പള്ളുരുത്തി: പഞ്ഞ മാസക്കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമാവുന്ന രീതിയില്‍ മൂന്നുവര്‍ഷം മുമ്പ് രൂപം കൊടുത്ത മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി അട്ടിമറിക്കാന്‍ നീക്കം. മത്സ്യത്തൊഴിലാളി ക്ഷേമബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് പ്രയോജനകരമാം വിധത്തിലാണ് പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. ഓഗസ്റ്റ് മാസം ആരംഭിച്ച് 12 തവണകളായി എഴുപതു രൂപ വീതം ഒരംഗം മത്സ്യഫെഡില്‍ അടക്കണം. 12 മാസം പൂര്‍ത്തിയാകുമ്പോള്‍ തൊഴിലാളികളുടെ ഇറക്കുസംഖ്യയുടെ ഇരട്ടിതുക ലഭ്യമാക്കുന്നതാണ് പദ്ധതി. ഈ നിലയ്ക്ക് 1680 രൂപ തൊഴിലാളിക്ക് ലഭ്യമാകും.
ഫിഷറീസ് വകുപ്പിന്റെ ജില്ലാ ആസ്ഥാനങ്ങളില്‍ എത്തി തൊഴിലാളികള്‍ തന്നെ കൈപ്പറ്റുകയാണ് മുന്‍വര്‍ഷങ്ങളിലെ രീതി- എന്നാല്‍ ഫിഷറീസ് വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അതാത് പ്രദേശത്തെ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് ചേര്‍ന്നാല്‍ മാത്രമേ വരും മാസങ്ങളില്‍ തുക സ്വീകരിക്കു എന്ന നിലപാട് ഫിഷറീസ് വകുപ്പ് ജില്ലാ ആസ്ഥാനങ്ങള്‍ തീമാനിച്ചിരിക്കുകയാണ്. ഫിഷറീസ് വകുപ്പിന്റെ ഈ തീരുമാനം മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ സമാശ്വാസപദ്ധതിയുടെ ഭാഗമായിതരുന്ന തുകതന്നെ വേണ്ടിവരും ബാങ്കില്‍ അക്കൗണ്ട് ചേരുവാനെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ തീരുമാനം തൊഴിലാളിവിഭാഗത്തിന്റെ പ്രതിഷേധത്തിനുകാരണമായിട്ടുണ്ട്. സഹകരണസംഘങ്ങളിലെ ആക്കൗണ്ട് ഭൂരിപക്ഷം തൊഴിലാളികള്‍ക്ക് ഉണ്ടെങ്കിലും നാഷണലൈസ്ഡ് ബാങ്കില്‍ നിര്‍ബ്ബന്ധിത അക്കൗണ്ട് എടുപ്പിക്കുന്നത് ശരിയല്ലെന്നും പറയപ്പെടുന്നു. അതേസമയം സീറോപ്രസന്റ് അക്കൗണ്ടിന് ബാങ്കുകളെ സമീപിക്കാന്‍ മത്സ്യഫെഡ് ഓഫീസില്‍നിന്നും അറിയിച്ചുവെങ്കിലും പല ബാങ്കുകളും അക്കൗണ്ട് നല്കുവാന് തയ്യാറാകാത്തത് മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. തങ്ങളുടെ ബുദ്ധിമുട്ട് കാണിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബുവിന് പരാതി നല്‍കിയെങ്കിലും മന്ത്രിയുടെ പക്കല്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും പറയുന്നു.
റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം സീറോബാലന്‍സ് അക്കൗണ്ട് അനുവദിക്കാന്‍ പൊതുവില്‍ നിര്‍ദ്ദേശമുണ്ടെങ്കിലും മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഇത് പാലിക്കപ്പെടുന്നില്ല. കോണ്‍ഗ്രസ് മന്ത്രിസഭ അധികാര മേറ്റയുടനെ സമാശ്വാസ പദ്ധതി തുടരേണ്ടതില്ലെന്ന് തീരുമാനമെടുത്തിരുന്നുവെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ ഈ വിഷയത്തില്‍ പ്രത്യേക സബ്ബ് മിഷന് ഉന്നയിച്ചതുകൊണ്ട് പദ്ധതി തുടരാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: