കൊച്ചി: ആത്മഹത്യാശ്രമത്തിന് ശിക്ഷനല്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 309 ാം വകുപ്പ് റദ്ദാക്കണമെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ദേശീയ പ്രസിഡന്റ് ഡോ. റോയ് എബ്രഹാം കള്ളിവയലില്‍ ആവശ്യപ്പെട്ടു. ആത്മഹത്യക്ക് ശ്രമിക്കുന്നവരില്‍ 80 ശതമാനം പേരും മാനസികപ്രശ്നങ്ങള്‍ ഉള്ളവരാണ്്. ഇവര്‍ക്ക് ചികിത്സ നല്‍കുന്നതിനുപകരം തടവ് ശിക്ഷയോ പിഴയോ അഥവാ രണ്ടും കൂടിയോ നല്കുന്ന ശിക്ഷാനിയമം മനുഷ്യത്വ രഹിതമാണെന്ന് സൈക്യാട്രിക് സൊസൈറ്റിയുടെ 64 ാം ദേശീയ സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ ഡോ. റോയ് എബ്രഹാം പറഞ്ഞു.
ആത്മഹത്യക്ക് ശ്രമിക്കുന്നവര്‍ക്ക് നിയമപരമായി മാനസികാരോഗ്യസഹായങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ഗുരുതരമായ പത്ത് രോഗങ്ങളില്‍ അഞ്ചെണ്ണം മാനസിക രോഗങ്ങളാണ്. എന്നാല്‍, രാജ്യത്തെ മെഡിക്കല്‍ ബിരുദ പാഠ്യക്രമത്തില്‍ മാനസിക രോഗങ്ങള്‍ക്ക് കാര്യമായ പ്രസക്തിയില്ല. പ്രാഥമികാരോഗ്യ തലത്തില്‍ മാനസിക രോഗങ്ങളെ തിരിച്ചറിയാന്‍ ആവശ്യമായ പരിശീലനം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണം. ജനകീയ പങ്കാളിത്തത്തോടെ വിവിധ ശ്രേണിയിലുള്ളവരെ പങ്കെടുപ്പിച്ച് മാനസികാരോഗ്യ പദ്ധതി എല്ലാ തലങ്ങളിലും എത്തിക്കുവാന്‍ സൈക്യാട്രിക് സൊസൈറ്റി മുന്‍കൈയെടുക്കും. 50 ശതമാനം മാനസികപ്രശ്നങ്ങളും ഉടലെടുക്കുന്നത് കുട്ടിക്കാലത്തും കൗമാരപ്രായത്തിലുമാണ്.
സ്കൂള്‍ മാനസികാരോഗ്യ പദ്ധതിയിലും വൃദ്ധജനങ്ങളുടെ മാനസികാരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും സൈക്യാട്രിക് സൊസൈറ്റി സജീവ നേതൃത്വം വഹിക്കുമെന്ന് ദേശീയ പ്രസിഡന്റ് ഡോ. റോയി എബ്രഹാം പറഞ്ഞു. നാല്ദിവസത്തെ സമ്മേളനത്തില്‍ വിദേശ പ്രതിനിധികളടക്കം 3000 ത്തിലധികം മാനസികവിദഗ്ധര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: