില്‍നിന്ന് അഭിന്നനാണ്. മനഃശുദ്ധിയാലുണ്ടാവുന്ന അപരോക്ഷാനുഭവത്തില് കാണുന്ന സത്യമാണിത്. യോഗമാര്ഗങ്ങളിലെല്ലാം പ്രേമമാണ് സാധനയുടെ ഉറവിടം; പരമാത്മൈക്യം മനുഷ്യരാശിയോടുള്ള ഐക്യത്തിലേക്ക് പിഴയ്ക്കാതെ നയിക്കുന്നു. തിരുനാമം ജപിച്ചും സര്‍വ്വഹൃദയങ്ങളിലും വസിക്കുന്ന ദിവ്യചൈതന്യത്തെ സദാ സ്മരിച്ചും ഭക്തന് സ്വജീവിതം മധുരമാക്കുകയും തന്റെ ‘അഹ’ത്തെ ദിവ്യബോധത്തില്‍ ലയിപ്പിക്കാന്‍ പഠിക്കുകയും ചെയ്യുന്നു. അയാളുടെ വ്യക്തിബോധം പ്രപഞ്ചബോധത്തില്‍, തിര സമുദ്രത്തിലെന്നപോലെ, ലയിക്കുന്നു. ‘സ്വരൂപത്തില്‍ ഞാന്‍ ബ്രഹ്മം തന്നെ, പരമാത്മാവുതന്നെ’ എന്ന് അയാള്‍ അനുഭവിക്കുന്നു. ഈ അനുഭവമാണ് ജ്ഞാനികളിലെല്ലാം നാം കാണുന്ന ആനന്ദത്തിന്റെ ഉറവിടം. താന്‍ നിത്യമായ നിലനില്പിനും അഭിന്നനാണെറിയുമ്പോള്, വ്യക്തിജീവന് ആനന്ദമയമായ ചൈതന്യവുമായി ഏകീഭവിക്കുമ്പോള്‍, വ്യക്തി മനുഷ്യരാശിയോടുള്ള ഐക്യം സാക്ഷാത്കരിക്കുന്നു. സര്‍വഹൃദയങ്ങളിലും പ്രതിഫലിച്ചുകാണുന്ന ദിവ്യകാരുണ്യവും പ്രേമവും എല്ലാവര്ക്കും അല്പമെങ്കിലും കാണാം. അപ്പോള്‍ ജീവിതത്തില്‍ അതൃപ്തിക്ക് പകരം ശാന്തി വളരുന്നു; അത് ഭൂമിയിലെ സ്വര്‍ഗമാകുന്നു. അദ്ധ്യാത്മാര്ഗ്ഗം ക്ലേശത്തിലാവും തുടങ്ങുന്നത്; എന്നാല്‍ ആത്മാവിന്റെ ഐക്യം സാക്ഷാത്കാരമായി അനുഭവിക്കുന്നതോടെ ഇരുളിലകപ്പെട്ടവര്ക്ക് വെളിച്ചമെത്തിക്കാന്‍ സാധിക്കും. അങ്ങനെ സ്വന്തം സുഖത്തിനും ശാന്തിക്കും മാത്രമല്ല, മറ്റുള്ളവരുടെ സുഖശാന്തികള്ക്കും ആദ്ധ്യാത്മികാനുഭവം ആവശ്യമാണ്.
– യതീശ്വരാനന്ദ സ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: